
ഐടി-വ്യവസായ നഗരം എന്ന നിലയില്‍ ബെംഗളൂരു അനന്ത സാധ്യതകളാണ് അവതരിപ്പിക്കുന്നത്. തൊഴില്‍ നേടി ലക്ഷണക്കിന് മലയാളികള്‍ ബെംഗളൂരുവിലെത്തി സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇപ്പോഴും നിരവധിയാളുകള്‍ തൊഴില്‍ തേടി ബെംഗളൂരുവിലേക്ക് ചേക്കേറുന്നു. ഇവിടുത്തേക്ക് യാത്ര പുറപ്പെടും മുന്‍പ് അനുകൂലവും പ്രതികൂലവുമായ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
- ചെലവേറിയ നഗരം
ബെംഗളൂരു വളരെ ചെലവേറിയ നഗരമാണ്. താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്ക് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. അതിനാല്‍ നിങ്ങളുടെ ബജറ്റിന് അനുസരിച്ച് കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. കെഎസ്ആര്‍ടിസി, മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ യാത്രാ ചെലവ് നിയന്ത്രിക്കാനാകും. ബജറ്റിന് അനുകൂലമായ താമസ, ഭക്ഷണ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയും ചെയ്യാം. ഷോപ്പിംഗിലേര്‍പ്പെടുമ്പോള്‍ നിങ്ങളുടെ വിലപേശല്‍ ശേഷി പുറത്തെടുക്കുകയും ചെയ്യുക.
- മനോഹരം നൈറ്റ് ലൈഫ്
ബാംഗ്ലൂരിലെ നൈറ്റ് ലൈഫ് എക്കാലവും ഓര്‍മ്മിക്കത്തക്കതായിരിക്കും. നഗരത്തിന്റെ ഏറ്റവും സജീവമായ കേന്ദ്രങ്ങളില്‍ പാര്‍ട്ടികളുടെ ഭാഗമാകാം. സംഗീതവും മികച്ച ആംബിയന്‍സും ആസ്വദിക്കുന്നതിനൊപ്പം പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം. പബ്ബുകളിലോ ക്ലബ്ബുകളിലോ ഒത്തുകൂടി സുരക്ഷിതമായി ആഘോഷരാവുകള്‍ സൃഷ്ടിക്കാം. നൈറ്റ് ഡ്രൈവിന് പോകാം. നൈറ്റ് ട്രെക്കിങ്ങിനും ടെന്റടിച്ചുള്ള നൈറ്റ് ക്യാമ്പിങ്ങിനും ഇവിടെ അവസരമുണ്ട്.
- വലയ്ക്കുന്ന ട്രാഫിക്ക്
ഗതാഗതക്കുരുക്കിനാല്‍ യാത്രികരെ വലയ്ക്കുന്ന നഗരവുമാണ് ബെംഗളൂരു. ലോകത്തിന്റെയും രാജ്യത്തിന്റെയും നാനാഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്ന നഗരമായതിനാല്‍ ജനസാന്ദ്രത കൂടുതലാണ്. ഇതുമൂലമുള്ള വാഹനപ്പെരുപ്പമാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. അതിനാല്‍ എവിടേക്ക് ഇറങ്ങുമ്പോഴും നേരത്തേ പുറപ്പെടാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പ്രതീക്ഷിച്ച സമയത്ത് എത്താന്‍ സാധിച്ചെന്ന് വരില്ല. അതേസമയം നമ്മ മെട്രോ മികച്ച പൊതുഗതാഗത സംവിധാനമാണ്.
- മികച്ച കാലാവസ്ഥ
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ബെംഗളൂരുവില്‍ മികച്ച കാലാവസ്ഥയാണ്. ഈ കാലയളവില്‍ നഗരം തണുത്തുറയും. ഇടവിട്ടെത്തുന്ന മഴയും സുഖകരമാണ്. ഈ സമയത്ത് നഗരം സന്ദര്‍ശിക്കുമ്പോള്‍ ശൈത്യകാലത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ കരുതുന്നത് നല്ലതാണ്. ഫെബ്രുവരി പിന്നിടുന്നതോടെ ചൂടേറിത്തുടങ്ങും. എങ്കിലും വര്‍ഷം മുഴുവന്‍ തൃപ്തികരമായ കാലാവസ്ഥയാണ് ബെംഗളൂരുവിലേത്.
- ആശയവിനിമയം എളുപ്പം
ദക്ഷിണേന്ത്യന്‍ നഗരമായതിനാല്‍ തമിഴ്, തെലുഗു, മലയാളം എന്നിവ സംസാരിക്കുന്നവര്‍ ഈ നഗരത്തില്‍ ധാരാളമുണ്ട്. കന്നട അറിയില്ലെന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് അര്‍ഥം. ഓട്ടോറിക്ഷാ ഡ്രൈവര്‍ മുതല്‍ കച്ചവടക്കാര്‍ വരെയുളളവരോട് ഹിന്ദിയിലോ, ഇംഗ്ലീഷിലോ സംസാരിക്കാന്‍ സാധിക്കും. അതിനാല്‍ ഈ നഗരത്തില്‍ ആശയവിനിമയം പ്രയാസമാകില്ല. എവിടേക്ക് തിരിഞ്ഞാലും ഒരു മലയാളിയെ എങ്കിലും കണ്ടുമുട്ടാതിരിക്കില്ല.