ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ലീഗിനു മുന്നോടിയായി നടക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസിന് കിരീടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരും എഫ്എ കപ്പ് ചാംപ്യന്‍മാരുമാണ് സീസണിനു തുടക്കം കുറിക്കുന്ന കമ്യൂണിറ്റി ഷീല്‍ഡില്‍ ഏറ്റുമുട്ടാറുള്ളത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു സമനില പാലിച്ചു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ക്രിസ്റ്റലിന്റെ വിജയം. ലിവര്‍പൂളിന്റെ സൂപ്പര്‍ താരങ്ങള്‍ക്ക് പെനാല്‍റ്റി പിഴച്ചതാണ് അവരെ തോല്‍വിയിലേക്കു തള്ളിവിട്ടത്. മുന്നേറ്റനിരതാരം മുഹമ്മദ് സല, അര്‍ജന്റീനയുടെ മാക്ക് അലിസ്റ്റര്‍, ഹാര്‍വി എല്ലിയോട്ട് ഉള്‍പ്പെടെയുള്ളവരെല്ലാം അവസരം പാഴാക്കി. ഹ്യൂഗോ എക്റ്റിറ്റെ, ജെറമി ഫ്രിംപോങ് എന്നിവര്‍ ലിവറിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിന്റെ സ്‌കോറര്‍മാര്‍ ജീന്‍ ഫിലിപ്പ്, ഇസ്‌മൈല സാര്‍ എന്നിവരാണ്.
മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ലീഡെടുത്തു. പുതിയ സൈനിങ്ങായ ജര്‍മന്‍ താരം ഫ്ളോറിയന്‍ വിര്‍സാണ് ഗോളിലേക്കു വഴിതുറന്നത്. എന്നാല്‍ 17ാം മിനിറ്റില്‍ പാലസിന്റെ സമനില ഗോളും വന്നു. പെനാല്‍റ്റിയുടെ രൂപത്തില്‍ വന്ന അവസരം ജീന്‍ ഫിലിപ്പ് മുതലാക്കി. ലെവര്‍കൂസനില്‍ നിന്നു വിര്‍ട്‌സിനൊപ്പം ലിവര്‍പൂളിലെത്തിയ ജെറമി ഫ്രിംപോങും അരങ്ങേറ്റം ഗംഭീരമാക്കി. സമനില വഴങ്ങി 4 മിനിറ്റിനുള്ളില്‍ തന്നെ താരം ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി കളി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ലിവര്‍പൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പാലസിനെ ഇസ്മൈല സാര്‍ വീണ്ടും ഒപ്പമെത്തിച്ചതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി.
ഷൂട്ടൗട്ടില്‍ ലിവര്‍പൂളാണ് ആദ്യം കിക്കെടുത്തത്. സൂപ്പര്‍ താരം മുഹമ്മദ് സലയാണ് കിക്കെടുത്തത്. എന്നാല്‍ അവിശ്വസനീയമായിരുന്നു ഫലം താരത്തിന്റെ ഷോട്ട് പിഴച്ചു. പാലസിനായി മറ്റേറ്റ സ്‌കോര്‍ ചെയ്തതോടെ അവര്‍ മുന്നില്‍.
ലിവര്‍പൂളിനായി രണ്ടാം കിക്കെടുത്തത് അര്‍ജന്റീന താരം മാക്ക് അലിസ്റ്റര്‍. താരത്തിനും ഗോളാക്കാനായില്ല. പാലസിന്റെ എസെയുടെ ഗോള്‍ ലിവര്‍പൂള്‍ ഗോള്‍ അലിസന്‍ തടഞ്ഞത് അവര്‍ക്ക് ആശ്വാസമായി. മൂന്നാം കിക്ക് ലിവര്‍പൂളിനായി ഗാക്പോ ലക്ഷ്യത്തിലെത്തിച്ചതോടെ അവര്‍ ഒപ്പമെത്തി. എന്നാല്‍ പാലസിനു സമനില സമ്മാനിച്ച സാര്‍ പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചു. അവര്‍ 2-1നു മുന്നില്‍.
നാലാം കിക്കെടുത്ത ലിവര്‍പൂള്‍ താരം എലിയറ്റിന്റെ ഷോട്ട് പാലസ് ഗോള്‍ കീപ്പര്‍ ഹെന്‍ഡേഴ്സന്‍ തടുത്തു. പാലസിന്റെ സോസയും അവസരം പാഴാക്കി. പിന്നാലെ ലിവര്‍പൂളിന്റെ സബോസ്ലായിക്കും പിഴച്ചു. ഒടുവില്‍ പാലസിന്റെ ഡെവന്നിയുടെ ബുള്ളറ്റ് ഷോട്ട് അലിസനെ കാഴ്ചക്കാരനാക്കി വല ഭേദിച്ചതോടെ എഫ്എ കപ്പ് നേടി ചരിത്രമെഴുതിയ അതേ വെംബ്ലി സ്റ്റേഡിയത്തില്‍ തന്നെ ക്രിസ്റ്റല്‍ പാലസ് മറ്റൊരു കിരീടം കൂടി ഉയര്‍ത്തി.
ലിവര്‍പൂള്‍ 60 ശതമാനം സമയം പന്ത് കൈവശം വെച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസ് 40 ശതമാനമാണ് വെച്ചത്.ലിവര്‍പൂള്‍ 12 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ക്രിസ്റ്റല്‍ 14 എണ്ണം അടിച്ചു. കഴിഞ്ഞ സീസണിലാണ് ചരിത്രത്തില്‍ ആദ്യമായി അവര്‍ ഒരു മേജര്‍ കിരീടം നേടുന്നത്. ചരിത്രത്തിലാദ്യമാണ് അവര്‍ കമ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കുന്നത്. ഓസ്ട്രിയന്‍ പരിശീലകന്‍ ഒലിവര്‍ ഗ്ലാസ്നറുടെ കീഴിലാണ് രണ്ട് നേട്ടങ്ങളും.