മനാമ: പ്രവാസി മലയാളികളുടെ കലാ–സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച പതിനഞ്ചാമത് മനാമ സോൺ പ്രവാസി സാഹിത്യോത്സവ് സൽമാനിയയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയിൽ മനാമ സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകൾ പങ്കെടുത്തു.സാഹിത്യോത്സവിൽ സൽമാനിയ സെക്ടർ ഒന്നാം സ്ഥാനവും, സൽമാബാദ് സെക്ടർ രണ്ടാം സ്ഥാനവും, ബുദയ്യ സെക്ടർ മൂന്നാം സ്ഥാനവും നേടി.
ആർ.എസ്.സി മനാമ സോൺ ചെയർമാൻ അൽത്താഫ് അസ്ഹരിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഐ.സി.എഫ് സൽമാബാദ് റീജിയൺ പ്രസിഡന്റ് റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ചെയർമാൻ മൻസൂർ അഹ്സനി സന്ദേശ പ്രഭാഷണം നടത്തി, ഐ സി എഫ് മനാമ റീജിയണൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മാമ്പ വിജയികളെ പ്രഖ്യാപിച്ചു. രിസാല എഡിറ്റർ വി.പി.കെ മുഹമ്മദ്, യൂസഫ് അഹ്സനി, ബഷീർ ഹിഷാമി ക്ലാരി, ഹംസ ഖാലിദ് സഖാഫി, പി. ടി. അബ്ദുറഹ്മാൻ, അബ്ദുള്ള രണ്ടത്താണി, അഷ്റഫ് മങ്കര, ജാഫർ ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു. സോൺ സാഹിത്യോത്സവ് കൺവീനർ അഫ്സൽ ഒറ്റപ്പാലം സ്വാഗതവും ചെയർമാൻ ഇർഷാദ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.









