
മനോഹര കാഴ്ചയും വൈവിധ്യമാര്‍ന്ന അനുഭവങ്ങളും സമ്മാനിക്കും ചെന്നൈ മറീന ബീച്ച്. അതീവ രുചികരമായ മത്സ്യ വിഭവങ്ങള്‍ നിങ്ങളെ വിസ്മയിപ്പിക്കും. പലവിധ സാധനങ്ങളുമായി തീരത്തെ ഷോപ്പിങ് കേന്ദ്രങ്ങള്‍ നിങ്ങളെ മാടിവിളിക്കും. ഇതാ മറീന ബീച്ചില്‍ ആസ്വദിക്കാന്‍ 10 കാര്യങ്ങള്‍.
- മറീന ബീച്ചില്‍ ഒരിടത്ത് ഇരുന്നോ നടന്നോ കടലിന്റെയും തീരത്തിന്റെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാം. ഒപ്പം റീലുകളും ഫോട്ടോകളും പകര്‍ത്താം.
- മഹാത്മാഗാന്ധി, സുബ്രഹ്‌മണ്യ ഭാരതിയാര്‍, അണ്ണാദുരൈ, എംജിആര്‍, കരുണാനിധി, ജയലളിത എന്നിവരുടെ സ്മാരകങ്ങള്‍ സമീപത്തുണ്ട്. ഉറപ്പായും സന്ദര്‍ശിക്കേണ്ടവയാണ് ഓരോ സ്മൃതി മന്ദിരങ്ങളും.
- അതിരാവിലെയാണെങ്കില്‍ കടല്‍ത്തീരത്ത് വ്യായാമം ചെയ്യാം. ജോഗിങ്ങിലോ യോഗയിലോ ഏര്‍പ്പെടാം.
- കുതിര, ഒട്ടക സവാരികള്‍ ആസ്വദിക്കാനുള്ള അവസരവും ഈ തീരത്തുണ്ട്. ഈ സവാരികളുടെ ഫോട്ടോയോ റീലുകളോ ചിത്രീകരിച്ച് എന്നെന്നേക്കുമുള്ള നിറമുള്ള ഓര്‍മ്മയാക്കുകയും ചെയ്യാം.
- മറീന ബീച്ചിലെ വിളക്കുമാടം സന്ദര്‍ശിക്കാം. വിശാലമായ നഗര കാഴ്ചകള്‍ അതിന് മുകളില്‍ നിന്ന് ആസ്വദിക്കാം.
- ജനപ്രിയ വിനോദമായ പട്ടം പറത്തലിനും മറീനയില്‍ അവസരമുണ്ട്. കുടുംബാംഗങ്ങളൊന്നിച്ച് പട്ടംപറത്തി ഇവിടുത്തെ നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കാം.
- ഫുട്ബോളുമായി ചെന്നാല്‍ ബീച്ചില്‍ കുടുംബാംഗങ്ങള്‍ക്കൊന്നിച്ച് പന്തുതട്ടാം. അല്ലെങ്കില്‍ ടീമുകളായി തിരിഞ്ഞ് കബഡി പോലുള്ള മത്സരങ്ങളില്‍ ഏര്‍പ്പെടാം.
- സ്റ്റണ്ട് പെര്‍ഫോമര്‍മാരും, ടൈറ്റ് റോപ്പ് വാക്കര്‍മാരുമെല്ലാം നിങ്ങളെ കാഴ്ചയ്ക്കായി ക്ഷണിക്കുന്നുണ്ടാകും. അവരുടെ സാഹസ പ്രകടനങ്ങള്‍ ആസ്വദിക്കാം.
- വൈവിധ്യമാര്‍ന്ന മത്സ്യ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. ലൈവ് ഫിഷ് ഫ്രൈ ഇവിടുത്തെ സവിശേഷ വിഭവമാണ്. ഒപ്പം തമിഴ്നാടിന്റെ തനത് ഭക്ഷണങ്ങളും പാനീയങ്ങളും ആസ്വദിക്കാം.
- ആഭരണങ്ങളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ണടകളും തൊപ്പികളും മറ്റും സ്വന്തമാക്കാന്‍ വിപുലമായ തദ്ദേശീയ കടകള്‍ മറീനയിലുണ്ട്. അവ സന്ദര്‍ശിച്ച് ആവശ്യമുള്ളവ വിലപേശി വാങ്ങാം.