
കൊച്ചി: “കോൺഗ്രസിൽ സ്ത്രീലമ്പടൻമാരാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സ്വന്തം സഹപ്രവർത്തകനും മുൻ സിപിഎം എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന് എതിരായ പരാതി പൂഴ്ത്തിവെച്ചു” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വന്തക്കാരനെ രക്ഷിക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിച്ചെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ സഹപ്രവർത്തകനായ മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ നവംബർ 27-നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി ലഭിച്ചത്. എന്നാൽ, ഈ പരാതി പോലീസിന് കൈമാറിയത് ഡിസംബർ രണ്ടിനും കേസെടുത്തത് ഡിസംബർ എട്ടിനുമാണ്. “പതിമൂന്ന് ദിവസം ഈ പരാതി എന്തുകൊണ്ടാണ് പൂഴ്ത്തിവച്ചത്?” എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
Also Read: കേരളം ഇനി മാറും! ‘വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞ്’ ബിജെപി
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഒരു എംഎൽഎയ്‌ക്കെതിരെ പരാതി കിട്ടിയപ്പോൾത്തന്നെ അത് പോലീസിന് കൈമാറി. എന്നാൽ, ഒരു സ്ത്രീ നൽകിയ പരാതി മുൻ സിപിഎം എംഎൽഎയ്‌ക്കെതിരെ ആയപ്പോൾ മുഖ്യമന്ത്രി എന്തിനാണ് അത് പൂഴ്ത്തിവെച്ചത്? ഇത് ഇരട്ട നീതിയാണ് എന്ന് സതീശൻ ആരോപിച്ചു.
സ്വന്തക്കാരുടെ കേസ് വരുമ്പോൾ മുഖ്യമന്ത്രി എല്ലാം വൈകിപ്പിക്കുകയാണ്. ഈ അന്യായം കേരളം അറിയണം. “കോൺഗ്രസിൽ സ്ത്രീലമ്പടൻമാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈംഗിക അപവാദ കേസുകളിൽ ഉൾപ്പെട്ട എത്ര പേർ മന്ത്രിസഭയിലും എംഎൽഎമാരിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കിയാൽ നന്നായിരിക്കുമെന്നും” വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
The post കോൺഗ്രസിനെ കുറ്റപ്പെടുത്തും മുൻപ് മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ ‘സ്ത്രീലമ്പടൻമാരെ’ എണ്ണുമോ? വി.ഡി. സതീശൻ appeared first on Express Kerala.









