
പാലക്കാട്: വിൽപനയ്ക്കായി കൊണ്ടുവന്ന ഈനാംപേച്ചിയുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ. ആനന്ദകുമാറിനെയാണ് വനംവകുപ്പ് പിടികൂടിയത്. ഈനാംപേച്ചിയെ കൊന്ന് തദ്ദേശീയ മരുന്നുണ്ടാക്കുന്ന സംഘത്തിന് കൈമാറാനായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വനംവകുപ്പ് അറിയിച്ചു.
വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആനന്ദകുമാറിന്റെ വാഹനം വാളയാർ അതിർത്തി കടന്നതോടെ പ്രത്യേക അന്വേഷണ സംഘവും നെല്ലിയാമ്പതി ഫ്ലയിങ് സ്ക്വാഡും വാളയാർ റേഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് പിന്തുടർന്നു. അതിർത്തിക്കപ്പുറം ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ച് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ, 16 കിലോ തൂക്കം വരുന്ന ജീവനുള്ള ഈനാംപേച്ചിയെ കണ്ടെത്തി. പ്രതിയെയും വാഹനവും ഈനാംപേച്ചിയെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
രാജ്യാന്തരതലത്തിൽ വിപണനം നിരോധിച്ചിട്ടുള്ള ഈനാംപേച്ചിയെ ഉയർന്ന വിലയ്ക്ക് തദ്ദേശീയ മരുന്നുകൾക്കും മറ്റുമായി രഹസ്യമായി കൈമാറ്റം ചെയ്യുന്നതായാണ് വിവരം. ഈനാംപേച്ചിയുടെ ശൽക്കങ്ങളും ഇറച്ചിയും മരുന്നിനായി ഉപയോഗിക്കുന്നതായും സൂചനയുണ്ട്.
ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ആർക്കുവേണ്ടിയാണ് ഇവയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് വനംവകുപ്പിന്റെ തീരുമാനം. അതേസമയം, വനംവകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഈനാംപേച്ചിയെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു.
The post കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഈനാംപേച്ചി; പാലക്കാട് യുവാവ് പിടിയിൽ appeared first on Express Kerala.









