
മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഇന്നത്തെ മത്സരം ഇരുടീമിനും നിര്‍ണായകമാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (എംസിജി) ഇന്ന് നിറയാനുള്ള സാധ്യതയാണുള്ളത്. 2022ലെ ലോകകപ്പ് ടി-20 ഫൈനല്‍ അരങ്ങേറിയ മൈതാനം കൂടിയാണിത്. അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പില്‍ ഫൈനല്‍ കളിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ടു ടീമുകള്‍ എന്നനിലയില്‍ ഈ മത്സരം ഒരു ലോകകപ്പ് ഫൈനലിന്റെ ആവേശമാണ് പകരുന്നത്.
ഇരുവരും അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഇന്ത്യ അഞ്ചിലും ജയിച്ചപ്പോള്‍ ഓസ്‌ട്രേലിയ നാല് മത്സരങ്ങളില്‍ വിജയിച്ചു. അതുകൊണ്ടുതന്നെ ഇരുടീമും മികച്ച ഫോമിലാണെന്നു കരുതാം. മഴ മൂലം ഉപേക്ഷിച്ച ആദ്യ മത്സരത്തിലെ അതേ ഇലവനെയാകും ഇരുടീമും നിലനിര്‍ത്തുക. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ ഇറങ്ങും. അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും തന്നെ ഓപ്പണര്‍മാരാകും. ജസ്പ്രീത് ബുമ്രയാണ് ടീമിലെ പ്രധാന ബൗളര്‍. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ഓസ്‌ട്രേലിയ അതിശക്തമാണ്. ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷുമാണ് ഓപ്പണര്‍മാര്‍.
ഭാരത ടീം
 അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശിവം ദുബെ, അഖ്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.
ഓസ്‌ട്രേലിയ
 ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ച് ഓവന്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, ജോഷ് ഫിലിപ്പെ, സേവ്യര്‍ ബാര്‍ലെറ്റ്, നഥാന്‍ എല്ലിസ്, മാറ്റ് കുനെമാന്‍, ജോഷ് ഹെയ്‌സല്‍വുഡ്.
 
  
 
 
  
 







