ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി നേതാവ് സി.സദാനന്ദന്‍. മലയാളത്തില്‍ ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സി. സദാനന്ദനെ കൂടാതെ അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. നാല് പേരെയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സി.സദാനന്ദന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ അദ്ദേഹത്തിന് തന്റെ ഇരുകാലുകളും നഷ്ടമായിരുന്നു. പിന്നീട് വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.
The post രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സി സദാനന്ദന്‍ appeared first on Express Kerala.