
കൊച്ചി: അതിജീവനത്തിന്റെ അതിരുകള്‍ തേടി ഫോഴ്സ കൊച്ചി ഇന്ന് സ്വന്തം തട്ടകത്തില്‍ സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ നാലാം മത്സരത്തിനിറങ്ങുന്നു. ലീഗില്‍ കളിച്ച മൂന്ന് കളികളും പരാജയപ്പെട്ട ഫോഴ്സ കൊച്ചിക്ക് ഇന്ന് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇന്നും പരാജയപ്പെട്ടാല്‍ അവരുടെ മുന്നോട്ടുള്ള യാത്രയെ അത് പ്രതികൂലമായി ബാധിക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ തൃശൂര്‍ മാജിക് എഫ്സിയാണ് ഫോഴ്സ കൊച്ചിയുടെ എതിരാളികള്‍.
കഴിഞ്ഞ മൂന്ന് കളികളിലും സംഭവിച്ച പാളിച്ചകള്‍ പരിഹരിച്ച് ആദ്യ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് ഫോഴ്സ കൊച്ചി സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരങ്ങളിലെ കുറവുകള്‍ പരിഹരിച്ചു ടൂര്‍ണമെന്റിലേക്ക് തിരിച്ചു വരാന്‍ പുതിയ അടവുകളും തന്ത്രങ്ങളുമായി തങ്ങളുടെ രണ്ടാം ഹോം മാച്ചില്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ ഫോഴ്സകൊച്ചി തൃശൂര്‍ മാജിക്ക് എഫ് സി യെ നേരിടും. തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ കണ്ണൂര്‍ വാരിയേഴ്സിനോടാണ് ഫോഴ്സ പരാജയപ്പെട്ടത്. മറ്റ് രണ്ട് എവേ മത്സരങ്ങളില്‍ കാലിക്കറ്റ് എഫ്സിയോടും തിരുവനന്തപുരം കൊമ്പന്‍സിനോടുമാണ് കൊച്ചി പരാജയപ്പെട്ടത്. സ്ട്രൈക്കര്‍ഗമാര്‍ ഗോളടിക്കുന്നതില്‍ പരാജയപ്പെടുന്നതും മധ്യനിരയില്‍ മികച്ച ഒരു പ്ലേമേക്കറുടെ അഭാവവുമാണ് ഫോഴ്സയെ ബുദ്ധിമുട്ടിലാക്കുന്നത്.
പനമ്പിള്ളി നഗറിലെ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തീവ്രപരിശീലനം നടത്തുന്ന ക്ലബ്ബില്‍ ചെന്നൈയിന്‍ എഫ്സി, ഗോകുലം കേരള താരം വിങ്ങര്‍ അലക്സാണ്ടര്‍ റൊമാറിയോ ജെസുരാജ്, കേരള പോലീസ് താരം ലെഫ്റ്റ് വിങ് ബാക്ക് ശ്രീരാഗ്. വി.സി, മുന്‍ ഫോഴ്സ കൊച്ചി പ്ലയെര്‍ റൈറ്റ് വിങ് ബാക്ക് രെമിത്ത് എന്നിവര്‍ ടീമിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഫോഴ്സ കൊച്ചി. കഴിഞ്ഞ മത്സരങ്ങളില്‍ പരുക്കിനെ തുടര്‍ന്ന് ബെഞ്ചില്‍ ആയിരുന്ന വിദേശ താരങ്ങളും സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ ജിനോ വാന്‍ കെസല്‍, രചിത് അത് മാനെ, സ്റ്റോപ്പര്‍ റിജോണ്‍, സ്ട്രൈക്കര്‍ നിജോ ഗില്‍ബര്‍ട്ട് എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്നതും ഫോഴ്സയ്‌ക്ക് സ്വന്തം മൈതാനത്ത് ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍.
മറുവശത്ത് തൃശൂര്‍ മാജിക് എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ കളിച്ച മൂന്ന് കളികളില്‍ രണ്ടെണ്ണം വിജയിച്ച് ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് തൃശൂര്‍. ആദ്യ കളിയില്‍ മലപ്പുറത്തിനോട് പരാജയപ്പെട്ട അവര്‍ രണ്ടാം കളിയില്‍ കാലിക്കറ്റ് എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും മൂന്നാം കളിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ തിരുവനന്തപുരത്തു ചെന്നും പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായ മൂന്നാം എവേ മത്സരത്തിനാണ് തൃശൂര്‍ മാജിക് എഫ് സി ഇന്നിറങ്ങുന്നത്. മികച്ച വിദേശി താരങ്ങളും സ്വദേശി താരങ്ങളുമാണ് അവര്‍ക്കുള്ളത്. മാര്‍കസ് ജോസഫ്, മെയില്‍സണ്‍ ആല്‍വസ്, ഇവാന്‍ മാര്‍കോവിച്ച്, ഡീന്‍ സിലിച്ച് എന്നീ വിദേശതാരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരം ലെനി റോഡ്രിഗസ്, മുഹമ്മദ് അഫ്സല്‍, ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ, എസ്.കെ. ഫയിസ്, നവീന്‍ കൃഷ്ണ തുടങ്ങി മികച്ച താരങ്ങളാണ് തൃശൂര്‍ മാജിക് എഫ്സിയുടെ കരുത്ത്.
 
  
 
 
  
 







