കാഴ്ചാ വിരുന്നൊരുക്കുന്നതും ചരിത്ര-സാംസ്‌കാരിക തനിമ തിളങ്ങുന്നതുമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ് തമിഴ്‌നാട്. സംസ്ഥാനത്തിന്റെ ഹൃദയ ഭാഗമായ ചെന്നൈ അതിന്റെ പരിഛേദമാണ്. പ്രകൃതിസുന്ദര സ്ഥലങ്ങളും ചരിത്ര കേന്ദ്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുമെല്ലാം നിങ്ങളെ ആകര്‍ഷിക്കുമെന്നുറപ്പ്.
ചരിത്രപ്രധാന കേന്ദ്രങ്ങള്‍
ബ്രിട്ടീഷ് വാഴ്ചയുടെ ഓര്‍മ്മപ്പെടുത്തലായി ഫോര്‍ട്ട് സെന്റ് ജോര്‍ജ് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. വൈവിധ്യമാര്‍ന്ന പുരാവസ്തുക്കളുടെ ശേഖരമുണ്ട് ചെന്നൈയിലെ ഗവണ്‍മെന്റ് മ്യൂസിയത്തില്‍. അത്തരത്തില്‍ തമിഴ്നാടിന്റെ അതിവിപുലമായ ചരിത്രമറിയാന്‍ ഉതകുന്ന കേന്ദ്രങ്ങള്‍ ചെന്നൈയിലുണ്ട്.
സാംസ്‌കാരികത്തനിമ
സംഗീതം, കല, സാഹിത്യം, ശാസ്ത്രീയ നൃത്തം എന്നിവയില്‍ രാജ്യത്തിനുള്ള തമിഴ്നാടിന്റെ സംഭാവന അതിബൃഹത്താണ്. തമിഴ്നാടിന്റെ സാംസ്‌കാരികത്തനിമ എക്കാലവും വര്‍ധിത തിളക്കത്തോടെ നിലകൊള്ളും. ഉദാഹരണത്തിന് ക്ഷേത്രസന്ദര്‍ശനം കേവലം ആത്മീയാനുഭവം മാത്രമല്ല സമ്മാനിക്കുക. അപൂര്‍വമായ കൊത്തുപണികളുടെ കാഴ്ചകളും നൃത്തസംഗീത കലാരൂപങ്ങളുടെ ആവിഷ്‌കാരങ്ങളും സാധ്യമാക്കുന്നു. സങ്കീര്‍ണമായ വാസ്തുവിദ്യയ്ക്കും ആത്മീയ അന്തരീക്ഷത്തിനും പേരുകേട്ട ദ്രാവിഡ ക്ഷേത്രമാണ് മൈലാപ്പൂര്‍ കപാലീശ്വര ക്ഷേത്രം. ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും വേറിട്ട ആത്മീയ അനുഭവമാണ് നല്‍കുക.
അതിമനോഹര ബീച്ചുകള്‍
ലോകത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നഗര ബീച്ചാണ് ചെന്നൈയിലെ മറീന. ബസന്ത് നഗര്‍ അടക്കം ബീച്ചുകള്‍ വേറെയുമുണ്ട്. അത്തരത്തില്‍ പ്രകൃതിയുടെ അനവദ്യ കാഴ്ചകള്‍ ചെന്നൈ എന്ന മെട്രോ നഗരത്തിന് ചുറ്റുമുണ്ട്.
വന്യജീവി കേന്ദ്രങ്ങള്‍
ഗിണ്ടി ദേശീയോദ്യാനം, അണ്ണ സുവോളജിക്കല്‍ പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശിച്ച് വന്യജീവികളെ അടുത്തുകാണാന്‍ അവസരമുണ്ട്. അത്തരത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യന്റെ പാരസ്പര്യം ദൃഢപ്പെടുത്തുന്ന അനുഭവങ്ങള്‍ക്കും സാക്ഷികളാകാം.
ഷോപ്പിങ്ങിന് വിപുല സാധ്യതകള്‍
ഷോപ്പിങ് കേന്ദ്രമെന്ന നിലയില്‍ ദക്ഷിണേന്ത്യയിലെ പ്രധാന ഇടമാണ് ചെന്നൈ. നഗരത്തിലെ ടി നഗര്‍, പാരീസ്, പോണ്ടി ബസാര്‍ തുടങ്ങിയവ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളാണ്. എക്സ്പ്രസ് അവന്യൂ പോലെ ആധുനിക മാളുകളും നിരവധിയുണ്ട്. ചെന്നൈ വേറിട്ട ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്നുറപ്പ്.








