മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സയീദ് അബ്ബാസിന്റെ മ്യൂസിക്കില്‍ ബിന്‍സ് ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ലുക്കും സിനിമയില്‍ ചില ഷോര്‍ട്ടുകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സിനിമയിലെ നടന് സുമിത് നവലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ബിജോ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന് നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്, ബാബു ആന്റണി, ഹക്കീം ഷാജഹാന്, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
The post ബസൂക്കയിൽ മമ്മൂട്ടിക്കായി പാടിശ്രീനാഥ് ഭാസി; ഗാനം പുറത്ത് appeared first on Malayalam Express.