
ഈ ഡിജിറ്റല്‍ യുഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള(AI) ചര്‍ച്ചകള്‍ അത്രമേല്‍ സജീവമാണ്. വിദ്യാര്‍ഥികളായാലും, ഓഫീസ് പ്രൊഫഷണല്‍സുകളായാലും ക്രിയേറ്റീവ് രംഗത്തുള്ളവരായാലും അവരുടെ സൗകര്യത്തിനനുസരിച്ച് AI ടൂളുകള്‍ ഉപയോഗിക്കുന്നു. അസൈന്‍മെന്റ് ഉണ്ടാക്കാനോ, പ്രസന്റേഷന്‍ തയ്യാറാക്കാനോ കണ്ടന്റ് എഴുതാനോ എഐ സഹായിക്കുന്നു. അത് ജോലി എളുപ്പവും അതിവേഗത്തിലുമാക്കുന്നു.
എന്നാല്‍ യുവാക്കള്‍ എഐ ഡിപ്രഷന്‍ സിന്‍ഡ്രം എന്ന അവസ്ഥയിലേക്ക് അതിവേഗം എത്തുന്നതായി വിശദീകരിക്കുകയാണ് മാനസികാരോഗ്യ വിദഗ്ധര്‍. മനുഷ്യര്‍ ഇന്ന് എല്ലാ കാര്യങ്ങള്‍ക്കും AIയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ പലര്‍ക്കും സ്വന്തമായി ചിന്തിക്കാനും ആത്മവിശ്വാസം നേടാനുമുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് അവരില്‍ വിഷാദത്തിനും നിരാശയ്ക്കുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് രാജ്യത്തെ ചെറുപ്പക്കാര്‍ ഈ പ്രശ്‌നത്തിന് ഇരകളാകുന്നു.
ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മീനാക്ഷി ജെയിനിന്റെ അഭിപ്രായത്തില്‍ ഈ മാനസിക അപകടം വരും കാലങ്ങളില്‍ കൂടുതല്‍ വലിയ രൂപം കൈവരിക്കാന്‍ സാധ്യതയുണ്ട്. AI ഡിപ്രഷന്‍ സിന്‍ഡ്രം എന്താണെന്നും അതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, രക്ഷ നേടാനുള്ള വഴികള്‍ എന്നിവ എന്തൊക്കെയാണെന്നും വിശദമായി അറിയാം.
എന്താണ് എഐ ഡിപ്രഷന്‍ സിന്‍ഡ്രം ?
യഥാര്‍ത്ഥ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സാമന്ത് ദര്‍ശിയുടെ അഭിപ്രായത്തില്‍ ഡിപ്രഷന്‍ സിന്‍ഡ്രം എന്നത് ഒരു രോഗാവസ്ഥയുടെ ഔദ്യോഗിക നാമമല്ല, മറിച്ച് ഒരു മാനസികാവസ്ഥയാണ്. ഒരു വ്യക്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നതിനാല്‍ സ്വയം ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവര്‍ത്തിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്ന സാഹചര്യമാണിത്.
- AI ഇല്ലാതെ തനിക്ക് ഒന്നും ശരിയായി ചെയ്യാന്‍ കഴിയില്ലെന്ന് ഒരു വ്യക്തിക്ക് തോന്നുന്നു.
- ആത്മവിശ്വാസം ക്രമേണ കുറയുന്നു.
- ചിന്താശേഷിയില്‍ ക്ഷീണവും ശൂന്യതയും അനുഭവപ്പെടുന്നു.
- ഈ അവസ്ഥ ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ വിഷാദത്തിന് വഴിമാറാം
ഇത് മനഃശാസ്ത്രത്തില്‍ ടെക്‌നോ-സ്‌ട്രെസ് അല്ലെങ്കില്‍ എഐ ഇന്‍ഡ്യൂസ്ഡ് ആങ്‌സൈറ്റി (AI-induced anxiety) എന്ന് അറിയപ്പെടുന്നതായി ഡോ. മീനാക്ഷി ജെയിന്‍ പറയുന്നു. കാരണം ഇത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉത്കണ്ഠയും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ്.
പുതിയ തലമുറയെ എന്തുകൊണ്ട് ബാധിക്കുന്നു ?
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഇന്ത്യയിലെ Gen-Z (18 മുതല്‍ 30 വയസ്സുവരെയുള്ളവര്‍) വിഭാഗക്കാരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.
- വേഗത്തില്‍ ഫലം കിട്ടാന്‍ ആഗ്രഹിക്കുന്ന സ്വഭാവം: ഇന്നത്തെ തലമുറയ്ക്ക് എല്ലാം പെട്ടെന്ന് കിട്ടണം.
- കരിയര്‍ സമ്മര്‍ദം: എവിടെയെങ്കിലും ഒരു മെഷീന്‍ തന്റെ ജോലി തട്ടിയെടുക്കുമോ എന്ന ഭയം
- സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദ്ദം: നല്ല രീതിയില്‍ കാണപ്പെടാനുള്ള ആഗ്രഹവും വെര്‍ച്വല്‍ ലോകവുമായുള്ള താരതമ്യപ്പെടുത്തലുകളും.
- മനുഷ്യബന്ധങ്ങളുടെ കുറവ്: യഥാര്‍ത്ഥ ആളുകളെ കണ്ടുമുട്ടുന്നതിന് പകരം ചാറ്റ്‌ബോട്ടുകളുമായും വെര്‍ച്വല്‍ സുഹൃത്തുക്കളുമായുമുള്ള ബന്ധം വര്‍ധിക്കുന്നു. ഇത് ചെറുപ്പക്കാരില്‍ അരക്ഷിതത്വബോധവും ഏകാന്തതയും വര്‍ദ്ധിപ്പിക്കുന്നു, ഇത് അവരുടെ മാനസികാരോഗ്യത്തെ ദുര്‍ബലമാക്കുന്നു.
ഇന്ത്യയില്‍ ഏകദേശം 65% പേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. അവരാണ് എഐ ടൂളുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്, അതില്‍ വ്യത്യസ്ത വിഭാഗത്തിലുള്ള ആളുകള്‍ ഉള്‍പ്പെടുന്നുവെന്നും ഡോ. സാമന്ത് ദര്‍ശി ചൂണ്ടിക്കാട്ടുന്നു.
- വിദ്യാര്‍ത്ഥികള്‍: അസൈന്‍മെന്റുകളും പ്രൊജക്ടുകളും ഉണ്ടാക്കാന്‍ എഐയെ ആശ്രയിക്കുന്നു. ഇത് അവരുടെ പഠിക്കാനും ചിന്തിക്കാനുമുള്ള കഴിവിനെ ബാധിക്കുന്നു.
- പ്രൊഫഷണലുകള്‍: ഐടി, കണ്ടന്റ്, ഡിസൈന്‍ മേഖലകളില്‍ ‘എഐ റീപ്ലേസ്മെന്റ് ഫോബിയ’ അതായത് ജോലി നഷ്ടപ്പെടുമോ എന്ന ഭയം വളരെ കൂടുതലാണ്.
- ബന്ധങ്ങള്‍: ഇപ്പോള്‍ പല ചെറുപ്പക്കാരും മനുഷ്യരുമായുള്ള സംഭാഷണത്തേക്കാള്‍ കൂടുതല്‍ സമയം ചാറ്റ്‌ബോട്ടുകളുമായി ചെലവഴിക്കുന്നു. ഇത് യഥാര്‍ത്ഥ ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാക്കുന്നു, ഇത് അവരുടെ മാനസികാവസ്ഥയെ മോശമാക്കുന്നു.
എഐ ഡിപ്രഷന്‍ സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍
എഐ കാരണം ഉണ്ടാകുന്ന വിഷാദത്തെ നിങ്ങള്‍ക്ക് യഥാസമയം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. നിങ്ങളോ നിങ്ങള്‍ക്ക് അറിയുന്ന ആരെങ്കിലുമോ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കണ്ടേക്കാം.
- ആത്മവിശ്വാസക്കുറവ്
- ചെറിയതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും എഐയെ ആശ്രയിക്കുക
- മനുഷ്യരുമായുള്ള ഇടപെഴകല്‍ കുറയ്ക്കുക
- സ്വയം ഉപയോഗശൂന്യനോ ദുര്‍ബലനോ ആണെന്ന് തോന്നുക
- ക്രിയേറ്റിവിറ്റിയും പ്രചോദനവും നഷ്ടപ്പെടുക
- തുടര്‍ച്ചയായ ക്ഷീണം അല്ലെങ്കില്‍ അസ്വസ്ഥത
ഇവയെല്ലാം യഥാസമയം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ അവസ്ഥ ഗുരുതരമായ വിഷാദത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് ഡോ. ജെയിന്‍ പറയുന്നു.
എഐ ഡിപ്രഷന്‍ സിന്‍ഡ്രത്തില്‍ നിന്ന് എങ്ങനെ രക്ഷനേടാം
സൈക്യാട്രിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷ നേടാന്‍ പ്രയാസമില്ല, ഇതിനായി നിങ്ങള്‍ കുറച്ച് നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മതി.
- എഐയെ ഒരു ടൂളായി മാത്രം കാണുക, ഒരു താങ്ങായി കാണരുത്
- എഐയെ ഒരു സഹായകരമായ ഉപാധിയായി മാത്രം ഉപയോഗിക്കുക, എല്ലാ കാര്യങ്ങള്‍ക്കും ഒരു ഊന്നുവടിയായി കാണരുത്.
- ഡിജിറ്റല്‍ ഡിടോക്‌സ് ചെയ്യുക
- ദിവസവും കുറച്ച് മണിക്കൂറുകള്‍ മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും അകലം പാലിക്കുക. പുസ്തകങ്ങള്‍ വായിക്കുക, നടക്കാന്‍ പോകുക അല്ലെങ്കില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
- സ്‌കില്‍സ് അപ്‌ഗ്രേഡ് ചെയ്യുക, പുതിയ പുതിയ കഴിവുകള്‍ പഠിക്കുക, അതുവഴി നിങ്ങളുടെ ക്രിയേറ്റിവിറ്റിയും വിശകലന ശേഷിയും നിലനിര്‍ത്താന്‍ സാധിക്കും.
- യഥാര്‍ത്ഥ ബന്ധങ്ങള്‍ക്ക് സമയം നല്‍കുക,സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ ഏകാന്തതയും സമ്മര്‍ദവും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
- മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക,സ്ഥിതി കൂടുതല്‍ വഷളാകുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെയോ കൗണ്‍സിലറെയോ സമീപിക്കുക.
വിദഗ്‌ദ്ധോപദേശം ഇങ്ങനെ: AI നമ്മുടെ ജീവിതം എളുപ്പമാക്കാനുള്ള ഒരു ഉപാധി മാത്രമാണ്.. അതിനെ അമിതമായി ആശ്രയിക്കാതിരിക്കുക.