
കോട്ടയം : കഴിഞ്ഞ ദിവസം സമാപിച്ച കേരള സ്കൂള്‍ കായിക മേളയില്‍ സൈക്ലിങ് മത്സരത്തില്‍ കോട്ടയത്തെ താരങ്ങള്‍ക്കു മിന്നും വിജയം.
സീനിയര്‍ പെണ്‍കുട്ടികളുടെ മാസ്സ് സ്റ്റാര്‍ട്ട് ഇവന്റില്‍ ചെങ്ങളം സ്വദേശി മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലെ നിയ സാറ എബ്രഹാമും പെണ്‍കുട്ടികളുടെ ടൈം ട്രയലില്‍ കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ദേവമിത്ര പിയും സ്വര്‍ണമെഡല്‍ ജേതാക്കളായി. ഇതേ ഇനത്തില്‍ വെള്ളിനേടിയത് വടവാതൂര്‍ സ്വദേശിനി, മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സേതു ലക്ഷ്മി വി. ബി. യാണ്.
ആണ്‍കുട്ടികളുടെ ടൈം ട്രയല്‍ മത്സരത്തില്‍ നട്ടാശേരി സ്വദേശി, എസ് എച്ച് മൗണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കാല്‍വിന്‍ സിറില്‍ ലിയോണ്‍ വെള്ളിമെഡല്‍ നേടി. സമ്മാനം നേടിയ കുട്ടികളെ കോട്ടയം ജില്ലാ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റം, സെക്രട്ടറി ലൂക്ക് ലിയോണ്‍ കുര്യന്‍, വൈസ് പ്രസിഡന്റ് പ്രമോദ് എം എന്നിവര്‍ അഭിനന്ദിച്ചു. ദേവമിത്രാ പി, കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി പ്രമോദ് മടപ്പള്ളിച്ചിറയുടെയും സൗമ്യയുടെയും മകളാണ്. സഹോദരി വേദമിത്രാ റോളര്‍ സ്‌കേറ്റിങ് താരമാണ്.
 
  
 
 
  
 







