
ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) അതിവേഗം തരംഗമാവുകയാണ്. 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിലെ (ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ) കണക്കുകൾ പ്രകാരം, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 108% വർധനവോടെ 91,726 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 44,000 ഇവികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയിലധികം വളർച്ചയാണ്. ഈ ശക്തമായ മുന്നേറ്റത്തോടെ, ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹന വിപണിയുടെ അഞ്ച് ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ഇത് 2.6 ശതമാനം മാത്രമായിരുന്നു.
ഈ വളർച്ചയ്ക്ക് പിന്നിൽ മുൻനിര വാഹന നിർമ്മാതാക്കൾ വഹിച്ച പങ്ക് വളരെ വലുതാണ്. ടാറ്റ മോട്ടോഴ്‌സ് ആണ് ഇതിൽ പ്രധാനം. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ടാറ്റയുടെ വിൽപ്പനയിൽ 59 ശതമാനം വർധനവാണ് ഉണ്ടായത്. നെക്‌സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി തുടങ്ങിയ ജനപ്രിയ മോഡലുകളുടെ കരുത്തിൽ ഉത്സവ സീസണിൽ മാത്രം റീട്ടെയിൽ വിൽപ്പന 37 ശതമാനം വളർച്ച കൈവരിച്ചു. 2025 സെപ്റ്റംബറോടെ, ടാറ്റയുടെ പാസഞ്ചർ വാഹന പോർട്ട്‌ഫോളിയോയുടെ 17 ശതമാനം സീറോ-എമിഷൻ വാഹനങ്ങളായി മാറി.
ആഢംബര വാഹന വിഭാഗത്തിലും ഇലക്ട്രിക് തരംഗം പ്രകടമാണ്. ബിഎംഡബ്ല്യു ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിൽപ്പന 246 ശതമാനം വാർഷിക വളർച്ച നേടി. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 2,509 ഇലക്ട്രിക് ബിഎംഡബ്ല്യു, മിനി കാറുകൾ കമ്പനി വിറ്റഴിച്ചു. ഇവയിൽ iX1 ലോംഗ്-വീൽബേസ് ആയിരുന്നു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. നിലവിൽ ബിഎംഡബ്ല്യുവിന്റെ മൊത്തം വിൽപ്പനയുടെ 21% ഇലക്ട്രിക് വാഹനങ്ങളാണ്, ഇത് 2030 ആകുമ്പോഴേക്കും 30% ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, മെഴ്‌സിഡസ് ബെൻസും ശക്തമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
The post ഇരട്ടി മധുരം; ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തേരോട്ടം appeared first on Express Kerala.









