
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ചാമ്പ്യന്‍പട്ടം തിരുവന്തപുരത്തിന് ഉറപ്പാണ്. പക്ഷെ അതിനുവേണ്ടി പരിശ്രമിക്കുന്ന കായികതാരങ്ങള്‍ക്ക് തിരുവന്തപുരം എന്ന് എഴുതിയ ഒരു ജേഴ്‌സി നല്‍കാന്‍പോലും വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡറക്ടറുടെ ഓഫീസ് തയാറായില്ല. ഇതോടെ നാണംകെട്ടാണ് തിരുവന്തപുരത്തിന്റെ താരങ്ങള്‍ മത്സരത്തിന് ഇറങ്ങിയത്.
ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സ്‌പോര്‍ട്‌സിന് മാത്രമായി ഒരു സെക്ഷന്‍ തന്നെയുണ്ട്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിന് മുമ്പ് സംസ്ഥാന കായികമേളയ്‌ക്ക് പോകുന്നതിനുള്ള ചെലവ് ബജറ്റില്‍ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിഡിഓഫീസിലെ വിഭാഗം കത്ത് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് വകയിരുത്തും. കായിക മേള വരുമ്പോള്‍ ആ തുക ചെലവഴിച്ചാണ് താരങ്ങള്‍ക്ക് ജേഴ്‌സിഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
എന്നാല്‍ ഈവര്‍ഷം വിദ്യാഭാസ വകുപ്പില്‍ നിന്നും കത്ത് നല്‍കിയില്ല. ഇതോടെ ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങള്‍ തുക വകയിരുത്തിയതുമില്ല. ജില്ലാ കായിക മേള കഴിഞ്ഞപ്പോള്‍ പേരിന് മാത്രം 300 ജേഴ്‌സി തയാറാക്കി. അത് ഉദ്ഘാടന ദിനത്തില്‍ മാര്‍ച്ച് പാസ്സില്‍ പങ്കെടുത്തവര്‍ക്കും ഇന്‍ക്ലൂസീവ് വിഭാഗത്തിനും മാത്രം നല്‍കി. ശേഷിക്കുന്നവര്‍ സ്വന്തം ജേഴ്‌സിയണിഞ്ഞാണ് മത്സരത്തിന് ഇറങ്ങിയത്.









