തിരുവനന്തപുരം: ഇൻക്വസ്റ്റ് നടത്താനും പോസ്റ്റ്‌മോർട്ടത്തിനുമായി മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം ഫ്രീസർ തുറന്ന് കാണിച്ച സംഭവം ഇനിയും പോലീസിൽ റിപ്പോർട്ട് ചെയ്യാതെ ആശുപത്രി അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് 4 മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ ഉൾപ്പെടെ മൊഴിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രേഖ പറഞ്ഞു. ഇതു സംബന്ധിച്ച് ആരിൽനിന്നു പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തത്. അലർജിക് റിയാക്ഷൻ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം അറിയാൻ കഴിയുകയള്ളുവെന്നും സൂപ്രണ്ട് പറഞ്ഞു.
ഭർതൃഗൃഹത്തിൽ ശനിയാഴ്ച മരിച്ച നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരിയുടെ മൃതദേഹമാണ് അധികൃതരുടെ അനുവദമില്ലാതെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും കാണിച്ചുകൊടുത്തത്. മറ്റു ജീവനക്കാരിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി സുരേഷ്‌കുമാറിനെ 15 ദിവസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. സിപിഎം പറണ്ടോട് ബ്രാഞ്ച് സെക്രട്ടറിയാണ് സുരേഷ്‌കുമാർ.
ALSO READ: ബൈക്കും ബസ്സും കൂട്ടിയിടിച്ചു; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
ശനിയാഴ്ച മരിച്ച യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താനും പോസ്റ്റ്‌മോർട്ടത്തിനുമായാണ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് സുരേഷ് കുമാർ മൃതദേഹം പുറത്തുനിന്നുള്ളവരെ കാണിച്ചത്. മരിച്ച യുവതിയുടെ ബന്ധുക്കൾക്കാണ് മൃതദേഹം കാട്ടിക്കൊടുത്തതെന്നാണു അറിയുന്നതെന്ന് അധികൃതർ പറയുന്നു. സംഭവ ദിവസം അത്യാഹിത വിഭാഗം, മോർച്ചറി എന്നിവിടങ്ങളിലെ സുരക്ഷാ ചുമതല സുരേഷ് കുമാറിനായിരുന്നു. മോർച്ചറിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന നഴ്‌സിങ് സ്റ്റാഫ് അറിയാതെ താക്കോൽ കൈക്കലാക്കിയാണ് ഇയാൾ ഫ്രീസർ തുറന്നത്.
The post താക്കോൽ കൈക്കലാക്കി പുറത്തുനിന്നുള്ളവർക്ക് ഫ്രീസർ തുറന്ന് മൃതദേഹം കാണിച്ച സംഭവം; ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കാണിച്ചത് ബന്ധുക്കളെയെന്ന് അധികൃതർ appeared first on Express Kerala.