
ഓണത്തിന് ഓണസദ്യ പ്രധാനമാണ്. ഏതെങ്കിലും തരത്തിൽ സദ്യ കഴിച്ചാൽ പോരാ. ഓണസദ്യ അതിന്റേതായ എല്ലാ ചിട്ടയോടും നിയമങ്ങളോടും കൂടി തന്നെ കഴിക്കണം. സദ്യ കഴിക്കുന്നതിന് ഒരു ശാസ്ത്രമുണ്ട് എന്ന് തന്നെ പറയാം. അതുപോലെ, സദ്യ വിളമ്പുന്നതിനും ഒരു ശാസ്ത്രമുണ്ട്. ഓണസദ്യയിൽ 12-ലധികം വിഭവങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. എന്നാൽ പരമ്പരാഗത ഓണസദ്യയിൽ 26-ലധികം വിഭവങ്ങളുണ്ടായിരുന്നു.
ഓണ സദ്യ
ഓണസദ്യ കഴിക്കാൻ ആദ്യം ഒരു പായ നിലത്ത് വിരിച്ച് തൂശനില വയ്ക്കണം. തൂശനിലയുടെ കൂർത്ത ഭാഗം ഇരിക്കുന്നയാളുടെ ഇടതുവശത്തായിരിക്കണം. അതായത്, ഇല മുറിച്ച ഭാഗം കഴിക്കാൻ ഇരിക്കുന്ന ആളുടെ വലത് വശത്ത് വരുന്ന രീതിയിൽ വേണം ഇല ഇടേണ്ടത്. ഓരോ വിഭവവും ഇലയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ വേണം വിളമ്പാൻ. ഇലയിൽ ആദ്യം വിളമ്പേണ്ടത് ഉപ്പാണ്.
ഇലയുടെ മധ്യത്തിൽ ആണ് ചോറ് വിളമ്പേണ്ടത്. കായ വറുത്തതും ശർക്കര വരട്ടിയും ഇലയുടെ ഇടതുവശത്ത് താഴത്തായി വിളമ്പണം. അച്ചാറും ഇഞ്ചിയും ഇടത് മൂലയിൽ വിളമ്പണം. ഇലയുടെ ഇടതുവശത്ത് താഴെ വേണം പഴങ്ങൾ വയ്ക്കാൻ. ഇതിന് മുകളിൽ പപ്പടം വയ്ക്കണം. ഇതിനുപുറമെ, പച്ചടിയും കിച്ചടിയും വിളമ്പുന്നു. മധ്യത്തിൽ നിന്ന് ആരംഭിച്ച് ഇലയുടെ വലത്തേക്ക് നീങ്ങി, അവിയൽ, തോരൻ, കാളൻ, ഓലൻ, കൂട്ടുകറി മുതലായവ വിളമ്പണം.
സാമ്പാർ സാധാരണയായി ചോറിന്റെ മധ്യത്തിൽ ആണ് ഒഴിക്കുന്നത്. സാമ്പാർ അല്ല ചോറിനൊപ്പം ആദ്യം വിളമ്പേണ്ടത്, മറിച്ച് സദ്യയിൽ ആദ്യം നെയ്യും പരിപ്പും ആണ് വിളമ്പുന്നത്. ഇതിനൊപ്പം പപ്പടം ചേർത്ത് വേണം കഴിക്കാൻ. പിന്നീട് സാമ്പാർ ചേർത്ത് കഴിക്കാം. അതിനുശേഷം പുളിശ്ശേരി.
ചില സ്ഥലങ്ങളിൽ പുളിശ്ശേരി മൂന്നാമതായി സദ്യയിൽ നൽകാറില്ല. പകരം മോരോ രസമോ ചേർത്ത് കഴിക്കുന്ന പതിവുണ്ട്. ചോറ് കഴിച്ചതിനു ശേഷമാണ് പായസം കഴിക്കേണ്ടത്. പായസം കഴിക്കുമ്പോൾ, അതിനൊപ്പം തൊട്ടു നക്കാൻ ഇത്തിരി അച്ചാർ കയ്യെത്തുംപോലെ ഉണ്ടാവുന്നത് നല്ലതാണ്. ഇത് പായസത്തിന്റെ മത്ത് പിടിപ്പിക്കുന്ന മധുരം ഇല്ലാതാക്കുകയും ഒരു ആശ്വാസം നൽകുകയും ചെയ്യും.
പപ്പടം പൊടിച്ച് ചേർത്ത് പായസത്തോടൊപ്പം കഴിക്കുന്ന രീതിയും ഉണ്ട്. പിന്നീട്, അവസാനം പഴം കഴിക്കാം. സദ്യ കഴിച്ചതിനുശേഷം ഇലകൾ മടക്കിവെക്കുന്ന രീതിയുമുണ്ട്. നിങ്ങൾക്ക് ഭക്ഷണം ഇഷ്ടപ്പെട്ടാൽ, ഇല മുകളിൽ നിന്ന് താഴേക്ക് മടക്കിവയ്ക്കുക. ഭക്ഷണത്തിനു ശേഷം ഉള്ള പരമ്പരാഗത ചടങ്ങ് നാലും കൂട്ടി മുറുക്കുക എന്നതാണ്.
ശ്രദ്ധിക്കുക
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കഴിക്കാനുള്ള ആൾ ഇരുന്നതിനുശേഷം മാത്രമേ ചോറ് വിളമ്പാവൂ. ആദ്യം കറികൾ വിളമ്പാം. ചോറ് കഴിച്ചതിനു ശേഷം പായസം വിളമ്പണം.