തൃശൂർ: എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശിയായ ഷിജിലാൽ (ഇരുമുട്ടിത്തറ വീട്ടിൽ ഷിജിലാൽ) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂരിലെ ഒരു കഞ്ഞിക്കട ഉടമയിൽ നിന്ന് 33,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ എറണാകുളത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ കീത്തോളിയിൽ കഞ്ഞിക്കട നടത്തുന്ന സ്ത്രീയുടെ കടയിലെ സ്ഥിരം സന്ദർശകനായിരുന്നു ഷിജിലാൽ. ഇയാൾ സ്വയം ഒരു എക്സൈസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി. കടയിലെ ആവശ്യങ്ങൾക്കായി ഒരു പഴയ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന കാര്യം ഈ സ്ത്രീ ഷിജിലാലുമായി പങ്കുവെച്ചു. തന്റെ സഹോദരന് എറണാകുളത്ത് മൊബൈൽ ഷോപ്പ് ഉണ്ടെന്നും, അവിടെ നിന്ന് തവണകളായി പണമടയ്ക്കാവുന്ന രീതിയിൽ ഫോൺ വാങ്ങി നൽകാമെന്നും ഷിജിലാൽ അവരെ വിശ്വസിപ്പിച്ചു.
ALSO READ: വ്യാജ ഡോക്ടർ ചമഞ്ഞ് ഒളിവിലിരുന്നു; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍
ഈ ഉറപ്പിൽ, ഓഗസ്റ്റ് 14-ന് ഫോണിന്റെ ആദ്യ ഗഡുവായി 2000 രൂപ ഇവർ ഷിജിലാലിന് നൽകി. പിന്നീട്, ഓഗസ്റ്റ് 16-ന് രാവിലെ വീണ്ടും കടയിലെത്തിയ ഷിജിലാൽ, അത്യാവശ്യത്തിന് 1000 രൂപ കൂടി ആവശ്യപ്പെട്ടു. തിരക്കിലായിരുന്നതിനാലും കയ്യിൽ പണമില്ലാത്തതിനാലും സ്ത്രീ തന്റെ എ.ടി.എം. കാർഡ് ഷിജിലാലിന് നൽകി. ഇയാൾ 1200 രൂപ പിൻവലിച്ച് കാർഡ് തിരികെ നൽകി.
വൈകുന്നേരം വീണ്ടും കടയിലെത്തിയ ഷിജിലാൽ, അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചെന്നും അത് പിൻവലിച്ചു നൽകിയാൽ നേരത്തെ വാങ്ങിയ പണം തിരികെ നൽകാമെന്നും പറഞ്ഞു. കൊടുങ്ങല്ലൂരിലേക്ക് പോകാൻ തിരക്കിട്ടതിനാൽ വീണ്ടും എ.ടി.എം. കാർഡ് കൈമാറി ഇവർ യാത്രയായി.
പിന്നീട് ഷിജിലാലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്ത്രീ മകനെ വിളിച്ച് ഗൂഗിൾ പേ ബാലൻസ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് അക്കൗണ്ടിൽ നിന്ന് 31,000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് ഷിജിലാലിനെ വിളിച്ചപ്പോൾ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ ഇവർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയത്. പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു തട്ടിപ്പ് കേസിലും, മദ്യപിച്ച് വാഹനമോടിച്ചതിന് മൂന്ന് കേസുകളിലും ഷിജിലാൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
The post എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ appeared first on Express Kerala.