
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ തൃശൂര്‍ മുന്‍സിപ്പില്‍ സ്റ്റേഡിയത്തില്‍ ആതിഥേയരായ തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍ വാരിയേഴ്സിനെ നേരിടും. രാത്രി 7.30ന് കിക്കോഫ്.
കാലിക്കറ്റ് എഫ്സിക്ക് പിന്നാലെ സെമിയിലേക്ക് യോഗ്യത നേടിയ ടീമായതിനാല്‍ തൃശൂര്‍ മാജിക് എഫ്സിക്ക് ഈ മത്സരം നിര്‍ണായകമല്ല. അതേസമയം കണ്ണൂര്‍ വാരിയേഴ്സിന് അങ്ങനെയല്ല, സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വിജയിച്ചേ മതിയാകൂ. കളി സമനിലയിലോ തോല്‍ക്കുകയോ ചെയ്താല്‍ കണ്ണൂര്‍ വാരിയേഴ്സ് സെമി കാണാതെ പുറത്താകും. കൂടാതെ നാളെയും മറ്റന്നാളുമായി നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ്-കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി-ഫോഴ്സ കൊച്ചി മത്സര ഫലവും ആശ്രയിച്ചായിരിക്കും അവരുടെ സെമി സാധ്യത നിലനില്‍ക്കുക. ഹോം ഗ്രൗണ്ടിലെ നിരാശാജനകമായ പ്രകടനമാണ് കണ്ണൂര്‍ വാരിയേഴ്സിന് തിരിച്ചടിയായത്. കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് കളിച്ച അഞ്ച് ഹോം മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കഴിയാത്തതാണ് അവര്‍ക്ക് കനത്ത തിരിച്ചടിയായത്. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നില്‍ കനത്ത തോല്‍വി വഴങ്ങി. ആദ്യ നാല് എവേ കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി മുന്നേറിയ കണ്ണൂര്‍ സ്വന്തം ഗ്രൗണ്ടിലെ ആദ്യ കളിയിലും സമനിലയോടെ തുടങ്ങി. എന്നാല്‍ തുടര്‍ന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നടന്ന നാല് കളികളില്‍ മൂന്ന് പരാജയം ഏറ്റുവാങ്ങിയതാണ് അവരുടെ കുതിപ്പിന് കനത്ത തിരിച്ചടിയായത്.
അവസാന കളിയില്‍ സ്വന്തം മൈതാനത്ത്് കാലിക്കറ്റ് എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ പരാജയപ്പെട്ടത്. ദുര്‍ബലമായ പ്രതിരോധമാണ് കണ്ണൂരിനെ ഏറ്റവും ബുദ്ധിമുട്ടിലാക്കുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ പൊളിയുകയായിരുന്നു പല കളികളിലും. കഴിഞ്ഞ ഒന്‍പത് കളികളില്‍ നിന്ന് അവര്‍ വഴങ്ങിയ ഗോളുകളുടെ എണ്ണം ഇതിന് തെളിവാണ്. 11 ഗോളുകള്‍ നേടിയ അവര്‍ വഴങ്ങിയത് 15 എണ്ണം. ഫോഴ്സ കൊച്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമുകളില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. അതുപോലെ സ്ട്രൈക്കര്‍മാരും ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ കളികളിലെല്ലാം അവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുന്നേറ്റനിരയ്‌ക്ക് പിഴച്ചതും തിരിച്ചടിയാവുകയായിരുന്നു. കാലിക്കറ്റിനെതിരെ അവര്‍ ഉതിര്‍ത്ത പത്ത് ഷോട്ടുകളില്‍ നാലെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്.
കാലിക്കറ്റ് എഫ്‌സിക്കെതിരെ കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ടീമില്‍ മാറ്റങ്ങളുമായായിരിക്കും ഇന്നത്തെ നിര്‍ണായക പോരാട്ടത്തിന് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുക. പരിക്കാണ് ടീമിനെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം. മധ്യനിര താരം ലവ്സാംബ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായിട്ടില്ല. അതോടൊപ്പം ടി. ഷിജിന്‍, ഷിബിന്‍ സാദ് തുടങ്ങിയ താരങ്ങള്‍ പരിക്ക് മാറിയെന്നത് നേരിയ ആശ്വാസമാണ്.
2024ലെ ആദ്യ സീസണില്‍ ദയനീയ പ്രകടനം നടത്തി ഏറ്റവും പിന്നില്‍ ആറാമതായി സ്ഥാനം പിടിച്ച തൃശൂര്‍ മാജിക് എഫ്സി രണ്ടാം സീസണില്‍ പരിശീലകന്‍ ആന്ദ്രേ ചാര്‍ണിഷാവിന്റെ ശിക്ഷണത്തില്‍ അടിമുടി മാറി മികച്ച പ്രകടനം നടത്തുന്നതാണ് രണ്ടാം സീസണില്‍ കണ്ടത്. കരുത്തുറ്റ പ്രതിരോധമാണ് തൃശൂരിന്റെ മുതല്‍ക്കൂട്ട്. ഈ സീസണില്‍ ഏറ്റവും കുറവ് ഗോള്‍ അടിച്ചതും വഴങ്ങിയതും തൃശൂര്‍ മാജിക് എഫ്സിയാണ്. കളിച്ച ഒന്‍പതില്‍ അവര്‍ അടിച്ചത് എട്ട് ഗോളും വഴങ്ങിയത് അഞ്ച് ഗോളും മാത്രമാണ്. സൂപ്പര്‍ ലീഗിലെ തന്നെ മികച്ചൊരു ടീമായി തൃശൂര്‍ മാജിക് എഫ്‌സി മാറിയിട്ടുണ്ട്. കരുത്തുറ്റ പ്രതിരോധ നിരയും മധ്യനിരയുമാണ് ടീമിന്റെ കരുത്ത്. ഒരു ഗോളടിച്ച് പ്രതിരോധിക്കുന്നതാണ് ടീമിന്റെ ശൈലി. ഇവാന്‍ മാര്‍കോവിച്ച്, ജാവിയര്‍ പാഡില്ല, മെയില്‍സണ്‍ ആല്‍വസ്, മാര്‍കസ് ജോസഫ്, ഫ്രാന്‍സിസ് ന്യുയര്‍, തുടങ്ങിയ വിദേശ താരങ്ങളും ഉമാശങ്കര്‍, ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ, ലെനി റോഡ്രിഗസ്, നവീന്‍ കൃഷ്ണ തുടങ്ങിയ ദേശീയ-ആഭ്യന്തര താരങ്ങളുമടങ്ങിയതാണ് തൃശൂരിന്റെ താരനിര. ഈ സീസണില്‍ തങ്ങളുടെ ആദ്യ കളിയില്‍ മലപ്പുറത്തിനോട് തോറ്റു തുടങ്ങിയ തൃശൂര്‍ പിന്നീട് നടന്ന എട്ട് കളികളില്‍ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. കാലിക്കറ്റ് എഫ്സിയോടായിരുന്നു ആ തോല്‍വി. നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് വീതം തോല്‍വിയും സമനിലയുമടക്കം 17 പോയിന്റുമായി അവര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
ഇരുവരും കണ്ണൂരില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.









