
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് വിഴിഞ്ഞം തീരം. ഇവിടം സന്ദര്‍ശിക്കുന്നത് വിശ്രമത്തിനും വിനോദത്തിനും തീരസൗന്ദര്യക്കാഴ്ചയ്ക്കുമെല്ലാം ഉതകുന്നതാണ്. തീരഭംഗി ആസ്വദിച്ചുകൊണ്ടുള്ള നടത്തം വിനോദയാത്രികര്‍ക്ക് പുതിയൊരനുഭവം സമ്മാനിക്കും.
തെളിഞ്ഞ വെള്ളത്തിനും പാറക്കെട്ടുകള്‍ക്കും പേരുകേട്ട ഇടമാണിത്. ഇവയുടെ സമന്വയം അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍ പ്രദാനം ചെയ്യും.ബീച്ചില്‍ ജലവിനോദങ്ങളിലേര്പ്പെടുകയും ചെയ്യാം. സമീപത്ത് സംസ്ഥാനത്തിന്റെ അഭിമാന സ്തംഭമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്ഥിതി ചെയ്യുന്നു.
സാഗരിക മറൈന്‍ റിസര്‍ച്ച് അക്വേറിയമാണ് മറ്റൊരു ആകര്‍ഷണം. പലതരം വര്‍ണ മത്സ്യങ്ങളെ ഇവിടെ കാണാനാകും. പവിഴപ്പുറ്റുകളുടെ അതിശയകരമായ ശേഖരം ഉള്‍ക്കൊള്ളുന്ന ഒരു റീഫ് ടാങ്കുമുണ്ട്. കൂടാതെ, കുറുംകല് കുന്നിന് മുകളില്‍ വിഴിഞ്ഞം ലൈറ്റ് ഹൗസ് തലയുയര്‍ത്തി നില്ക്കുന്നു. 1925ല്‍ നിര്‍മ്മിച്ച ഈ ലൈറ്റ് ഹൗസ് സമുദ്ര നിരപ്പില്‍ നിന്ന് 57 മീറ്റര്‍ ഉയരത്തിലാണ്.
മുകളിലേക്ക് എത്താന്‍ 144 പടികളുണ്ട്. മുകളില്‍ നിന്ന്, അറബിക്കടലിന്റെ വിശാലമായ കാഴ്ച സാധ്യമാകും. ദീര്‍ഘ നടത്തത്തിനും സൈക്ലിംഗിനും ലൈറ്റ് ഹൗസ് റോഡ് മികച്ചതാണ്. തീരത്ത് നിരവധി ഭക്ഷണശാലകളുമുണ്ട്. താമസത്തിന് അനുയോജ്യമായ ഹോട്ടലുകളും റിസോര്‍ട്ടുകളും സുലഭം. ഒപ്പം മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന്റെ അത്യപൂര്‍വ കാഴ്ചകളും സാധ്യമാകും.