ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക 1500 ലിറ്റർ ശേഷിയുള്ള വാർപ്പിൽ. പ്രതിദിനം അമ്പലപ്പുഴ പാൽ പായസത്തിന് ആവശ്യക്കാർ വർധിച്ചതോടെയാണ് പുതിയ വാർപ്പ് എത്തിച്ചത്. ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഭീമൻ വാർപ്പ് എത്തിച്ചത്. പുതിയ വാർപ്പിൽ പാൽപായസ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം വില വർധനയും നടപ്പാക്കും.
മാന്നാർ സ്വദേശി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് 1500 ലിറ്റർ ശേഷിയുള്ള വാർപ്പിന്റെ നിർമാണം. വെള്ളോട് കൊണ്ടുള്ള 1810 കിലോയുള്ള വാർപ്പ് ആണ് നിർമിച്ചത്. 28,96,000 രൂപയാണ് ചിലവ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 225 ലിറ്റർ പാൽപ്പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ആവശ്യക്കാർ കൂടിയതോടെയാണ് ഇത് 350 ലിറ്ററാക്കാനുള്ള തീരുമാനം. വർഷങ്ങളായി ഒരു ലിറ്റർ അമ്പലപ്പുഴ പാൽപായസത്തിന്റെ വില 160 രൂപയാണ്. ഇത് 260 രൂപയിലേക്ക് ഉയർത്തും. ചിങ്ങം 1 മുതൽ പാൽപ്പായസത്തിന്റെ വിലവർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിടപ്പള്ളിയുടെ അറ്റകുറ്റപ്പണി വൈകിയതു മൂലം വാർപ്പ് എത്തിക്കാൻ വൈകി. ഇതോടെ വില വർധനയും മാറ്റിവെക്കുകയായിരുന്നു.
The post അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക 1500 ലിറ്റർ ശേഷിയുള്ള വാർപ്പിൽ, വില വർധനയും നടപ്പാക്കും appeared first on Express Kerala.