കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ വനിതകളുടെ 400 മീറ്റര്‍ വെങ്കലനേട്ടത്തോടെ മലയാളി താരം സ്‌നേഹ തന്റെ ആദ്യ ദേശീയ മെഡല്‍ സ്വന്തമാക്കി. കോഴിക്കോട് മീന്‍ചന്ത സ്വദേശിനിയായ സ്‌നേഹ കഴിഞ്ഞ രണ്ട് മാസമായി വിഖ്യാത പരിശീലകന്‍ ജെറി ലീ ഹോ ലിയെനിന്റെ കീഴില്‍ പരിശീലനത്തിലാണ്. വേഗറാണി എലെയ്ന്‍ തോംപ്‌സണിന്റെ പരിശീലകനും മെന്ററുമായിരുന്നു ജെറി ലീ.
പനി പിടിപെട്ട് മത്സരിക്കാന്‍ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല. കോച്ചിന്റെയും അസിസ്റ്റന്റ് കോച്ചിന്റെയും പ്രചോദനത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ട്രാക്കിലിറങ്ങിയത്.
വിദേശ പരിശീലകന് കീഴിലുള്ള മേന്മ അടിവരയിടുന്നതാണ് തന്റെ മെഡല്‍ നേട്ടമെന്ന് സ്‌നേഹ പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി ജെറി ലീ വരുത്തിയ വ്യായാമത്തിലെ മാറ്റങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ഏറെ ഗുണം ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ താരം ഇന്നലെ മഹാരാജാസില്‍ കാഴ്‌ച്ചവച്ചത തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ്. 53.00 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്.
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ നാലാമതായി ഫിനിഷ് ചെയ്തതും ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിയില്‍ രണ്ടാം സ്ഥാനക്കാരിയായതുമാണ് ഇതിന് മുമ്പത്തെ മത്സരങ്ങള്‍. ഫെഡറേഷന്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സെമിയിലും ഏറ്റവും മികച്ച കരിയര്‍ ബെസ്റ്റ് കാഴ്‌ച്ചവച്ച സ്‌നേഹ ഇന്നലെ അതിനെയും വെല്ലുന്ന പ്രകടനമാണ് നടത്തിയത്.
മീന്‍ചന്ത ഒതയമംഗലം വീട്ടില്‍ രമേശിന്റെയും സീനയുടെയും മകളാണ്. കഴിഞ്ഞ മൂന്ന് മാസമായി ബെംഗളൂരുവിലെ ക്യാമ്പില്‍ പരിശീലനത്തിലാണ്.