കേരളത്തിന് പശ്ചിമഘട്ടം പോലെയാണ് യു.എ.ഇക്ക് ഹജർ മലനിരകൾ. കാലാവസ്ഥ നിർണയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ മലനിരകളാണ് വിർഗ പ്രതിഭാസത്തെ ഒരു പരിധിവരെ ചെറുക്കുന്നത്. ഒമാനിൽനിന്ന് ശമാൽ എന്നറിയപ്പെടുന്ന വടക്കൻ കാറ്റിനെ വിളിച്ചുവരുത്തി മഴക്ക് വഴിതുറക്കുന്നത് ഈ മലനിരകളുടെ പ്രാർഥനയാണ്. മരുഭൂമിയിലെ പ്രത്യേക പ്രതിഭാസമായ വിർഗയെ ചെറുത്ത് നിൽക്കുന്നതും ഈ മലനിരകളാണ്. മഴയെ ഭൂമിയിലേക്ക് വരാൻ അനുവദിക്കാതെ അന്തരീക്ഷത്തിൽ വെച്ചുതന്നെ ബാഷ്പമാക്കി കളയുന്ന പ്രതിഭാസമാണ് വിർഗ. വടക്കുകിഴക്കൻ ഒമാൻ, കിഴക്കൻ യു.എ.ഇ. എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ഉയർന്ന മലനിരകളാണ് അൽ ഹജർ പർവതങ്ങൾ.
ഒമാൻ ഉൾക്കടലിൽ നിന്നും 50-100 കിമീ അകലെ ഒമാന്റെ താഴ്ന്ന കടൽ സമതലത്തെ ഉയർന്ന പീഠമരുഭൂമിയിൽ നിന്നും അൽ ഹജർ പർവതങ്ങൾ വേർതിരിക്കുന്നു. അൽ ഹജറിനെ ‘ദി സ്റ്റോൺ’ അല്ലെങ്കിൽ ‘ദി റോക്ക്’ എന്ന് ഇംഗ്ലീഷിലേക്ക് നിർവചിക്കാം. പേരുപോലെതന്നെ പാറക്കൂട്ടങ്ങളുടെ പറുദീസയാണ് ഈ മലനിരകൾ. ഒറ്റപ്പെട്ട ചിലഭാഗങ്ങളിൽ മാത്രം പച്ചതുരുത്തുകൾ കാണാം. വാദി വുറയ്യ പോലുള്ള തടാകങ്ങളിലേക്ക് ഉറവകൾ തുറക്കുന്നതും ഈ പാറക്കൂട്ടങ്ങാണ്. മഴയൊന്ന് വന്ന് തൊട്ടാൽ മാത്രം മതി, നീരൊഴുക്കുകളുടെ സംഗീതം തുടങ്ങാൻ. മഴക്കാലത്ത് ഹജറിൽ ഉരുൾപ്പൊട്ടൽ പതിവാണ്. മലനിരകളോട് ചേർന്ന് നിൽക്കുന്ന വാദികളിൽ ഒഴുക്ക് പെട്ടെന്ന് രൂപപ്പെടും. പാറക്കൂട്ടങ്ങളോടൊപ്പം വരുന്ന വെള്ളം അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
മലവെള്ളപ്പാച്ചിലിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരുടെ പ്രാണനാണ് പൊലിഞ്ഞിട്ടുള്ളത്. ഭൂമിശാസ്ത്രപരമായി, സഗ്റോസ് പർവതങ്ങളുടെ തുടർച്ചയാണ് അൽ-ഹജർ പർവതനിരകൾ. ക്രിറ്റേഷ്യസ് ചുണ്ണാമ്പുകല്ലുകളും ഒഫിയോലൈറ്റ്സും കൊണ്ട് ഉണ്ടായതാണ് ഈ മലനിരകൾ. ഇറാൻ, ഇറാഖ്, കിഴക്കൻ തുർക്കി എന്നീ പ്രദേശങ്ങളിലെ ഏറ്റവും വലിയ മലനിരകളാണ് സാഗ്രോസ് മലനിരകൾ.
ഇറാന്റെ വടക്ക്-കിഴക്ക് നിന്ന് ആരംഭിച്ച് ഇറാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ചേർന്ന്, പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറ് ഇറാനിയൻ പീഠഭൂമി ,ഹോർമൂസ് കടലിടുക്ക് വരെയും ഇവ വ്യാപിച്ച് കിടക്കുന്നു. സാഗ്രോസ് മലനിരയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഡെന. കുർദുകളുടെ വിശുദ്ധ സ്ഥലമായി ഈ പർവതത്തെ കരുതുന്നു. ഹജർ മലനിരകൾ ഒമാനിലെ പച്ചതുരുത്തുകൾക്കും യു.എ.ഇയുടെ മരുഭൂമിക്കും ഒരേ സമയം കാവാലാകുന്നു. അൽഐനിലെ ജബൽ ഹഫീത്തിൽ വെച്ചാണ് ഹജറിന്റെ സ്വഭാവത്തിന് മാറ്റം കാണുന്നത്. ഇവിടെ നട്ടുനനച്ചുണ്ടാക്കിയ പച്ചപ്പിനെ വളരെ കരുതലോടെയാണ് ഹജർ സംരക്ഷിക്കുന്നത്.
ഹജറിന്റെ മേൽ ഭാഗങ്ങളിൽ ആകാശത്തെ നോക്കി കിടക്കുന്ന ജലാശയങ്ങളുണ്ട്. മേഞ്ഞുനടക്കുന്ന മരുഭൂമിയിലെ വൈവിധ്യം നിറഞ്ഞ മൃഗങ്ങൾക്ക് കുടിനീരുനൽകുന്നത് ഈ ജലാശയങ്ങളാണ്. ഈ മലകൾ വടക്കു നിന്ന് ആരംഭിച്ച് ഉപദ്വീപായി മാറുന്നു. രാജ്യത്തെ ഏറ്റവും ഉയരമുള്ളതും വന്യവുമായ ഭൂപ്രകൃതിയാണ് ഹജറിന്റെ കേന്ദ്രഭാഗം. ജബൽ അഖ്ദാർ, ചെറിയ ജബൽ നഖ്ൽ നിരകൾ കിഴക്കു ഭാഗത്ത് താഴ്ന്ന സമൈൽ താഴ്വരയാൽ ചുറ്റപ്പെട്ടിരിക്കുന്നു. സമൈലിനു കിഴക്ക് ആയ കിഴക്കൻ ഹജർ (ഹജർ ആഷ് ശർഖി), ഒമാനിലെ കിഴക്ക് ഭാഗത്തായുള്ള മത്സ്യബന്ധന നഗരമായ സുറിലേക്ക് നീങ്ങുന്നു. ഏകദേശം 500 കിലോമീറ്ററിൽ പർവ്വതങ്ങൾ വ്യാപിച്ചു കിടക്കുന്നു. ജബൽ ഹജറിന്റെ വടക്കും കിഴക്കുമുള്ള താഴ്ന്ന തീരദേശ ഭൂമി ‘അൽ ബതിനാ മേഖല’ എന്നാണ് അറിയപ്പെടുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് തണുപ്പുകാലം.
നിലവിൽ ഹജറിൽ തണുപ്പാണ്. കോട പുതച്ച് സുഖമായുറങ്ങുന്ന ഹജറിനെ കാണാൻ നല്ലരസമാണ്. ഉദയം വന്ന് പുതപ്പ് മാറ്റുംവരെ ഹജർ തണുപ്പിന്റെ അനുഭൂതിയിൽ ലയിക്കും. മഞ്ഞാസ്വദിക്കാൻ ദേശാടന കിളികൾ കാതങ്ങൾ താണ്ടിവരും. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ഹജറിലെ മഞ്ഞണിയാൻ വരുന്നു. ജബൽ ഹഫീത്തിലാണ് മഞ്ഞ് വീഴ്ച്ച ശക്തമാകുന്നത്. മൈനസ് ഡിഗ്രിയിലേക്ക് തണുപ്പ് വളരുന്ന പ്രദേശമാണിത്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ചൂട് കാലമാണെങ്കിലും ഇടയ്ക്കൊക്കെ മഴ പെയ്യുന്നു. അറേബ്യയുടെ ഭൂരിഭാഗവും താരതമ്യം ചെയ്യുമ്പോൾ നിരവധി എൻഡെമിക് സ്പീഷീസുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുള്ളത് പർവ്വതമേഖലകളിലാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അനുസരിച്ച് സസ്യജന്തുജാലങ്ങൾ വ്യത്യാസപ്പെടുന്നു. 3,630 മുതൽ 8,250 അടി വരെയുള്ള മേഖലകളിൽ കാട്ടൊലിവും അത്തിവൃക്ഷങ്ങളും ഉൾപ്പെടുന്നു. അതിലും ഉയർന്ന ഭാഗങ്ങളിൽ ജുനിപേഴ്സ് കാണപ്പെടുന്നു. മാതളവും ആപ്രിക്കോട്ടും പോലെയുള്ള പഴവർഗ്ഗങ്ങൾ തണുത്ത താഴ്വരകളിൽ വളരുന്നു. മറ്റു സ്ഥലങ്ങളിൽ ചെറിയ സസ്യങ്ങളും പാറക്കെട്ടുകളും കാണപ്പെടുന്നു. ഇറാന്റെ സമീപത്തുള്ള മലനിരകളുമായി സസ്യജാലങ്ങൾ സമാനത കാണിക്കുന്നു.
തോട്ടിക്കഴുകൻ, ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ ഉൾപ്പെടെ നിരവധി പക്ഷികൾ ഇവിടെയുണ്ട്. മൗണ്ടൻ ഗസെല്ല, അറേബ്യൻ തഹർ മുതലായ സസ്തനികളും ഇവിടെ കാണപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന അറബ്യേൻ പുള്ളിപ്പുലിയെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.