
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. വിദര്‍ഭ ആറ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ ഒമ്പത് പന്ത് ശേഷിക്കേ ലക്ഷ്യം മറികടന്നു. 36 പന്തില്‍ 54 റണ്‍സ് നേടിയ ഓപ്പണര്‍ അതാര ടൈഡെയാണ് ടോപ് സ്‌കോറര്‍. നേരത്തെ കേരളത്തിനായി സഞ്ജു സാംസണ്‍ (1) നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി രോഹന്‍ കുന്നുമ്മലും (35 പന്തില്‍ 58) വിഷ്ണു വിനോദും (38 പന്തില്‍ 65) തിളങ്ങിയതാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവര്‍ക്കുമപ്പുറം അബ്ദുള്‍ ബാസിദ് (16) മാത്രമാണ് രണ്ടക്കം കണ്ടത്. വിദര്‍ഭയ്‌ക്കായി യഷ് ഠാക്കുര്‍ 3.2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.
ദേവ്ദത്തിന് അതിവേഗ സെഞ്ച്വറി
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മലയാളി താരം ദേവ് ദത്ത് പടിക്കലിന്റെ ഉശിരന്‍ സെഞ്ച്വറി. തമിഴിനാടിനെതിരായ മത്സരത്തില്‍ കര്‍ണാടകയ്‌ക്കായി ഇറങ്ങിയ താരം 46 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ആറ് സിക്‌സിന്റെയും പത്ത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ദേവ്ദത്ത് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ 146 റണ്‍സിന്റെ കൂറ്റന്‍ ജയം നേടാനും കര്‍ണാടകയ്‌ക്കായി. ടോസ് ലഭിച്ച തമിഴ്നാട് കര്‍ണാടകയെ ബാറ്റിങ്ങിനയച്ചു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് 14.2 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി. 29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. കര്‍ണാടകയ്‌ക്കായി ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
ബാറ്റിങ് വൈഭവം വീണ്ടും
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വിസ്ഫോടനം. ബിഹാറിനായി ഇറങ്ങിയ വൈഭവ് മഹാരാഷ്‌ട്രക്കെതിരായ മത്സരത്തില്‍ അടിച്ചുകൂട്ടിയത് 61 പന്തില്‍ 108 റണ്‍സാണ്. അതും പുറത്താകാതെ. ഏഴ് സിക്സും ഏഴ് ബൗണ്ടറിയും ഇന്നിങ്സിന് ചാരുതയായി. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ച്വറിയാണിത്. കേവലം 17വയസുള്ള വൈഭവ് മുഷ്താഖ് അലിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. മത്സരത്തില്‍ ബിഹാറിന് പരാജയമായിരുന്നു ഫലം. ആദ്യം ബാറ്റ്ചെയ്ത ബിഹാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയെങ്കിലും മഹാരാഷ്്്ട്ര വിജയലക്ഷ്യം അനായാസം മറികടന്നു. പൃഥ്വി ഷാ (30 പന്തില്‍ 66) മികച്ച പ്രകടനം പുറത്തെടുത്തു.
പാണ്ഡ്യയുടെ ഗംഭീര വരവ്
പരിക്കുമാറി കളത്തിലിറങ്ങിയ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ മിന്നും പ്രകടനത്തോടെ തിരിച്ചുവരവ് ആവേശമാക്കി. സയ്യിദ് മുഷ്താഖ് അലിയില്‍ പഞ്ചാബിനെതിരേ ബറോഡയ്്ക്കായി ഇറങ്ങിയപാണ്ഡ്യ 42 പന്തില്‍ പുറത്താവാതെ 77 റണ്‍സ് അടിച്ചുകൂട്ടി. നേടി. നാല് സിക്സറുകളും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ മികവില്‍ പഞ്ചാബിനെതിരെ ബറോഡ ഏഴ് വിക്കറ്റിന്റെ ജയം ആഘോഷിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. അന്‍മോല്‍പ്രീത് സിംഗ് (69), അഭിഷേക് ശര്‍മ (50) എന്നിവര്‍ തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ബറോഡ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിഷ്ണു സോളങ്കി 43 റണ്‍സെടുത്തു.









