മാഡ്രിഡ്: സ്വന്തം സാന്റിയാഗോ ബെര്‍ണബ്യൂവിലും രക്ഷയില്ലാതെ റയല്‍ മാഡ്രിഡ്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണല്‍ രണ്ടാം പാദ ക്വാര്‍ട്ടറിലും വിജയക്കൊടി പാറിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തി. ഇന്നലെ റയലിനെ തോല്‍പ്പിച്ചത് 2-1ന്. കഴിഞ്ഞയാഴ്ച്ച സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും വിജയിച്ചിരുന്നു. ആകെ ഗോള്‍ നേട്ടം 5-1നാണ് സ്പാനിഷ് വമ്പനെ ആഴ്സണല്‍ മുക്കിയത്.
ഫൈനലിന്റെ പ്രതീതി ജനിപ്പിച്ചാണ് ബെര്‍ണബ്യൂവില്‍ കളി പുരോഗമിച്ചത്. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ കാഴ്ച്ചവച്ചു. തുടക്കത്തിലേ തന്നെ റയല്‍ ഗോളിട്ടെങ്കിലും ഓഫ് സൈഡായി. മികച്ച നീക്കങ്ങള്‍ രണ്ട് ഭാഗത്തേക്കും ഉണ്ടായെങ്കിലും ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിലും മികവോടെ കളി തുടര്‍ന്നു. അതിഗംഭീരമായോരു നീക്കത്തിലൂടെ റയല്‍ പ്രതിരോധത്തെ നോക്കുകുത്തികളാക്കി 65-ാം മിനിറ്റില്‍ ആഴ്സണല്‍ ഗോളടിച്ചു. വിവരണങ്ങള്ക്കുമപ്പുറം മനോഹരമായാണ് അര്‍ട്ടേറ്റയുടെ പട റയല്‍ പ്രതിരോധത്തെ കീറിമുറിച്ചത്, ബുകായ സാകയുടെ ഫിനിഷിങ് കുടിയായപ്പോള്‍ മത്സരത്തില്‍ 1-0ന് വിരുന്നുകാര് കളം പിടിച്ചു. ബെര്‍ണബ്യൂവില്‍ റയലിന്റെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ വിതുമ്പാന്‍ തുടങ്ങി.
ആകെ നാല് ഗോളിന്റെ മേല്‍കൈ നേടിയതോടെ ആഴ്സണല്‍ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഴ്സണലിന്റെ ഫ്രാന്‍സില്‍ നിന്നുള്ള പ്രതിരോധക്കാരന് വില്ല്യം സാലിബയ്ക്ക് ഒരു ഗംഭീര പിഴവ് സംഭവിക്കേണ്ടിവന്നു റയലിന് ആശ്വാസ ഗോള്‍ കണ്ടെത്താന്‍. 67-ാം മിനിറ്റില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് മറുപടി ഗോള്‍ കണ്ടെത്തിയത്. ആരാധകര്‍ അല്‍പ്പം ആവേശത്തിലായെങ്കിലും റയല്‍ ടീം കളത്തില്‍ തുടര്‍ന്നും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍ അവസരം തുറന്നെടുക്കാന്‍ അറിയാത്തവരെ പോലെ പന്തടക്കത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവില്‍ സ്റ്റോപ്പേജ് സമയത്ത് കിട്ടിയൊരു കൗണ്ടര്‍ അറ്റാക്കില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഒരു സോളോ റണ്‍ നടത്തിക്കൊണ്ട് റയല്‍ വലയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റി.