
പാറകളില്‍ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങള്‍ ഊറി കട്ടിയായി രൂപം കൊള്ളുന്ന പദാര്‍ഥമാണ് ശിലാജിത്ത് അഥവാ കന്‍മദം. സസ്യങ്ങള്‍ അടക്കം അഴുകി പാറകളിലും അവയുടെ വിള്ളലുകളിലും മറ്റും ശേഖരിക്കപ്പെട്ടുമാണ് ഇത് രൂപപ്പെടുന്നത്. ഇന്ത്യയില്‍ ഹിമാലയന്‍ മേഖലയില്‍ നിന്നാണ് ഇത് വ്യാപകമായി ശേഖരിക്കപ്പെടുന്നത്.
അനേകം വര്‍ഷങ്ങളായി ഇത് ആയുര്‍വേദത്തില്‍ ഔഷധ ഘടകമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിന് പ്രായമേറുന്നത് മന്ദഗതിയിലാക്കാനും പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്താനുമെല്ലാം ഇത് മരുന്നുകളില്‍ ഉപയോഗിക്കുന്നു. അര്‍ബുദ ചികിത്സയിലും ഇത് നിര്‍ണായകമാണ്. കൂടാതെ കന്‍മദം സപ്ലിമെന്റ് രൂപത്തില്‍ വിപണിയില്‍ ലഭ്യവുമാണ്.
ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്നു
പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശിലാജിത്ത് നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ മുടി കൊഴിച്ചില്‍, ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കല്‍ എന്നിവ മറികടക്കാനും ഇത് സഹായിക്കുന്നു. ശാരീരിക ക്ഷീണം ഇല്ലാതാക്കാനും ഇത് ഉപകരിക്കും.
വാര്‍ദ്ധക്യമാകുന്നത്‌മന്ദഗതിയിലാക്കുന്നു
ശിലാജിത്തില്‍ ഫുള്‍വിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്സിഡന്റാണ്. കോശനാശത്തില്‍ നിന്നും ഇത് ശരീരത്തെ സംരക്ഷിക്കുന്നു. അതിനാല്‍, ഇതിന്റെ പതിവായ ഉപയോഗം വാര്‍ദ്ധക്യമാകുന്നത് ദീര്‍ഘിപ്പിക്കുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.
ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നു
ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ കന്‍മദം സഹായിക്കും. രക്തനഷ്ടം, അല്ലെങ്കില്‍ ഇരുമ്പിന്റെ കുറവ് ക്ഷീണം, ബലഹീനത, കൈകാലുകളിലെ മരവിപ്പ്, തലവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. അതിനാല്‍, ശിലാജിത്ത് സപ്ലിമെന്റുകള്‍ ഇരുമ്പിന്റെ അളവ് ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. ഹീമോഗ്ലോബിന്‍, ഹെമറ്റോക്രിറ്റ്, ചുവന്ന രക്താണുക്കള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശിലാജിത്ത് സഹായിക്കുന്നു – ഇവയെല്ലാം രോഗ പ്രതിരോധ ശേഷിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്.
അര്‍ബുദ ചികിത്സ- ഹൃദയാരോഗ്യം
ആയുര്‍വേദ വിധി പ്രകാരമുള്ള ക്യാന്‍സര്‍ ചികിത്സയില്‍ ശിലാജിത്ത് അഥവാ കന്‍മദം ഉപയോഗിക്കുന്നുണ്ട്. കോശങ്ങളെ ശക്തിപ്പെടുത്തുന്നതിലെ മികവിനെ തുടര്‍ന്നാണ് ഈ ഔഷധവസ്തു അര്‍ബുദ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കന്‍മദത്തിലെ ഘടകങ്ങള്‍ നിര്‍ണായകമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണം ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശിലാജിത് ദിവസവും കഴിക്കാമോ ?
ശിലാജിത്ത് പ്രകൃതിദത്തമാണെങ്കിലും, സംസ്‌കരിക്കാതെ കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, കാരണം അതില്‍ ഫംഗസ്, രോഗങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യങ്ങള്‍ എന്നിവയുണ്ട്. ഓണ്‍ലൈനിലോ മരുന്നുകടകളില്‍ നിന്നോ വാങ്ങിയതായാലും, ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം. സിക്കിള്‍ സെല്‍ അനീമിയയോ, തലാസീമിയയോ ഉണ്ടെങ്കില്‍ ശിലാജിത്ത് കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കൂടാതെ, ചിലര്‍ക്ക് ഈ സപ്ലിമെന്റിനോട് അലര്‍ജി ഉണ്ടാകാം.
എപ്പോഴാണ് ശിലാജിത് കഴിക്കേണ്ടത്?
രാവിലെ വെറും വയറ്റില്‍ ശിലാജിത്ത് കഴിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. പൊടി രൂപത്തിലാണെങ്കില്‍ ഏറ്റവും നല്ലതും എളുപ്പവുമായ മാര്‍ഗം പാലിലോ വെള്ളത്തിലോ ഒരു ടീസ്പൂണ്‍ തേനിനൊപ്പം ലയിപ്പിക്കുക എന്നതാണ്. ശിലാജിത്ത് സപ്ലിമെന്റ് ഉപയോഗിക്കുമ്പോള്‍ മദ്യം പൂര്‍ണമായും വര്‍ജിക്കണം.
DISCLAIMER: ശിലാജിത്ത് അഥവാ കന്‍മദം കഴിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഡോക്ടറില്‍ നിന്ന് വിദഗ്‌ധോപദേശം സ്വീകരിക്കേണ്ടതുണ്ട്.