തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയ മന്ത്രി, ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങൾ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്താനാണ് ശ്രമം. ധാരണാപത്രത്തിൽ ഒപ്പിടുന്നത് സിപിഐ മന്ത്രിമാർക്കു പുറമേ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാധ്യമ വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. […]









