ഏറ്റവും അപകടസാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളെയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. റോഡപകടങ്ങളിൽ ഇരുചക്ര വാഹന യാത്രികർക്കാണ് കൂടുതലും ജീവൻ നഷ്ടപ്പെടുന്നത്. കോടിക്കണക്കിന് ആളുകളാണ് ഇന്ത്യയിൽ സ്‍കൂട്ടറുകളും ബൈക്കുകളും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ജപ്പാനെപ്പോലെ ചിന്തിക്കുകയും ചെറുതും വിലകുറഞ്ഞതുമായ കാറുകളിലേക്ക് നീങ്ങുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ സി ഭാർഗവ.
ഡൽഹിയിൽ നടന്ന കമ്പനിയുടെ 44-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ആണ് ഇരുചക്ര വാഹനങ്ങളിൽ നിന്ന് ജനങ്ങൾ ചെറുകാറുകലേക്ക് മാറേണ്ടതിന്റെ ആവശ്യകത ഭാർഗവ വ്യക്തമാക്കിയത്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും എന്നാൽ അവയുമായി ബന്ധപ്പെട്ട നിരവധി അപകടസാധ്യതകളും അസൗകര്യങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈടൂവീലർ ഉടമകൾക്ക് പുതിയൊരു ഓപ്ഷൻ നൽകുന്നതും സുരക്ഷിതവുമായ തരം കാറുകൾ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
ALSO READ: ഏഥർ ഹാലോ ഹെൽമെറ്റ്; ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്ത് ഹെൽമെറ്റ് പുറത്തിറക്കി ഏഥർ എനർജി
എൻട്രി ലെവൽ കാറുകൾ സാധാരണക്കാർക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാർഗവ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങളിൽ വന്ന മാറ്റമാണ് ഇതിന് കാരണം. 2018-19 വർഷം മുതൽ ഇന്ത്യയിൽ യൂറോപ്യൻ സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കി, ഇത് കാറുകളുടെ വില വർദ്ധിച്ചു. അതുകൊണ്ടുതന്നെ വില കുറഞ്ഞ ചെറു കാറുകൾ ഉണ്ടാക്കാൻ ജപ്പാനെപ്പോലെ ചിന്തിക്കണമെന്ന് അദ്ദേഹം ഭരണകൂടത്തോട് ആഹ്വാനം ചെയ്തു. ജപ്പാനിൽ 1950 കളിലും സമാനമായ ഒരു പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് ഭാർഗവ പറഞ്ഞു. ധാരാളം ആളുകൾ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നു. നാലു ചക്ര വാഹനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അങ്ങനെയാണ് ജപ്പാൻ ‘കെയ് കാറുകൾ’ എന്ന ആശയം അവതരിപ്പിക്കുന്നത്. ചെറിയ കാറുകളായിരുന്നു ഇവ. അവയ്ക്ക് നികുതി കുറവായിരുന്നു, സുരക്ഷാ നിയമങ്ങൾ ലളിതവും താങ്ങാനാവുന്ന വിലയുള്ളതുമായിരുന്നു കെയ് കാറുകൾ. അതിന്റെ ഫലമായി കൂടുതൽ കൂടുതൽ ആളുകൾ ഇരുചക്ര വാഹനങ്ങൾ ഉപേക്ഷിച്ച് കാറുകൾ വാങ്ങാൻ തുടങ്ങി. ഇതിന്‍റെ ഫലമായി ജപ്പാനിലെ കാർ വ്യവസായം അതിവേഗം വളർന്നു. ഇന്ത്യയും സമാനമായ ചെറുതും നികുതി കുറഞ്ഞതുമായ കാറുകൾ അവതരിപ്പിച്ചാൽ, ഒരു കാർ സ്വന്തമാക്കുക എന്ന എല്ലാവരുടെയും സ്വപ്‍നം സാക്ഷാത്കരിക്കപ്പെടുമെന്നും ആർ സി ഭാർഗവ പറഞ്ഞു. സ്‍കൂട്ടറുകളും ബൈക്കുകളും ഓടിക്കുന്ന ആളുകൾക്ക് മികച്ച ഓപ്ഷനുകൾ നൽകാൻ കഴിയുന്ന അത്തരം ചെറു കാറുകൾ ഇന്ത്യയും കൊണ്ടുവരണമെന്ന് ആർ സി ഭാർഗവ ആവശ്യപ്പെട്ടു.
The post ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ appeared first on Express Kerala.