ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇറ്റലിയില്‍ നിന്നുള്ള സറാ എറാനി-ആന്‍ഡ്രിയ വാവസോറി സഖ്യം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ വനിതാ സിംഗിള്‍സിലെ സൂപ്പര്‍ താരം ഇഗാ സ്വായിടെക്ക്, പുരുഷ ടെന്നിസ് റാങ്കിങ് 13-ാം സ്ഥാനത്തുള്ള കാസ്പര്‍ റൂഡ് എന്നിവരടങ്ങുന്ന സഖ്യത്തെയാണ് ഇറ്റാലിയന്‍ മകിസഡ് ടീം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 5-7, 10-6നായിരുന്നു എറാനി-വാവസൊറി സഖ്യത്തിന്റെ ഫൈനല്‍ വിജയം.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മിക്‌സഡ് ഡബിള്‍സ് മത്സരം നേരത്തെ പൂര്‍ത്തിയാക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഞായറാഴ്‌ച്ച മുതലാണ് മറ്റ് യുഎസ് ഓപ്പണ്‍ മത്സരങ്ങള്‍ തുടങ്ങുക. പുരുഷ, വനിതാ സിംഗിള്‍സിനായുള്ള യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന സമയംകൊണ്ട് 16 ടീമുകള്‍ അണിനിരക്കുന്ന മിക്‌സഡ് ഡബിള്‍സ് രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കുന്ന വിധത്തിലായിരുന്നു ഇത്തവണത്തെ ടൂര്‍ണമെന്റ് ഘടന. ഒരു ദശലക്ഷം ഡോളര്‍ ആണ് മിക്‌സഡ് ഡബിള്‍സ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക.
പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി പോരാട്ടങ്ങളില്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് എറാനി-വാവസൊറി സഖ്യം മുന്നേറിക്കൊണ്ടിരുന്നത്. മിക്‌സഡ് ഡബിള്‍സിലെ സെമി പോരാട്ടങ്ങളും ഇന്നലെയാണ് നടന്നത്. സെമിയില്‍ ഇഗാ-റൂഡ് സഖ്യം ജാക്ക് ഡ്രേപ്പര്‍-ജെസിക്ക പെഗ്യൂല സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. അമേരിക്കന്‍ താരങ്ങളായ ഡാനിയേല്ലി കോളിന്‍സ്-ക്രിസ്റ്റിയന്‍ ഹാരിസന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് സറാ എറാനി-ആന്‍ഡ്രിയ വാവസൊറി സഖ്യം ഫൈനലിലേക്ക് കുതിച്ചത്.