
ബെംഗളൂരു: എടിഎമ്മിലേക്കുള്ള പണവുമായി പോയ വാഹനം കവർന്നതിന്റെ ഞെട്ടൽ മാറുംമുമ്പേ കർണാടകത്തിൽ വീണ്ടും കവർച്ചാശ്രമം. ബെലഗാവിയിൽ എടിഎം മെഷീൻ പൂർണ്ണമായും എടുത്തുമാറ്റി ഉന്തുവണ്ടിയിൽ കയറ്റി കടത്തിക്കൊണ്ടുപോയാണ് കവർച്ചക്കാർ അധികൃതരെ വെല്ലുവിളിച്ചത്.
നവംബർ 30 ന് രാത്രിയാണ് ബെലഗാവിയെ നടുക്കിയ മോഷണം നടന്നത്. ദേശീയ പാത-48-നോട് ചേർന്ന ഹോസവന്തമുരിയിലുള്ള എടിഎം കൗണ്ടറിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് മോഷണം നടത്തിയത്. ഇവർ ഒരു ഉന്തുവണ്ടിയുമായാണ് എടിഎം കൗണ്ടറിൽ അതിക്രമിച്ചു കടന്നത്. മോഷണത്തിന് മുമ്പ്, അലാറം മുഴങ്ങുന്നത് ഒഴിവാക്കാനായി എടിഎമ്മിനുള്ളിലെ സെൻസറുകളിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്ത് പ്രവർത്തനരഹിതമാക്കി.
തുടർന്ന്, മെഷീൻ നിലത്ത് നിന്ന് വേർപെടുത്തി ഉന്തുവണ്ടിയിൽ കയറ്റി. ഏകദേശം 200 മീറ്ററോളം ദൂരം ഉന്തുവണ്ടി തള്ളിക്കൊണ്ടുപോയ ശേഷം, അവിടെ കാത്തുനിന്ന വാഹനത്തിലേക്ക് മെഷീൻ കയറ്റി സംഘം രക്ഷപ്പെടുകയായിരുന്നു. കവർച്ച നടക്കുമ്പോൾ എടിഎം മെഷീനിൽ ഒരു ലക്ഷം രൂപയിലധികം പണമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post സെൻസറിൽ ബ്ലാക്ക് സ്പ്രേ, മെഷീൻ ഉന്തുവണ്ടിയിൽ; ബെലഗാവിയെ ഞെട്ടിച്ച് ‘ഹോളിവുഡ്’ മോഡൽ മോഷണം! appeared first on Express Kerala.









