
ലിയോനാർഡോ ഡാവിഞ്ചി വരച്ച മൊണാലിസ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രവും ഇറ്റാലിയൻ നവോത്ഥാനത്തിന്റെ അതുല്യ മാസ്റ്റർപീസുമാണ്. മൊണാലിസയെക്കുറിച്ച് എല്ലാവർക്കും അറിയാം. ഗാലറികളിലും പരസ്യങ്ങളിലും, സോഷ്യൽ മീഡിയയിലെ ഫിൽറ്ററുകളിലും പോലും അവളുടെ മുഖം നിറഞ്ഞു നിൽക്കുന്നു. അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവൾ ഇന്നും ലോകത്തിന്റെ ചർച്ചാവിഷയമാണ്.
എന്നാൽ ചരിത്രത്തിൽ മൊണാലിസ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1911-ൽ, ലൂവ്രെ മ്യൂസിയത്തിൽ നിന്നാണ് മൊണാലിസയെ മോഷ്ടിച്ചത്. രണ്ട് വർഷം കഴിഞ്ഞ്, 1913-ലാണ് ചിത്രം തിരിച്ചുകിട്ടിയത്. ചിത്രത്തിന്റെ കാണാതാകലാണ് അവളെ ലോകപ്രശസ്തയാക്കിയ പ്രധാന കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
1913 വരെ ഇത് വീണ്ടെടുത്തിരുന്നില്ല. ആ സമയത്ത് മാധ്യമങ്ങൾ നൽകിയ പ്രചാരം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റി. മോഷണം നടന്നത് ഒരു ചൊവ്വാഴ്ച രാവിലെയാണ്. മുൻ ജീവനക്കാരനായ വിൻസെൻസോ പെറുഗ്ഗിയ മ്യൂസിയത്തിലേക്ക് നടന്നു കയറി, സ്റ്റാഫ് ധരിക്കുന്ന വെളുത്ത ഏപ്രൺ ധരിച്ച്, ചിത്രം ചുമരിൽ നിന്ന് എടുത്ത് തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് പുറത്തേക്ക് പോയി. ആരും തടസ്സപ്പെടുത്തിയില്ല, ഒന്നും സംശയിച്ചില്ല. യാതൊരു സംശയവും തോന്നാതിരുന്ന ഒരു പ്ലംബർ വാതിൽ തുറക്കാൻ വരെ സഹായിച്ചു. പിന്നീട് ഫ്രാൻസ് മുഴുവൻ ഞെട്ടി, ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പരന്നു.
1913-ൽ ഫ്ലോറൻസിലെ ഒരു ആർട്ട് ഡീലറിന് ലഭിച്ച കത്തിലാണ് കുറ്റവാളി വെളിപ്പെട്ടത്. 1913-ൽ ഇറ്റാലിയൻ ആർട്ട് ഡീലറായ ആൽഫ്രെഡോ ജെരിക്ക് “ലിയോനാർഡോ” എന്ന് ഒപ്പിട്ട ഒരു കത്ത് ലഭിച്ചു. ഒരു വില നൽകിയാൽ ചിത്രം തിരികെ നൽകാമെന്ന് കത്തിൽ പറഞ്ഞിരുന്നു. കത്ത് കിട്ടിയ ജെറി ബുദ്ധിപൂർവ്വം ഫ്ലോറൻസിൽ ഒരു മീറ്റിംഗ് ഏർപ്പാടാക്കി മീറ്റിങിനായി എത്തിയപ്പോൾ കള്ളൻ ആരാണെന്ന് വെളിപ്പെട്ടു. വിൻസെൻസോ പെറുഗ്ഗിയ. ചിത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ഡാവിഞ്ചിയുടെ ചിത്രം അദ്ദേഹത്തിന്റെ ജന്മദേശമായ ഇറ്റലിയിലേക്ക് തിരികെ എത്തിക്കുക എന്ന ദേശസ്‌നേഹപരമായ കടമ മൂലമാണ് താൻ ചിത്രം മോഷ്ടിച്ചതെന്ന് പെറുഗ്ഗിയ വാദിച്ചു, കൂടാതെ നെപ്പോളിയനാണ് ഇറ്റാലിയൻ നിധികൾ കൊള്ളയടിക്കാൻ കാരണമെന്ന് കുറ്റപ്പെടുത്തി.
ഇതിനെല്ലാം തുടക്കം തലേദിവസമായിരുന്നു. പെറുഗ്ഗിയ ഓഗസ്റ്റ് 20-ന് ഒരു ഞായറാഴ്ച വൈകുന്നേരം ലൂവ്രെയിൽ എത്തി. ലൂവ്രെയിൽ സുരക്ഷാക്രമീകരണങ്ങൾ അത്ര ശക്തമായിരുന്നില്ല. അയാൾ സ്റ്റോറേജ് ക്ലോസറ്റിലേക്ക് പോവുകയും അടുത്ത രാവിലെ വരെ അവിടെ ഒളിച്ചിരിക്കുകയും ചെയ്തു. രാവിലെ 7.15 ഓടെ മ്യൂസിയത്തിലെ ജീവനക്കാർ ധരിക്കുന്ന അതേ “വെളുത്ത ഏപ്രൺ” ധരിച്ച് പുറത്തിറങ്ങി. മുൻപ് അവിടെ ജോലി ചെയ്തിരുന്നത് കൊണ്ട് തന്നെ അവനൊരു സംശയമുണ്ടായിരുന്നില്ല. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മൊണോലിസയെ എടുത്തു, പക്ഷേ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മൊണോലിസയെ തറയിൽ വെച്ച് വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ലൂവ്രെയിലെ പ്ലംബർ അവിടെയെത്തി, അയാളെ പിടികൂടുന്നതിന് പകരം ഒരു സഹപ്രവർത്തകനായി കണക്കാക്കി വാതിൽ തുറക്കാൻ സഹായിച്ചു. “നന്ദി”. കള്ളൻ വളരെ സൗഹൃദപരമായി പറഞ്ഞു, ഇപ്പോൾ ഏകദേശം 1 ബില്യൺ ഡോളറിൽ കൂടുതൽ വിലമതിക്കുന്ന ആ ചിത്രവുമായി അവൻ അവിടുന്ന് പോയി.
മൊണാലിസ എന്തുകൊണ്ടാണ് ഇത്ര പ്രസിദ്ധയാവാൻ കാരണമെന്ന് ഇപ്പോഴും പലരും ഉന്നയിക്കുന്ന ചോദ്യമാണ്. വാൾട്ടർ ഐസക്‌സൺ പോലുള്ള കലാ ചരിത്രകാരന്മാർ പറയുന്നത് ആളുകൾക്ക് അവളുമായി വൈകാരികമായ അടുപ്പമുണ്ടെന്ന് തോന്നുന്നു എന്നാണ്. അവളുടെ നിഗൂഢമായ പുഞ്ചിരിയും നമ്മെ പിന്തുടരുന്ന പോലെ തോന്നിക്കുന്ന കണ്ണുകളും ആണെന്നാണ്. അതിനുപുറമെ, അവളുടെ സ്വപ്‌നങ്ങൾ നിറഞ്ഞ കുന്നുകളുള്ള പശ്ചാത്തലം ഇന്നും ഒരുപാട് ചർച്ചകൾക്ക് വഴി തെളിയിക്കുന്നു. അവളുടെ പിന്നിലുള്ള പാലം ഇറ്റലിയിലെ അരെസോയിലാണെന്ന് ചിലർ പറയുന്നു, മറ്റുചിലർ ലിയോനാർഡോ ഒരിക്കൽ ജോലി ചെയ്തിരുന്ന കോമോ തടാകവുമായി ഈ കാഴ്ചകൾക്ക് സാമ്യമുണ്ടെന്ന് വാദിക്കുന്നു.
അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ മൊണോലിസ എപ്പോഴും ഒരു സൂപ്പർസ്റ്റാർ ആയിരുന്നില്ല എന്നതാണ്. ലൂവ്രെ 1804-ൽ ഈ ചിത്രം സ്വന്തമാക്കി, എന്നാൽ 1911-ൽ ഇത് മോഷണം പോകുന്നതുവരെ വലിയ ജനശ്രദ്ധ ലഭിച്ചിരുന്നില്ല. പത്രങ്ങൾ ഒന്നാം പേജിൽ മോഷണ വാർത്ത റിപ്പോർട്ട് ചെയ്തതോടെ, ചിത്രം കാണാതായ ഭിത്തി കാണാൻ പോലും ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങി. തിരിച്ചുകിട്ടിയപ്പോൾ ലക്ഷക്കണക്കിന് ആളുകൾ അവളെ കാണാൻ എത്തി.
അതിനു ശേഷം മൊണാലിസ ഒരു ഗ്ലോബൽ ഐക്കൺ ആയി. മാർസെൽ ഡുചാംപ് മുതൽ ആൻഡി വാർഹോൾ വരെ അനവധി കലാകാരന്മാർ അവളെ വ്യത്യസ്ത രൂപങ്ങളിൽ പുനർനിർമ്മിച്ചു. പരസ്യങ്ങളിൽ, പോപ്പ് കൾച്ചറിലൊക്കെ അവളുടെ മുഖം നിറഞ്ഞു. ഇന്ന് അവൾ ഒരു ചിത്രമെന്നതിനപ്പുറം, ഒരു സാംസ്കാരിക പ്രതിഭാസവും, കാലാതീതമായ പ്രചോദനവും ആണ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്നും അവൾ ആകർഷിപ്പിക്കുന്നു. അതുകൊണ്ടാണ് മൊണാലിസ എപ്പോഴും സ്പെഷലായി നിൽക്കുന്നത്.