ദുർഗ്, ഛത്തീസ്ഗഢ്: തനിക്ക് സംഭവിച്ച അപ്രതീക്ഷിത സംഭവത്തിൽ മനംനൊന്ത് 45 കാരൻ ചെയ്ത പ്രവൃത്തി അറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. ദൈവത്തോടുള്ള വിചിത്രമായ പ്രതികാരമായി, അയാൾ പത്തുവർഷമായി ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവരികയായിരുന്നു. ഛത്തീസ്ഗഢിലെ ദുർഗ് സ്വദേശിയായ 45 വയസ്സുകാരനെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2012-ൽ ഒരു ആക്രമണ കേസിൽ ജയിലിലായിരിക്കെ എച്ച്‌ഐവി ബാധിച്ചതിനെ തുടർന്നാണ് ഇയാൾക്ക് മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും, അതിന് പ്രതികാരമായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ തുടങ്ങിയതെന്നുമാണ് പോലീസ് പറയുന്നത്.
തന്റെ രോഗബാധ ‘ദൈവത്തിന്റെ പ്രവൃത്തി’ ആണെന്ന് വിശ്വസിച്ച ഇയാൾ, ‘ദൈവത്തിന് താൻ ആരാണെന്ന് കാണിക്കാനുള്ള’ പ്രതികാര നടപടിയായി ക്ഷേത്രങ്ങളെ ലക്ഷ്യമിടാൻ തീരുമാനിച്ചതായി പ്രമുഖ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുർഗിലും പരിസരപ്രദേശങ്ങളിലുമായി പത്ത് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി ഇയാൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
മോഷണത്തിന് ഇയാൾ സ്വീകരിച്ച രീതി വളരെ വിചിത്രമായിരുന്നു. കാണിക്കപ്പെട്ടികളിൽ നിന്ന് പണം മാത്രം മോഷ്ടിക്കുകയും, സ്വർണ്ണാഭരണങ്ങൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ തൊടാതിരിക്കുകയും ചെയ്യുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ഓരോ മോഷണത്തിന് മുൻപും ശേഷവും ഇയാൾ വസ്ത്രം മാറിയിരുന്നു. കൂടാതെ, മോഷണം നടക്കുന്ന സ്ഥലത്തിന് വളരെ അകലെയായിരിക്കും ഇയാൾ തന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്.
വളരെക്കാലമായി തൊഴിലില്ലാതെ ജീവിക്കുകയായിരുന്ന ഇയാൾ മോഷണത്തിലൂടെ ലഭിക്കുന്ന പണത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിക്കുന്ന പണം താൻ ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായുള്ള റിപ്പോർട്ടുകളുമുണ്ട്.
ഓഗസ്റ്റ് 23-24 രാത്രികളിൽ ദുർഗിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ജൈന ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് സീനിയർ പോലീസ് സൂപ്രണ്ട് വിജയ് അഗർവാൾ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആന്റി ക്രൈം ആൻഡ് സൈബർ യൂണിറ്റും (എസിസിയു) നെവായ് പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇയാളെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും, മോഷ്ടിച്ച 1,282 രൂപയും, മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിന് ശേഷം കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
The post ദൈവമാണ് എല്ലാത്തിനും കാരണം..! പ്രതികാരമായി ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, കാരണമറിഞ്ഞപ്പോൾ കോടതി പോലും സ്തംഭിച്ചു appeared first on Express Kerala.