തിരുവനന്തപുരം: വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ത്ത് സിബിഐ കൊച്ചി സിബിഐ കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണ കുറ്റത്തിലാണ് കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളായത്. കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്നതാണ് കുറ്റം.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി കുറ്റപത്രം നല്‍കിയത്.
സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും കുട്ടികള്‍ ശാരീരിക ചൂഷണത്തിന് ഇരയായത് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മാതാപിതാക്കളെ സാക്ഷികളാക്കിയാണ് അന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.