
വേദിയിലും സദസ്സിലുമുള്ള ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നമസ്‌കാരം. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാന നാളുകളിലൊന്നായ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് നാം ഒത്തുകൂടിയിരിക്കുന്നത്. ഈ സുദിനത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് ഏറെ അഭിമാനവും സന്തോഷവുമുണ്ട്. ബ്രിട്ടീഷ് വാഴ്ചയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനായി നമ്മുടെ പൂര്‍വികര്‍ നടത്തിയ ത്യാഗോജ്വല പോരാട്ടം അനുസ്മരിച്ചുകൊണ്ട് ആരംഭിക്കാം.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ ബിആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഝാന്‍സി റാണി, അബുള്‍ കലാം ആസാദ് തുടങ്ങിയ ധീര പോരാളികളുടെ നിതാന്ത പരിശ്രമ ഫലമായാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായത്. പേരറിയാത്ത പോരാളികളും അനവധി. അവരുടെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും മൂലമാണ് ഇന്ന് നമുക്ക് അഭിമാനിക്കത്ത തരത്തില്‍ ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാനായത്.
200 വര്‍ഷത്തിലേറെ നീണ്ട ത്യാഗനിര്‍ഭരമായ പോരാട്ടത്തിനൊടുവിലാണ് 1947 ഓഗസ്റ്റ് 15ന് രാജ്യം കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമാകുന്നത്. അന്ന്, നമ്മുടെ പ്രഥമ പ്രധാനമന്ത്രി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ രാജ്യം അഭിമാനത്താല്‍ ജ്വലിച്ചു. ഓരോ ഓഗസ്റ്റ് 15നും അതിന്റെ ത്രസിപ്പിക്കുന്ന സ്മരണകള്‍ നാം ആഘോഷമാക്കുന്നു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷുകാരുടെ നിറതോക്കുകള്‍ക്ക് മുന്നില്‍ ധീരോദാത്തം പോരാടി അനവധിയാളുകള്‍ രക്തസാക്ഷികളായി. അനേകമാളുകള്‍ തുറുങ്കിലടയ്ക്കപ്പെട്ടു. ചിലര്‍ തൂക്കിലേറ്റപ്പെട്ടു, നാടുകടത്തപ്പെട്ടു, പലരും കൊടും പീഡന മുറകള്‍ക്ക് ഇരകളായി, അത്തരത്തില്‍ എണ്ണമറ്റ മനുഷ്യര്‍ രാഷ്ട്രത്തിനുവേണ്ടി പോരാടി മരിച്ചു. അനേകായിരങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി. അത്തരം കനല്‍വഴികള്‍ക്കൊടുക്കമാണ്, ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ലഭ്യമായത്. അതിന് തരിമ്പും പോറലേല്‍ക്കാതെ കാത്തുരക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്.
ഇന്നത്തെ വിദ്യാര്‍ഥികളായ നാം നാളെയുടെ പൗരന്‍മാരാണ്. നമ്മിലൂടെയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക. അതിനാല്‍ രാജ്യത്തിന്റെ പ്രയാണത്തില്‍, നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രാധാന്യം നാം ഉള്‍ക്കൊള്ളണം. ഭരണഘടന മുന്‍നിര്‍ത്തി, നാം ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ് തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. തുല്യതയ്ക്കായുള്ള അവകാശങ്ങള്‍ക്കായി നിലകൊള്ളണം.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. സമ്പന്നമായ സംസ്‌കാരവും ചരിത്രവും ഇവിടെ ഇഴചേരുന്നു. വിവിധ സംസ്‌കാരങ്ങള്‍, പാരമ്പര്യങ്ങള്‍, ഭാഷകള്‍, രീതികള്‍ തുടങ്ങിയവ സമ്മേളിക്കുന്നു. അത്തരത്തില്‍ ബഹുസ്വരതയാണ് ഇന്ത്യയുടെ കാതല്‍. ജനാധിപത്യമാണ് ഇന്ത്യയുടെ ജീവവായു. അവ സംരക്ഷിക്കാന്‍ നാം ഏതറ്റം വരെയും പോരാടണം. അവയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നവരെ ചോദ്യം ചെയ്യണം. നാനാത്വത്തിലെ ഏകത്വം ഉയര്‍ത്തിപ്പിടിക്കണം. വസുധൈവ കുടുംബകം എന്ന വിശ്വദര്‍ശനത്തിനായി നിലകൊള്ളണം.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടും ഇതര മനുഷ്യരോട് സ്നേഹത്തോട ഇടപെട്ടും സമാധാനപൂര്‍ണമായ സമൂഹത്തിനായി നാം ശബ്ദിക്കണം. പൗരര്‍ ഒത്തൊരുമിച്ചാല്‍ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാന്‍ രാജ്യത്തിനാകും. വിദ്യാഭ്യാസമാണ് പുരോഗതിയുടെ താക്കോലെന്നത് മറക്കരുത്. വിദ്യാര്‍ഥികളെന്ന നിലയില്‍, നാം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം നല്ല വ്യക്തികളായി വളരാന്‍ കൂടി പ്രയത്നിക്കണം.
നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും തെറ്റിനെതിരെ ശബ്ദിക്കാനും നമുക്ക് കഴിയണം. നമ്മുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഭയക്കുകയോ മടിക്കുകയോ ചെയ്യേണ്ടതില്ല. വ്യക്തികളും സമൂഹവും എല്ലാതരത്തിലും ആരോഗ്യപൂര്‍ണമാകണം. സഹായമാവശ്യമുള്ള മനുഷ്യരോട് കനിവോടെയും കരുതലോടെയും ഇടപെടാന്‍ സാധിക്കണം.
അത്തരത്തില്‍ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ച ഉറപ്പാക്കാം. രാജ്യഭാവി മനോഹരവും അഭിമാനപൂര്‍ണവുമാക്കാന്‍ നമുക്ക് പ്രതിബദ്ധതയോടെ ചുവടുവയ്ക്കാം. ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍…നന്ദി നമസ്‌കാരം.