
ആലപ്പുഴ: വോട്ടിംഗ് മെഷീൻ തകരാറിനെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയ ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒന്നാം ബൂത്തിൽ ഡിസംബർ 11 റീപോളിങ് നടക്കും. ഡിസംബർ 9-ന് നടന്ന വോട്ടെടുപ്പ് വരണാധികാരിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് കമ്മീഷൻ റദ്ദാക്കിയത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡ്, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാർഡ് എന്നിവിടങ്ങളിലേക്കാണ് ഇവിടെ റീപോളിങ് നടക്കുന്നത്.
ഡിസംബർ 11ന് രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ച് വൈകിട്ട് 6 മണി വരെ വോട്ടെടുപ്പ് തുടരും. സ്ഥാനാർത്ഥികളുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഡിസംബർ 11ന് രാവിലെ 6 മണിക്ക് മോക് പോൾ നടത്തും. വോട്ടെണ്ണൽ ഡിസംബർ 13-ന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രത്തിൽ വെച്ചുതന്നെ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Also Read: ‘വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും’: കെസി വേണുഗോപാൽ
പോളിങ്ങിനായി സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി സെറ്റ് ചെയ്ത പുതിയ വോട്ടിങ് മെഷീനുകൾ പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനിൽ അധിക പോലീസ് സുരക്ഷ ഏർപ്പെടുത്തും. റീപോളിങ്ങിൽ വോട്ട് ചെയ്യാൻ എത്തുന്നവരുടെ ‘ഇടതു കൈയ്യിലെ നടുവിരലിൽ’ ആയിരിക്കും ഇത്തവണ മായാത്ത മഷി രേഖപ്പെടുത്തുക. ഡിസംബർ 9-ന് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടിയിരുന്നതിനാലാണ് കമ്മീഷൻ നടുവിരലിൽ മഷിയടയാളം രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
ഈ റീപോളിങ്ങിൽ വോട്ടർമാർക്ക് പങ്കെടുക്കുന്നതിനായി അവധി അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. മുഴുവൻ വോട്ടർമാർക്കും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. വോട്ടെടുപ്പ് ഡിസംബർ 11ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 വരെ തുടരും.
The post വോട്ടിംഗ് മെഷീൻ തകരാർ! ആലപ്പുഴ മണ്ണഞ്ചേരിയിൽ ഡിസംബർ 11ന് റീപോളിങ് appeared first on Express Kerala.






