ദുലീപ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ മേഖലാ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ നയിക്കും. ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യൻ താരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലുള്ളതിനാല്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയതോടെയാണ് മുഹമ്മദ് അസറുദ്ദീനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
അസറുദ്ദീൻ ക്യാപ്റ്റനായതോടെ പകരം തമിഴ്നാട് താരം എന്‍ ജഗദീശനെ പുതിയ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ദക്ഷിണ മേഖല ടീമിലുള്‍പ്പെട്ട തമിഴ്നാട് സ്പിന്നര്‍ സായ് കിഷോറിന് പരിക്കേറ്റതിനാല്‍ സെമിഫൈനല്‍ മത്സരം നഷ്ടമാവും. ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമില്‍ അസറുദ്ദീന് പുറമെ മലയാളി താരങ്ങളായ നിധീഷ് എം ഡി, എന്‍ പി ബേസില്‍, സല്‍മാന്‍ നിസാര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര സീസണിലെ മികവാണ് മലയാളി താരങ്ങള്‍ക്ക് കരുത്തായത്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളം ഫൈനലിലെത്തിയിരുന്നു. സെപ്റ്റംബര്‍ നാല് മുതലാണ് ദുലീപ് ട്രോഫി സെമി ഫൈനല്‍ മത്സരം തുടങ്ങുന്നത്. അതേസമയം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ അസറുദ്ദീന് കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങള്‍ നഷ്ടമാവും. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് നായകന്‍ കൂടിയാണ് അസറുദ്ദീന്‍.
The post ദുലീപ് ട്രോഫി സെമി ഫൈനില്‍ ദക്ഷിണമേഖലയെ നയിക്കാന്‍ മലയാളി താരം appeared first on Express Kerala.