
ചരിത്രത്തിന്റെ താളുകളിൽ, 1962 ഒക്ടോബർ 20-ന് ആരംഭിച്ച് നവംബർ 20-ന് ചൈനയുടെ ഏകപക്ഷീയമായ വെടിനിർത്തലോടെ അവസാനിച്ച ഇന്ത്യാ-ചൈനാ യുദ്ധം, ഹിമാലയൻ അതിർത്തിയിലെ മക്മോഹൻ രേഖയെച്ചൊല്ലിയുള്ള തർക്കങ്ങളുടെ ഫലമാണെന്നാണ് പൊതുവായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ പരമ്പരാഗത ധാരണയെ കീറിമുറിച്ചുകൊണ്ട് ഒരു പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന് അടിത്തറ പാകുന്നതിൽ അമേരിക്ക നിർണ്ണായകമായ പങ്ക് വഹിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഈ പഠനം നടത്തുന്നത്. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പഠനത്തിന്റെ അടിത്തറയും വെല്ലുവിളികളും
ജിൻഡാൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിലെ ഡോ. ലക്ഷ്മൺ കുമാർ നടത്തിയ പഠനം, ”1962 ലെ ചൈന-ഇന്ത്യൻ അൺറാവലിംഗ്: ദി ജോപോളിറ്റിക്കൽ ഡിമെൻഷൻസ് ഓഫ് ദി 1962 സിനോ–ഇന്ത്യൻ കോൺഫ്ലിക്റ് എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധീകരിച്ചത്. രഹസ്യമായി സൂക്ഷിച്ചിരുന്ന സിഐഎ രേഖകൾ, പ്രധാനമന്ത്രിമാരുടെ മ്യൂസിയം & ലൈബ്രറി (PMML) രേഖകൾ, ഫോറിൻ റിലേഷൻസ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (FRUS) ശേഖരങ്ങൾ, ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി രേഖകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ പഠനം.
പഠനം വാദിക്കുന്നത്, ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷം ഒറ്റയടിക്ക് യുദ്ധത്തിൽ കലാശിക്കുകയായിരുന്നില്ല; മറിച്ച്, 1950-കളുടെ അവസാനത്തിലും 1960-കളുടെ തുടക്കത്തിലും അമേരിക്കയും സോവിയറ്റ് യൂണിയനും പിന്തുടർന്ന നയങ്ങൾ ഇരു രാജ്യങ്ങളിലും ഉദ്ദേശിച്ചതും അല്ലാത്തതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എന്നാണ്. ശീതയുദ്ധ ലക്ഷ്യങ്ങൾക്കായി ഇരു രാജ്യങ്ങളെയും വിഭജിക്കാൻ അമേരിക്ക ശ്രമിച്ചു. “സോവിയറ്റുകൾ ഇന്ത്യയുമായും ചൈനയുമായും സഹകരിക്കാൻ ആഗ്രഹിച്ചപ്പോൾ, അമേരിക്ക വ്യക്തമായ ഒരു വിഭജനം ആഗ്രഹിച്ചു,” എന്ന് കുമാർ എഴുതുന്നു.
ടിബറ്റ്: അമേരിക്കയുടെ ‘വിഭജിച്ച് കീഴടക്കുക’ തന്ത്രം
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചേരിചേരാ പാത തിരഞ്ഞെടുത്ത നിലപാട് അമേരിക്കക്ക് അതൃപ്തി ഉണ്ടാക്കി. ന്യൂഡൽഹിയുടെ വിദേശനയത്തിൽ സ്വാധീനം ചെലുത്തുന്നതിനായി, ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു പ്രശ്നത്തിലേക്ക് അമേരിക്ക ടിബറ്റിനെ ഒരു ആയുധമായി ഉയർത്തിക്കൊണ്ടുവന്നു. 1956-ലെ ടിബറ്റൻ പ്രക്ഷോഭം മുതലെടുക്കാൻ അമേരിക്കൻ ശ്രമിച്ചു. ടിബറ്റിനുള്ളിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾക്ക് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) ഫണ്ടുകളും സപ്ലൈസും രഹസ്യാന്വേഷണ ദൗത്യങ്ങളും ഉൾപ്പെടെ പിന്തുണ നൽകിയതായി രേഖകൾ വെളിപ്പെടുത്തുന്നു.
1959-ൽ പതിനാലാമത് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷമുള്ള സംഭവവികാസങ്ങൾ അമേരിക്ക മുതലെടുത്തു. സിഐഎയുടെ നടപടികൾ ടിബറ്റിനെ സഹായിക്കുക എന്നതിലുപരി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത വർധിപ്പിക്കുകയും മേഖലയിൽ ഒരു കരാറിലെത്താനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പഠനം പറയുന്നു.

ചൈനയുടെ ധാരണ: “ഇന്ത്യ കലാപം പ്രേരിപ്പിച്ചുകൊണ്ട് ‘ടിബറ്റ് പിടിച്ചെടുക്കാൻ’ ഗൂഢാലോചന നടത്തുകയാണെന്ന് ചൈനയ്ക്ക് ബോധ്യപ്പെട്ടു,” എന്ന് കുമാർ എഴുതി. “1959 മാർച്ചിലെ ടിബറ്റൻ കലാപത്തിന്റെ ഫലങ്ങളിൽ അമേയ്ക്കാൻ രഹസ്യാന്വേഷണ വിഭാഗം സംതൃപ്തരായിരുന്നു, കാരണം അത് ചൈന-ഇന്ത്യ ബന്ധങ്ങളിൽ വലിയ സംഘർഷത്തിന് കാരണമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ ഫലം: അമേരിക്കയുടെ വിജയം
മുൻ അമേരിക്കൻ അംബാസഡർ ജോൺ കെന്നത്ത് ഗാൽബ്രൈത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ പോലും, ഇന്ത്യയ്ക്കുള്ളിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനായി സിഐഎ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്തിയതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അമേരിക്കയുടെ രഹസ്യ പ്രവർത്തനങ്ങൾ, ഇന്ത്യയെയും ചൈനയെയും ഒരു കൂട്ടിയിടിയുടെ പാതയിലേക്ക് നയിക്കുകയും ചൈന-സോവിയറ്റ് വിഭജനം കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു.
സൈനിക സഹായം: നെഹ്‌റുവിന്റെ ചേരിചേരാ നിലപാട് ഉണ്ടായിരുന്നിട്ടും, ഈ യുദ്ധം അദ്ദേഹത്തെ അമേരിക്കയിൽ നിന്ന് സൈനിക സഹായം തേടാൻ നിർബന്ധിതനാക്കി. ഇത് അമേരിക്കയ്ക്ക് വളരെയധികം തൃപ്തികരമായിരുന്നു. അതായത്, അമേരിക്കയ്ക്ക് “അവർ ആഗ്രഹിച്ചതിലും കൂടുതൽ” ലഭിച്ചു.
ഇന്ത്യക്കുള്ള മുന്നറിയിപ്പ്
സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ഡോ. കുമാർ മുന്നറിയിപ്പ് നൽകുന്നത് ഇതാണ്: “സ്വന്തം താൽപ്പര്യങ്ങൾക്കായി ഇന്ത്യ-ചൈന തർക്കങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചേക്കാവുന്ന ബാഹ്യ സ്വാധീനങ്ങൾക്കെതിരെ ഇന്ത്യ ജാഗ്രത പാലിക്കണം.” അതോടൊപ്പം, ടിബറ്റിലെ ‘സാമ്രാജ്യത്വ ഗൂഢാലോചന’യെക്കുറിച്ച് ബോധവാന്മാരായിരുന്നിട്ടും, സംഘർഷത്തിന് തുടക്കമിട്ടതിന് ചൈന നൽകിയ കനത്ത വില അംഗീകരിക്കേണ്ടതുണ്ടെന്നും പഠനം ഓർമ്മിപ്പിക്കുന്നു. ചുരുക്കത്തിൽ, 1962-ലെ യുദ്ധം കേവലം അതിർത്തി തർക്കമായിരുന്നില്ല, മറിച്ച് ശീതയുദ്ധ കാലത്തെ ഭൂരാഷ്ട്രീയ തന്ത്രങ്ങളുടെയും ഒരു വലിയ ശക്തിയുടെ രഹസ്യ ഇടപെടലുകളുടെയും ഫലമായിരുന്നു എന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
The post 1962 ലെ യുദ്ധം: അതിർത്തിത്തർക്കമോ അമേരിക്കൻ തന്ത്രമോ? ഇന്ത്യാ-ചൈനാ യുദ്ധത്തിന് പിന്നിൽ അമേരിക്ക രഹസ്യമായി കളിച്ച കളി! appeared first on Express Kerala.








