
ഇടുക്കി: വട്ടിപ്പലിശക്കാരെ പൂട്ടാൻ കേരളാ പോലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്. ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലടക്കം വട്ടിപ്പലിശക്കാർക്കായി നടത്തിയ തെരച്ചിലിൽ നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പിൽ സുധീന്ദ്രൻ എന്ന വ്യക്തിയെയും ആലപ്പുഴയിൽ നിന്ന് മാന്നാർ കുരട്ടിശേരി കോവുംപുറത്ത് നൗഫലിനെയും കസ്റ്റഡിയിലെടുത്തു.
രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ഗവൺമെന്റ് അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പോലീസിന്റെ നീക്കം. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകൾ, 13 ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ 26 വാഹനങ്ങൾ, 62 മുദ്രപ്പത്രങ്ങൾ, 8 പ്രോമിസറിനോട്ടുകൾ, 86 ആർ സി ബുക്കുകൾ, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകൾ, പാസ്‌പോർട്ടുകൾ, 17 ആധാരങ്ങൾ കൂടാതെ മറ്റ് രേഖകളുമുൾപ്പെടെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
ALSO READ: വീട്ടില്‍ നിന്ന് 11 പവന്‍ കവര്‍ന്നു; സുഹൃത്തായ അഭിഭാഷക പിടിയിൽ
സുധീന്ദ്രൻ എന്നയാളിൽ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകൾ, ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങൾ, പട്ടയം, വാഹനത്തിന്റെ ആർസി ബുക്ക് എന്നിവ കണ്ടെടുത്തു. നൗഫലിന്റെ വീട്ടിൽ നിന്നും 35-ലധികം ആർസി ബുക്കുകളും മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ലീഫുകളും കണ്ടെടുത്തു. ഇടപാട് വാഹനങ്ങളുടെ ആർസി ബുക്ക് ഉൾപ്പെടെയുളളവ പണയമായി സ്വീകരിച്ച് ഇയാൾ പണം പലിശയ്ക്ക് കൊടുത്തുവെന്നാണ് കണ്ടെത്തൽ.
എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയിൽ 22 കേസുകൾ രജിസ്റ്റർ ചെയ്തു. കോട്ടയം 9, ഇടുക്കി 5, എറണാകുളം റൂറൽ 4, ആലപ്പുഴ 4 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്.
The post ‘ഓപ്പറേഷന്‍ ഷൈലോക്ക്’; ഇടുക്കിയിലും ആലപ്പുഴയിലും നടന്ന റെയ്‌ഡിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു appeared first on Express Kerala.









