മനാമ. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുകയും അതിലൂടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന നാടകമാണ് ലോക കേരളസഭ ലക്ഷ്യം വെയ്ക്കുന്നതെന്ന് കെ എം സി സി ബഹ്റൈൻ കുറ്റപ്പെടുത്തി
പ്രവാസി വിഷയങ്ങൾ പരിഹരിക്കാൻ ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന ഈ
മാമാങ്കം കൊണ്ട് സാധിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നേ സർക്കാരിന്റെ ഒരു ദൂർത്തായി മാത്രമേ ഇതിനെ കാണാൻ പറ്റുകയുള്ളുവെന്നും നേതാക്കൾ പറഞ്ഞു. ഈ പ്രഹസനത്തിന് കെഎംസിസി കൂട്ട് നിൽക്കില്ലെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ , ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ കൂട്ടി ചേർത്തു.
ഇടതു മന്ത്രി സഭ വന്നതിനു ശേഷം പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത പദ്ധതികൾ പോലും നടപ്പിലാക്കാത്ത ഒരു സർക്കാരാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പൊള്ളായായ വാഗ്ദാനങ്ങൾ നൽകുന്നതിനു വേണ്ടി മാത്രം ഖജനാവിലെ പൈസയെടുത്ത് ഇത് പോലെയുള്ള പരിപാടികൾ നടത്തുന്നത്. ഇത് രാഷ്ട്രീയ തട്ടിപ്പാണെന്ന് അറിഞ്ഞത് കൊണ്ട് തന്നേ മുസ്ലിം ലീഗും യൂ ഡി എഫും നേതൃത്വവും ഇത് ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്തത് കൊണ്ട് തന്നേ പ്രവാസ ഭൂമിയിൽ കെഎംസിസി യും ലോക കേരള സഭയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ഓരോ ലോക കേരള സഭ നടക്കുമ്പോഴും സംഘാടനത്തിന്റെ നിരർത്ഥകതയും ധൂർത്തും നിരാശയും ഒക്കെ പങ്ക് വെച്ച് കാണാറുണ്ട്.. എന്നാലും അടുത്ത തവണ അതിനേക്കാൾ കേമമായി വീണ്ടും അത് നടക്കും .
പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കപ്പെടേണ്ടുന്ന പണം കൊണ്ട് പ്രതിസന്ധിയുടെ പോർമുഖത്ത് കോടികൾ മുടക്കി ആർക്ക് വേണ്ടിയാണീ ദൂർത്ത് എന്ന സാധാരണ പ്രവാസിയുടെ ചോദ്യത്തിന് പുല്ലുവിലയാണ്…എങ്കിലും ആ ചോദ്യം പ്രസക്തമാണ് ശരാശരി പ്രവാസിയുടെ നോവും നൊമ്പരങ്ങളും വ്യഥയും വേപഥുകളും അറിയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസ സംഘ ശക്തികൾ ഇത് വരെ എന്ത് ഗുണം കിട്ടി എന്ന് പരിശോധിക്കണം.. നിരാശയാണ് ഫലമെങ്കിൽ ഈ അനാവശ്യം വേണ്ടെന്ന് തീരുമാനിക്കണമെന്ന് നേതാക്കൾ പറഞ്ഞു.
പ്രവാസികൾ എന്നും ഈ നാടിന്റെ സമ്പത്താണ്. ഈ നാടിനെ പട്ടിണിക്കിടാതെ നോക്കുന്നത് അവരാണ്. അതുകൊണ്ട് അവർ ഏറ്റവും മഹത്തായ രീതിയില്‍ ആദരിക്കപ്പെടണമെന്നത് നിസ്തർക്കമാണ് . എന്നാല്‍, എതിര്‍സ്വരങ്ങളെ കാരാഗ്രൃഹം കാണിച്ച് നിശബ്ദമാക്കാന്‍ നോക്കുന്ന അധികാരധാര്‍ഷ്ട്യവും പ്രവാസികളുടെ പേര് പറഞ്ഞ് നടത്തുന്ന അഴിമതിയും ധൂർത്തും എതിര്‍ക്കപ്പെടേണ്ടതല്ലേ? കഴിഞ്ഞ കാലങ്ങളിലെ ലോക കേരളസഭകളുടെ തീരുമാനങ്ങൾ നടപ്പിലാക്കുകയോ അവയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുകയോ പോലും ചെയ്യാതെയാണ് വീണ്ടുമൊരു ലോക കേരള സഭ അരങ്ങേരുന്നത് പ്രളയകാലത്ത് മറ്റാരെക്കാളും മുന്നിൽ നിന്ന് നാടിനെ സഹായിച്ച പ്രവാസികളുടെ പണം സർക്കാർ എന്തിനു വേണ്ടി വിനിയോഗിച്ചു എന്ന ചോദ്യത്തിനു പോലും ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
കഴിഞ്ഞ കാലങ്ങളിലെ ഓരോ ലോകകേരളസഭയിലും ഉന്നയിക്കപ്പെട്ട ഏറ്റവും ലളിതമായ പ്രവാസിപ്രശ്നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ല എന്ന് പറയുമ്പോള്‍ എത്ര വ്യര്‍ത്ഥമായാണ് തീരുമാനങ്ങളുടെ അവലോകനം സര്‍ക്കാര്‍ നടത്തിയിട്ടുള്ളത് എന്ന് കാണാം. വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ, തിരിച്ചു വരുന്നവരുടെ പുനരധിവാസം, തൊഴിൽ സഹായം, കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം, പ്രവാസി ഇൻഷ്വറൻസ് എന്നിങ്ങനെ പ്രവാസികളുടെ ദീർഘകാല മായുള്ള പ്രശ്നങ്ങൾക്ക് ഒരു ചെറിയ പരിഹാരമെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ? കേരള വികസന നിധി, പ്രവാസി വാണിജ്യ ചേംബർ, എൻ ആർ ഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, കൺസ്ട്രക്ഷൻ കമ്പനി, സഹകരണ സംഘം. സിയാൽ മാതൃകയിലുള്ള സംയുക്ത സംരംഭം, തുടങ്ങി ഇതൊക്കെ എന്തായി? എന്തിന് വിശേഷദിവസങ്ങളില്‍ വിമാനയാത്രാക്കൂലി അമിതമായി കൂട്ടുന്നത് തടയണമെന്ന അവരുടെ ഏറ്റവും നിസാരമായ ആവശ്യമെങ്കിലും നടപ്പിലായോ?
നിക്ഷേപ സൗഹൃദത്തിൽ ഏറ്റവും ഒടുവിൽ നിൽക്കുന്ന ഈ സംസ്ഥാനത്തേക്ക് ചെങ്കൊടി ഭയന്ന് ഒരു പ്രവാസിയെങ്കിലും ധൈര്യപൂർവ്വം നിക്ഷേപം നടത്താന്‍ കടന്നുവരാനുള്ള സാഹചര്യം ഇനിയെങ്കിലും ഒരുക്കാന്‍ കഴിഞ്ഞോ? ആരംഭിക്കാന്‍ കഴിയാത്ത സംരംഭങ്ങളുടെും പൂട്ടിപ്പോയ സംരംഭങ്ങളുടെയും പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വല്ല കുറവുമുണ്ടായോ?
കോവിഡ് കാലത്ത് നാടണയാൻ കൊതിച്ച പ്രവാസികളെ മാറ്റി നിർത്തിയവരാണ് പ്രവാസികളുടെ മുഴുവൻ സംരക്ഷകരെന്ന വേഷമണിയുന്നതെന്നത് എത്ര വിചിത്രം! ഒന്നും നടപ്പിലാക്കാന്‍ കഴിയാതെ കടലാസ്സു രേഖകളില്‍ മാത്രമൊതുക്കാനാണെങ്കില്‍ എന്തിനാണിങ്ങനെ പ്രവാസികളെ വിളിച്ചു വരുത്തി അപഹസിക്കുന്നത്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലാത്ത ഇത്തരം മേനിനടിക്കലിനെയും പ്രവാസികളുടെ പേര് പറഞ്ഞ് നടത്തുന്ന അഴിമതിയേയും ധൂര്‍ത്തിനെയും ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് തുറന്നു കാണിക്കേണ്ടതെന്ന് നേതാക്കൾ ചോദിച്ചു.







