മദ്രാസ്: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച സുരക്ഷാ ജീവനക്കാരനായ അജിത് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്വമേധയാ കേസെടുത്തു . അജിത് കുമാറിനെ ആദ്യം അറസ്റ്റ് ചെയ്തത് എന്തിനാണെന്നും, ഇത്തരമൊരു നടപടി ആവശ്യപ്പെടാൻ അദ്ദേഹം ഒരു “ഭീകരനാണോ” എന്നും ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ എസ്.എം സുബ്രഹ്മണ്യം, സി.വി. കാർത്തികേയൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് 24 കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ടെന്ന് എഐഎഡിഎംകെ നിയമ വിഭാഗം സമർപ്പിച്ച ഹർജിയെ തുടർന്നാണ് വാദം കേൾക്കൽ. ഈ മരണങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും കോടതി തേടി. സംഭവത്തിൽ അന്വേഷണത്തിന് ശിവഗംഗ ജില്ലാ പോലീസ് സൂപ്രണ്ട് ആശിഷ് റാവത്ത് ഉത്തരവിട്ടു. അതേസമയം, രാമചന്ദ്രൻ, പ്രഭു, കണ്ണൻ, ശങ്കര മണികണ്ഠൻ, രാജ, ആനന്ദ് എന്നീ ആറ് പോലീസ് ഉദ്യോഗസ്ഥരെ കേസിന് പിന്നാലെ സസ്‌പെൻഡ് ചെയ്തു. മോഷണ പരാതിയുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം ആദ്യം വിട്ടയച്ച അജിത് കുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത പുറത്ത് വന്നത്.
The post ശിവഗംഗ കസ്റ്റഡിമരണം; അയാൾ തീവ്രവാദിയായിരുന്നോ? തമിഴ്‌നാട് പോലീസിനോട് മദ്രാസ് ഹൈക്കോടതി appeared first on Express Kerala.