
ഡൽഹി: വിമാന സർവീസുകൾ താളംതെറ്റിയതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ഇൻഡിഗോ, വിപണിയിൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളിയാകുന്ന നിർണ്ണായക നീക്കവുമായി രംഗത്ത്. പുതിയ നിയമനങ്ങൾ മരവിപ്പിച്ച നടപടി പിൻവലിച്ച കമ്പനി, മറ്റ് വിമാനക്കമ്പനികളിൽ നിന്ന് പരമാവധി പരിചയസമ്പന്നരായ പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്.
900 പൈലറ്റുമാർക്ക് ‘കോളടിക്കും’
എയർബസ് എ320 വിമാനങ്ങളിലേക്ക് പുതിയ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഇൻഡിഗോ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ഒരു വർഷത്തിനുള്ളിൽ 300 ക്യാപ്റ്റൻമാരെയും 600 ഫസ്റ്റ് ഓഫീസർമാരെയും നിയമിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഈ പരിചയസമ്പന്നരായ പൈലറ്റുമാരെ തങ്ങളുടെ ഭാഗമാക്കാൻ ഇൻഡിഗോ ഉയർന്ന ശമ്പള പാക്കേജുകളും വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
പ്രതിസന്ധിക്ക് കാരണം നിയമന നിരോധനം
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) പരിഷ്കരിച്ചതിനെ തുടർന്നാണ് ഇൻഡിഗോയുടെ പ്രതിസന്ധി പുറത്തുവന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം അനുവദിക്കുന്നതിനുമാണ് ഡിജിസിഎ പുതിയ പരിഷ്കരണം കൊണ്ടുവന്നത്. രാത്രി ജോലി സമയം പുനഃക്രമീകരിച്ച ഈ പരിഷ്‌കരണം, ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ കുറവിന് ഇൻഡിഗോയെ എത്തിച്ചു. നിയമന നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനിയിലെ പൈലറ്റുമാരുടെ സംഘടനകൾ അടക്കം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻഡിഗോ നിയമന നടപടികൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
The post പ്രതിസന്ധി മറികടക്കാൻ ഇൻഡിഗോയുടെ മാസ്റ്റർ പ്ലാൻ! 900 പൈലറ്റുമാർക്ക് അവസരം; എതിരാളികൾക്ക് വെല്ലുവിളി appeared first on Express Kerala.









