മേജർ ലീഗ് സോക്കറിൽ തകർപ്പൻ പ്രകടനവുമായി ലയണൽ മെസിയുടെ ഇന്റർ മിയാമി. ലീഗ്സ് കപ്പ് ചാമ്പ്യന്മാരായ സിയാറ്റിൽ സൗണ്ടേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മിയാമി തകർപ്പൻ വിജയം നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസി കളം നിറഞ്ഞു കളിച്ചു.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ ജോഡി ആൽബയാണ് മിയാമിക്കുവേണ്ടി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, ആൽബയുടെ അസിസ്റ്റിൽ മെസിയും ഗോൾ നേടി. 41-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മിയാമി മൂന്നാം ഗോൾ നേടി. 52-ാം മിനിറ്റിൽ ഡി പോളിന്റെ അസിസ്റ്റിൽ ഇയാൻ ഫ്രേയാണ് ഗോൾ നേടിയത്.
Also Read: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പുതിയ കാമുകി ആരാണ്? സമൂഹമാധ്യമത്തിൽ ആരാധകരുടെ ചൂടേറിയ ചർച്ച
ഈ വിജയത്തോടെ 2025-ലെ ലീഗ്സ് കപ്പ് ഫൈനലിൽ സിയാറ്റിൽ സൗണ്ടേഴ്സിനോടേറ്റ തോൽവിക്ക് മിയാമി പകരം വീട്ടി. സെപ്റ്റംബർ ഒന്നിന് നടന്ന ലീഗ്സ് കപ്പ് ഫൈനലിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും പരാജയപ്പെട്ടത്.
The post മെസിയുടെ അഴിഞ്ഞാട്ടം ! സിയാറ്റിൽ സൗണ്ടേഴ്സിനെ വീഴ്ത്തി ഇന്റർ മിയാമി appeared first on Express Kerala.