നമ്മുടെ വീടുകളിൽ മിക്കപ്പോഴും കാണാറുള്ള ജീവികളാണല്ലേ പാറ്റയും, പല്ലിയും, ഒച്ചും, പഴുതാരയും, ഈച്ചയും ഒക്കെ. പ്രത്യേകിച്ച് ബാത്‌റൂമിൽ, പാറ്റകളുടെയും പഴുതാരകളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ് ബാത്റൂമുകൾ എന്ന് പറയാം. നനവ് എപ്പോഴും തങ്ങി നിൽക്കുന്നതിനാലും അടച്ചിട്ട സ്ഥലമായതിനാലുമാണ് ഇത്തരം ജീവികൾക്ക് ബാത്റൂമുകൾ ഇഷ്ട സങ്കേതമാകുന്നത്. ഇവ ബാത്റൂം വൃത്തികേടാക്കുക മാത്രമല്ല രോഗങ്ങൾ പടർത്താനും കരണമായിത്തത്തീരും. ബാത്റൂമിലെ ഇത്തരം പ്രാണികളുടെ ശല്യം അകറ്റാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാലോ?
ഉറവിടം കണ്ടെത്താം
പ്രാണികൾ എങ്ങനെ ബാത്‌റൂമിൽ കയറിപ്പറ്റുന്നു എന്ന് തിരിച്ചറിഞ്ഞ് പരിഹാരം കാണണം. പലപ്പോഴും പ്രധാന ഉറവിടം ബാത്റൂമുകളിലെ ഡ്രെയിൻ ആകും. മൂലകളിലെയും ടൈലുകൾക്കിടയിലെയും വിള്ളലുകൾ, സിങ്ക് ഹോളുകൾ, ഷവർ തുടങ്ങിയവയും വഴിയൊരുക്കും. ചിലയിനം പ്രാണികളാവട്ടെ ലൈറ്റ് കണ്ട് ആകൃഷ്ടരായി വെന്റിലേഷനുകൾ വഴിയും എത്തിയേക്കാം.
ALSO READ: സോപ്പ് തേച്ച് മുഖം കഴുകുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ
ഇത്തരം വിടവുകളും വിള്ളലുകളും അടയ്ക്കുക. സിങ്ക്, തറയിലെ ഡ്രെയിൻ എന്നിവ വഴി പ്രാണികൾ കടന്നുകൂടുന്നുണ്ടെങ്കിൽ അവയെ നശിപ്പിക്കാൻ അരക്കപ്പ് ബേക്കിങ് സോഡയും അരക്കപ്പ് വിനാഗിരിയും ചേർത്ത് മിശ്രിതം ഡ്രെയിനിനുള്ളിൽ ഒഴിച്ചു കൊടുക്കാം. മാസത്തിലൊരിക്കൽ ഡ്രെയിൻ ക്ലീനിങ് ടാബ്ലറ്റും ഇട്ടുകൊടുക്കാം. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഡ്രെയിൻ കവറുകളോ സ്ട്രെയിനറുകളോ സ്ഥാപിക്കാം.
വൃത്തിയാക്കൽ പ്രധാനം
ബാത്റൂമുകൾ വൃത്തിയാക്കുന്നതിന് ഒരു ചിട്ട ഉണ്ടാവണം. ആഴ്ചയിൽ ഒരുതവണയെങ്കിലും അണുനാശിനി ഉപയോഗിച്ച് തറയും ടൈലുകളും കഴുകണം. കുളി കഴിഞ്ഞശേഷം ബാത്റൂമിലെ തറയിൽ വെള്ളം തങ്ങിനിൽക്കാൻ അനുവദിക്കരുത്. നനവ് പ്രാണികളെ ആകർഷിക്കും. ബാത്റൂമിനുള്ളിൽ മാറ്റുകളുണ്ടെങ്കിൽ അവയിലെ നനവും പ്രാണികൾ പെരുകാനുള്ള സാഹചര്യം ഒരുക്കും.
ALSO READ: ‘പാറ്റ’ കൊണ്ട് ഒരു കിടിലൻ റെസിപ്പി! വൈറലായി പുതിയ വിഭവം, കഴിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്…
ചോർച്ച ഒഴിവാക്കാം
ബാത്റൂമിലെ പ്ലമിങ് സംവിധാനത്തിൽ ചോർച്ചയുണ്ടെങ്കിൽ നനവ് തങ്ങിനിൽക്കും. ഇത് പ്രാണികളെ ആകർഷിക്കും. കൃത്യമായ ഇടവേളകളിൽ ടാപ്പുകളും പൈപ്പുകളും ഫ്ലഷ് ടാങ്കുകളും പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക. ചോർച്ച കണ്ടെത്തിയാൽ പരിഹാരം കാണുകയും വേണം.
വായുസഞ്ചാരം വർധിപ്പിക്കാം
ബാത്റൂമിനുള്ളിലെ ഈർപ്പനില നിയന്ത്രിച്ചു നിർത്താൻ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുകയോ ജനാലകളും വെന്റിലേഷനും അൽപം തുറന്നിടുകയോ ചെയ്യാം.
പ്രാണി ശല്യം ഒഴിവാക്കാൻ:
* അൽപം വേപ്പെണ്ണ വെള്ളത്തിൽ കലർത്തി സ്പ്രേ ബോട്ടിലിലാക്കി ബാത്റൂമിലെ മൂലകളിൽ ആഴ്ചയിൽ ഒന്ന് വീതമെങ്കിലും സ്പ്രേ ചെയ്തുകൊടുക്കുക. അതിൻ്റെ ഗന്ധം തങ്ങിനിൽക്കുന്നതുവരെ പാറ്റകൾ, ഉറുമ്പുകൾ അകന്നുനിൽക്കും.
ALSO READ: മാരകമായ ‘തലച്ചോറ് തിന്നുന്ന അമീബ’, കേരളത്തിൽ ജീവനെടുത്തത് 19 പേരുടെ! സംസ്ഥാനം അതീവ ജാഗ്രതയിൽ
* ബാത്റൂമിലെ പ്രതലങ്ങൾ വൃത്തിയാക്കുന്ന സമയത്ത് നാരങ്ങാനീര് ഉപയോഗിച്ച് തുടച്ചാൽ ഉറുമ്പുകൾ അകലും.
* കർപ്പൂരതുളസി, യൂക്കാലി, ടീ ട്രീ ഓയിൽ എന്നിവയിൽ ഏതെങ്കിലുമെടുത്ത് വെള്ളവുമായി കലർത്തി ഇൻസെക്ട് റിപ്പല്ലന്റ് തയാറാക്കാം. ഈ ലായനി ഉപയോഗിച്ച് വാഷ് ബേസിൻ, ടൈൽ തുടങ്ങിയവ തുടയ്ക്കുകയോ മൂലകളിൽ സ്പ്രേ ചെയ്യുകയോ ചെയ്താൽ പ്രാണികളെ അകറ്റിനിർത്താനാവും.
* ഇൻസെക്ട് സ്പ്രേകളും പാറ്റകളെയും ഉറുമ്പുകളെയും തുരത്തുന്ന ജെല്ലുകളും വിപണിയിൽ ലഭ്യമാണ്.
The post ബാത്റൂമിലെ പ്രാണികളുടെ ശല്യം അകറ്റാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാലോ? appeared first on Express Kerala.