
പശ്ചിമേഷ്യൻ മണ്ണിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ആയുധബലം കൊണ്ട് ലോകം കീഴടക്കാമെന്ന് വ്യാമോഹിക്കുന്ന അമേരിക്കൻ ഗർവ്വിനെയാണ്. പേർഷ്യൻ കടലിടുക്കിലെ തിരമാലകൾക്ക് മുകളിൽ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുമ്പോൾ, ഇറാന്റെ നെഞ്ചിലേക്ക് കുതിച്ചു കയറാൻ പെന്റഗൺ സജ്ജമാക്കി നിർത്തിയിരിക്കുന്നത് തങ്ങളുടെ ഏറ്റവും വിനാശകാരികളായ 7 സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളെയാണ്. ഏതു നിമിഷവും എവിടെയും മിന്നൽപ്പിണർ പോലെ പതിക്കാനും തകർക്കാനും ശേഷിയുള്ള ഈ ‘എലൈറ്റ്’ യൂണിറ്റുകൾ അമേരിക്കയുടെ അഹങ്കാരമാണ്.
എന്നാൽ, ഇത് വിയറ്റ്നാമോ ഇറാഖോ അല്ലെന്ന് വൈറ്റ് ഹൗസിലെ തലതൊട്ടപ്പന്മാർ മറന്നുപോയിരിക്കാം. ഇറാൻ എന്ന വിപ്ലവവീര്യം ആയുധബലം കൊണ്ട് മാത്രം കീഴ്പ്പെടുത്താവുന്ന ഒന്നല്ല. അമേരിക്ക തങ്ങളുടെ വജ്രായുധങ്ങൾ പുറത്തെടുക്കുമ്പോൾ, ആത്മസമർപ്പണവും ചടുലമായ പ്രതിരോധവും കൊണ്ട് ഇറാൻ കരുതിവെച്ചിരിക്കുന്ന തന്ത്രങ്ങൾ എന്തായിരിക്കും? ലോകം ഭയക്കുന്ന അമേരിക്കൻ സേനകൾക്ക് മുന്നിൽ ഇറാൻ ഒരുക്കുന്ന ‘മരണക്കെണി’കളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.
നേവി സീൽസ് (DEVGRU): ഒസാമയെ വീഴ്ത്തിയവർ ഇറാനെ തൊടുമോ?
അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ യൂണിറ്റാണ് സീൽ ടീം സിക്സ് എന്നറിയപ്പെടുന്ന DEVGRU. 2011-ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ കടന്നുചെന്ന് ഒസാമ ബിൻ ലാദനെ ഇല്ലാതാക്കിയ ആഗോള ശ്രദ്ധ നേടിയ ഈ യൂണിറ്റ്, സമുദ്രാർപ്പണമായ ദൗത്യങ്ങളിൽ അതിവിദഗ്ധരാണ്.
പേർഷ്യൻ ഗൾഫിന്റെ ആഴക്കടലിലും തീരദേശങ്ങളിലും ഇറാൻ ഒരുക്കിയിരിക്കുന്ന പ്രതിരോധ കോട്ടകൾ ഭേദിക്കാൻ ഈ സേനയെയാണ് അമേരിക്ക പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, കടലിൽ ഇറാൻ പയറ്റുന്ന ഗറില്ലാ തന്ത്രങ്ങൾക്ക് മുന്നിൽ ഈ ‘സമുദ്ര സിംഹങ്ങൾ’ പതറുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്.
Also Read: ഇറാനെ വിഴുങ്ങാൻ കാത്ത് അമേരിക്കയുടെ ‘പറക്കുന്ന പെട്രോൾ പമ്പുകൾ’, തൊടാൻ പോലും പറ്റില്ലെന്ന് ഖമേനിയും! അൽ ഉദൈദിലെ അസാധാരണ നീക്കത്തിന് പിന്നിൽ എന്താണ്?
ഡെൽറ്റ ഫോഴ്സ്: നിഴൽപോലെ പിന്തുടരുന്ന വേട്ടക്കാർ
കരസേനയുടെ കരുത്തായ ഡെൽറ്റ ഫോഴ്സ് ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളെ (High Value Targets) ഇല്ലാതാക്കുന്നതിൽ കുപ്രസിദ്ധരാണ്. സിവിലിയൻ വേഷത്തിൽ ശത്രുരാജ്യങ്ങൾക്കുള്ളിൽ കടന്നുകയറി ഭീകര ശൃംഖലകൾ തകർക്കുന്ന ഇവർ, ഇറാന്റെ സൈനിക തലപ്പത്തുള്ളവരെ ലക്ഷ്യമിടാൻ സാധ്യതയുണ്ട്.
എന്നാൽ, സ്വന്തം മണ്ണിൽ ഇറാൻ ഒരുക്കിയിരിക്കുന്ന രഹസ്യാന്വേഷണ വലക്കണ്ണികൾ ഭേദിച്ച് ഡെൽറ്റയ്ക്ക് എത്രത്തോളം മുന്നേറാൻ കഴിയുമെന്നത് ഇന്നും സംശയത്തിലാണ്.
ആർമി റേഞ്ചേഴ്സ്: 18 മണിക്കൂറിൽ ലോകം കീഴടക്കാൻ എത്തുന്നവർ
ലോകത്തിലെവിടെയും വെറും 18 മണിക്കൂറിനുള്ളിൽ വിന്യസിക്കാൻ കഴിയുന്ന അതിവേഗ ഇൻഫൻട്രി സേനയാണ് ആർമി റേഞ്ചേഴ്സ്. വ്യോമതാവളങ്ങൾ പിടിച്ചെടുക്കുന്നതിലും നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നതിലും ഇവർ പുലികളാണ്. ഇറാന്റെ പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ റേഞ്ചർമാർ എത്തിയേക്കാം. പക്ഷെ, സ്വന്തം മണ്ണിൽ മരണത്തെ പുണരാൻ തയ്യാറായി നിൽക്കുന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന് (IRGC) മുന്നിൽ ഈ വേഗത കൊണ്ട് മാത്രം കാര്യമില്ലെന്ന് പെന്റഗൺ ഭയക്കുന്നു.
ഗ്രീൻ ബെററ്റ്സ്: ശത്രുവിനുള്ളിലെ വിള്ളലുകൾ തേടുന്നവർ
പാരമ്പര്യേതര യുദ്ധമുറകളിൽ (Unconventional Warfare) വൈദഗ്ധ്യം നേടിയവരാണ് ഗ്രീൻ ബെററ്റ്സ്. ശത്രുരാജ്യങ്ങൾക്കുള്ളിലെ പ്രാദേശിക ഗറില്ലകളെ സംഘടിപ്പിച്ച് ആഭ്യന്തര കലാപമുണ്ടാക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഇറാന്റെ സാംസ്കാരികവും ഭാഷാപരവുമായ വശങ്ങൾ പഠിച്ച് അവർക്കിടയിൽ വിള്ളലുകളുണ്ടാക്കാൻ അമേരിക്ക ഇവരെ ഉപയോഗിച്ചേക്കാം. എന്നാൽ, ഇറാന്റെ ദേശീയ വികാരത്തിന് മുന്നിൽ ഇത്തരം വിദേശി തന്ത്രങ്ങൾ എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയണം.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
നൈറ്റ് സ്റ്റാക്കേഴ്സ് (160th SOAR): ഇരുട്ടിലെ മരണദൂതർ
ഇരുട്ടിന്റെ മറവിൽ ശത്രുതാപരമായ പ്രദേശങ്ങളിൽ കമാൻഡോകളെ എത്തിക്കുന്ന ഹെലികോപ്റ്റർ വിഭാഗമാണ് നൈറ്റ് സ്റ്റാക്കേഴ്സ്. അത്യാധുനികമായ ചിനൂക്കുകളും ബ്ലാക്ക് ഹോക്കുകളും ഉപയോഗിച്ച് റഡാറുകളെ കണ്ണുവെട്ടിച്ച് പറക്കാൻ ഇവർക്ക് കഴിയും. എന്നാൽ, ലോകത്തിലെ തന്നെ മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങൾ (Air Defense) സ്വന്തമായുള്ള ഇറാൻ, ഈ ‘രാത്രിസഞ്ചാരികളെ’ ആകാശത്ത് വെച്ച് തന്നെ ചാരമാക്കാൻ കെൽപ്പുള്ളവരാണ്.
മറൈൻ റൈഡേഴ്സ്: തീരങ്ങളിലെ ചടുലത
തീരദേശ ആക്രമണങ്ങളിലും നിരീക്ഷണത്തിലും പ്രത്യേക കഴിവുള്ളവരാണ് മറൈൻ റൈഡേഴ്സ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ മേധാവിത്വം തകർക്കാൻ അമേരിക്ക ഈ ഉഭയജീവി സേനയെ വിന്യസിച്ചേക്കാം. സഖ്യസേനകളുമായി ചേർന്ന് ഇറാന്റെ കടൽപ്രതിരോധം തകർക്കുകയാണ് ഇവരുടെ ലക്ഷ്യം.
എയർഫോഴ്സ് പാരാറെസ്‌ക്യൂ (PJs): വീണവനെ രക്ഷിക്കാൻ എത്തുന്നവർ
യുദ്ധമുഖത്ത് ഒറ്റപ്പെട്ടുപോകുന്ന പൈലറ്റുമാരെയും സൈനികരെയും രക്ഷപ്പെടുത്താൻ നിയോഗിക്കപ്പെട്ടവരാണ് പിജെകൾ. ശത്രുരേഖകൾക്കുള്ളിൽ കയറി വൈദ്യസഹായം നൽകാനും ആളുകളെ ഒഴിപ്പിക്കാനും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ മണ്ണിൽ ഒരു അമേരിക്കൻ പൈലറ്റ് വീണാൽ, പിജെകൾ എത്തുന്നതിന് മുമ്പ് തന്നെ ഇറാന്റെ പോരാളികൾ അവരെ കീഴ്പ്പെടുത്തിയിരിക്കും എന്നതാണ് വസ്തുത.
അമേരിക്ക ഇത്രയധികം വജ്രായുധങ്ങൾ കരുതിയിട്ടും ഇറാനെ തൊടാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്; ഇറാൻ ഒറ്റയ്ക്കല്ല. റഷ്യയും ഉത്തരകൊറിയയും ഉൾപ്പെടെയുള്ള വൻശക്തികളുടെ പിന്തുണ ഇറാന് പിന്നിലുണ്ട്. സാങ്കേതിക വിദ്യയെക്കാൾ മുകളിൽ മരിക്കാൻ തയ്യാറായ ഒരു ജനതയുടെ പോരാട്ടവീര്യത്തെയും അമേരിക്ക ഭയക്കുന്നു.
പെന്റഗൺ തങ്ങളുടെ ഏഴ് സേനകളെയും ഇറക്കി പരീക്ഷണം നടത്തിയാലും, ഇറാൻ വിട്ടുകൊടുക്കില്ല. പതിങ്ങിയിരുന്ന് ചതിക്കുഴികൾ ഒരുക്കി ശത്രുവിനെ വീഴ്ത്തുന്ന വേട്ടക്കാരനെപ്പോലെ ഇറാൻ ഈ അമേരിക്കൻ ‘ചാവേറുകളെ’ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ്. ലോകത്തെ കാണിക്കാൻ അമേരിക്ക ആയുധങ്ങൾ നിരത്തുമ്പോൾ, ഇറാൻ തങ്ങളുടെ ആത്മസമർപ്പണത്തിലൂടെ ആ ആയുധങ്ങളെ നിഷ്പ്രഭമാക്കും. പേർഷ്യൻ കനൽ അണയ്ക്കാൻ അമേരിക്കൻ ഹിമപാതത്തിന് കഴിയില്ലെന്ന് ചരിത്രം ഒരിക്കൽ കൂടി തെളിയിക്കും.
The post അമേരിക്കൻ ആയുധപ്പുരയിലുള്ളത് ലോകം ഭയക്കുന്ന ഈ 7 സൈനിക യൂണിറ്റുകൾ! എന്നിട്ടും പേർഷ്യൻ പുലികളെ തൊട്ടാൽ കൈപൊള്ളുമെന്ന് ട്രംപിന് ഭയം appeared first on Express Kerala.







