
തിരുവനന്തപുരം: വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ തിരുവനന്തപുരത്തെ ഭൂമി കൈക്കലാക്കിയ പ്രതി പിടിയിൽ. ആറ് കോടി രൂപയുടെ വസ്തു തട്ടിയെടുത്ത മുഖ്യപ്രതി വ്യവസായിയായ അനിൽ തമ്പിയെ ചെന്നൈയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ തിരുവനന്തപുരം കവടിയാറുള്ള വീടും സ്ഥലവുമാണ് അനിലിന്റെ നേതൃത്വത്തിൽ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തത്. ഡോറയുമായി രൂപസാദൃശ്യമുള്ള സ്ത്രീയെ കൊണ്ടുവന്ന് ഇവരുടെ മകൾക്ക് വസ്തു നൽകിയതായി രേഖ ഉണ്ടാക്കിയ ശേഷം അനിലന്റെ ബന്ധു ചന്ദ്രസേനൻ എന്നയാളുടെ പേരിലേക്ക് ഭൂമി മാറ്റുകയായിരുന്നു.
ഡോറയുടെ ബന്ധു കരം അടയ്ക്കാൻ എത്തിയപ്പോഴാണ് ഭൂമി വിൽപ്പന നടത്തിയതായി വിവരം പുറത്തുവന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ അനിൽ ഒളിവിൽ പോയി. മാസങ്ങളായി അനിലിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. രഹസ്യവിവരത്തിനടിസ്ഥാനത്തിൽ പോലീസ് ചെന്നൈയിൽ എത്തിയാണ് അനിലിനെ പിടികൂടിയത്. അനിലിന് വ്യാജ ആധാരമുണ്ടാക്കാൻ സഹായം ചെയ്തു കൊടുത്തത് കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനായിരുന്നു. ഇയാളെയടക്കം മ്യൂസിയം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അനിലിന് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
The post വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ appeared first on Express Kerala.









