തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ ഗ്യാസ് ചോർച്ചയുണ്ടായത് പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രി ഏഴുമണിയോടെ പാചകവാതക സിലണ്ടറിന്റെ റെഗുലേറ്ററിന് താഴെ നിന്നും ലീക്ക് ശ്രദ്ധയിൽപെട്ട കടയുടമ ഇത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചോർച്ച ശക്തമായതോടെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് അപകമുണ്ടാകാതെ ചോർച്ച പരിഹരിച്ചത്.
സേന എത്തുമ്പോൾ ഗ്യാസ് ലീക്കായി പരിസരം മുഴുവൻ വ്യാപിച്ചിരുന്നു. സമീപത്തെ ആൾക്കാരെ ഒഴിപ്പിച്ച ശേഷം സേനാംഗങ്ങൾ കടയിലേക്ക് കയറി സിലിണ്ടർ ലീക്ക് അടച്ച ശേഷം തുറസായ സ്ഥലത്തേക്ക് മാറ്റിയാണ് രംഗം ശാന്തമാക്കിയത്. ഒപ്പം കെഎസ്ഇബി ജീവനക്കാർ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ചും അപകടം ഒഴിവാക്കി.
കടയിൽ ഉപയോഗിക്കുന്ന സിലണ്ടറിൽ പൊടിയും അഴുക്കും കയറി റെഗുലേറ്ററിന് താഴെയുള്ള നോബ് തകരാറിലായതായിരുന്നു ചോർച്ചയ്ക്ക് കാരണം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ചു കൃഷ്ണയുടെ നേതൃത്വത്തിൽ എത്തിയ സന്തോഷ് കുമാർ, പ്രണവ്, സാജൻ, സുനിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചപ്പാത്ത് റോഡിനോട് ചേർന്ന് കടമുറികളും, വാഹനങ്ങൾ നിരന്തരം കടന്ന് പോകുന്ന സ്ഥലവുമായതിനാൽ ഫയർഫോഴ്സിൻറെ സമയോചിതമായ ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്.
The post വിഴിഞ്ഞത്ത് ഗ്യാസ് ചോർന്ന് പരിസരം മുഴുവൻ വ്യാപിച്ചു; ഒഴിവായത് വൻ ദുരന്തം appeared first on Express Kerala.