
മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ കുട്ടികൾക്ക് അമ്മമാരിൽ നിന്നുള്ള പ്രതീക്ഷകളും ഒട്ടും കുറവല്ല. കുട്ടിയുടെ ആരോഗ്യം, വിജയം, പരാജയം എന്നിവയ്‌ക്കെല്ലാം അമ്മമാർ ഉത്തരവാദികളാണ്. എല്ലാവർക്കും മാതൃത്വം അനുഭവിക്കാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും കുട്ടികളുള്ള പ്രായമായ സ്ത്രീകൾ, ബന്ധുക്കൾ, ചിലപ്പോൾ അപരിചിതർ എന്നിങ്ങനെ പലരും പുതിയതായി അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകൾക്ക് ഉപദേശങ്ങൾ നൽകാനായി മുന്നോട്ട് വരാറുണ്ട്.
എന്നാൽ ഇതിനെക്കുറിച്ച് നടി കാജോളിന് ഒരു വ്യത്യസ്ത അഭിപ്രായമുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ കാജോൾ, മറ്റുള്ളവരുടെ ഉപദേശത്തിന് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം നൽകണം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ആണ് ഓരോ അമ്മയ്ക്കും അവരവരുടെ രീതിയിലുള്ള രക്ഷാകർതൃത്വമുണ്ടാകുമെന്നും അത് അമ്മമാർ തന്നെ കണ്ടെത്തേണ്ട ഒന്നാണെന്നും കാജോൾ പറയുന്നു.
“ഒരു അമ്മയും മറ്റൊരാളിൽ നിന്നും ഉപദേശം സ്വീകരിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു, അതിപ്പോൾ സ്വന്തം അമ്മയിൽ നിന്ന് ആണെങ്കിൽ പോലും അതൊരു കുഴപ്പമായിരിക്കും” എന്ന് കാജോൾ പറയുന്നു. എല്ലാ ദിശയിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്ക് കഴിവില്ലായ്മ, നിസ്സഹായത, ഒരുതരം പരാജയബോധം എന്നിവ തോന്നാൻ സാധ്യതയുണ്ട്, നിങ്ങൾ എന്തൊക്കെ ചെയ്താലും അത് ശരിയാവില്ല എന്ന തോന്നൽ ഉണ്ടാവാം.
“നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും വേണ്ടി ചെയ്യുക, മറ്റാരുടെയും അഭിപ്രായത്തിന് അവിടെ പ്രസക്തിയില്ല, കാരണം അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനെ ആരും കുറ്റപ്പെടുത്താനോ പുകഴ്ത്താനോ ഉണ്ടാകില്ല. അവരുടെ ഉപദേശം പല സ്ത്രീകളുമായും ചേർന്ന് പോവുന്നതായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിൽ തെറ്റില്ലെങ്കിലും അവസാനം നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ഒരു അമ്മ എന്ന നിലയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് പിന്തുടരണം.
അത് എന്തുകൊണ്ട് പിന്തുടരണം എന്നതിനുള്ള ചില കാരണങ്ങൾ ഇതാ. ഓരോ കുട്ടിയും വ്യത്യസ്തരാണ് മറ്റൊരാളുടെ കുട്ടിക്ക് നല്ലതായി തോന്നിയത് നിങ്ങളുടെ കുട്ടിക്ക് നല്ലതായിരിക്കണമെന്നില്ല. ഓരോ കുട്ടിക്കും അവരവരുടെ വ്യക്തിത്വം, ആവശ്യങ്ങൾ, വളർച്ചയുടെ രീതി എന്നിവ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിയെക്കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്നത് നിങ്ങൾക്കാണ്.
ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ കുട്ടിയോടൊപ്പമായിരിക്കും. അവരുടെ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, അവരെ ആശ്വസിപ്പിക്കുന്നത് എന്താണ് എന്നെല്ലാം നിങ്ങൾ പഠിക്കുന്നു. ഈ ആഴമായ ബന്ധം നിങ്ങൾക്ക് ഒരു പ്രത്യേക ഉൾക്കാഴ്ച നൽകുന്നു. അതിലൂടെ മാത്രം ഒരു സാധാരണ നിരീക്ഷകന് നിങ്ങളെ ഉപദേശിക്കാൻ കഴിയില്ല.
നിങ്ങളിലും നിങ്ങളുടെ കുട്ടികളിലും വിശ്വസിക്കുക. അമിതമായ ഉപദേശം ആശയക്കുഴപ്പമുണ്ടാക്കും. കുട്ടികളെ വളർത്തുന്നതിൽ എല്ലാവർക്കും അഭിപ്രായങ്ങളുണ്ടാകും! നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് അറിയാത്ത ആളുകൾ പോലും ഉപദേശം നൽകും. വളരെയധികം വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുന്നത് നിങ്ങളിൽ സംശയമുണ്ടാക്കുകയും പരസ്പരവിരുദ്ധമായ ആശയങ്ങളാൽ നിങ്ങൾ വിഷമിക്കുകയും ചെയ്യും.
മാതൃത്വം ഒരു വ്യക്തിപരമായ യാത്രയാണ് ഒരു അമ്മയാകാൻ അങ്ങനെ “ശരിയായ” വഴിയൊന്നുമില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ മൂല്യങ്ങൾക്കും ശരിയെന്ന് തോന്നുന്നത് എന്തോ അതാണ് ഏറ്റവും പ്രധാനം. നിങ്ങൾക്ക് തെറ്റുകൾ സംഭവിക്കാം, പക്ഷേ അത് എങ്ങനെ തിരുത്തി മെച്ചപ്പെടുത്തുന്നു എന്നതാണ് പ്രധാനം. നിങ്ങളുടെ സ്വന്തം വഴി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ മനസ് പറയുന്നതിനെ വിശ്വസിക്കുക ഒരു അമ്മയുടെ മനസ് പറയുന്നതിലും വലുതായി മറ്റൊന്നുമില്ല.
അമ്മമാർക്ക് അവരുടെ കുട്ടികളെക്കുറിച്ച് പലപ്പോഴും ശക്തമായ ബോധമുണ്ടാകാറുണ്ട്. ഉപദേശം പലപ്പോഴും വ്യത്യസ്ത സമയത്ത് നിന്നോ സാഹചര്യത്തിൽ നിന്നോ വരുന്നതാകാം വർഷങ്ങൾക്ക് മുമ്പ് നല്ലതെന്ന് കരുതിയിരുന്നത് ഇപ്പോൾ നല്ലതായിരിക്കണമെന്നില്ല. അതുപോലെ മറ്റൊരാളുടെ ജീവിത സാഹചര്യങ്ങൾ നിങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കാം. അതിനാൽ അവരുടെ ഉപദേശം അത്ര പ്രസക്തമായിരിക്കില്ല. നിങ്ങളുടെ കുട്ടിയുമായുള്ള ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരുടെ നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെടുന്നത് നിങ്ങളുടെ കുട്ടിയോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്നതിൽ നിന്നും ശ്രദ്ധ മാറ്റാൻ സാധ്യതയുണ്ട്.