
ഒരിക്കൽ നടന്ന ഒരു ഉച്ചഭക്ഷണസമ്മേളനത്തിൽ Gen Z തലമുറയിലെ ഒരാളോടൊപ്പം ഇരിക്കുമ്പോൾ, അവൾ ഫോൺ സ്‌ക്രീനിൽ മുഴുകിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മുഖത്ത് പല വികാരങ്ങൾ മിന്നിമറയുന്നത് കണ്ടപ്പോൾ, ജിജ്ഞാസ സഹിക്കാനാകാതെ ഞാൻ ചോദിച്ചു:
“Gen Z-ക്കാർ സാധാരണയായി എന്താണ് സംസാരിക്കുന്നത്?”
ചില നിമിഷങ്ങൾ ചിന്തിച്ച ശേഷം അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി “ബന്ധങ്ങളെക്കുറിച്ച്. ജോലിസ്ഥലത്തെ രീതികളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, ആളുകളെക്കുറിച്ച് ശരിക്കും പറഞ്ഞാൽ എല്ലാം.”
ആശ്വാസമായി. വിഷയം സ്റ്റാൻലി കപ്പുകളോ പുതിയ ഇൻ്റർനെറ്റ് മീംസുകളോ അല്ലെന്ന് മനസ്സിലാക്കി. എന്നാൽ വീണ്ടും ചോദിക്കാതെ ഞാൻ വിട്ടില്ല:
” ബന്ധങ്ങളെക്കുറിച്ചോ? “
അപ്പോഴാണ് അവൾ തുറന്നുപറഞ്ഞത്
“എൻ്റെ തലമുറയ്ക്ക് പ്രണയത്തിൽ തൃപ്തിയില്ല. ഒരാളുമായി സീരിയസ് ബന്ധത്തിൽ ഏർപ്പെടാൻ ശെരിക്കും പേടിയാണ്. ഭാവിയെക്കുറിച്ച് വലിയ വാഗ്ദാനങ്ങൾ പറയേണ്ടി വരുമെന്ന ഭയമാണ്. എല്ലാവർക്കും പ്രണയം വേണമെങ്കിലും, അതിന് പിന്നാലെയുള്ള ഉത്തരവാദിത്വം വേണ്ടെന്നതാണ് യാഥാർത്ഥ്യം.”
മനശ്ശാസ്ത്രജ്ഞ ഡോ. രചന കെ. സിംഗ് പറയുന്നത് പോലെ, ഇന്നത്തെ കുട്ടികളുടെ ബന്ധങ്ങളാണ് മാതാപിതാക്കൾക്ക് ഏറ്റവും വലിയ ആശങ്ക. “ചെറിയ പ്രശ്നങ്ങൾ പോലും വന്നാൽ അവർ ബന്ധം ഉപേക്ഷിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന മനോഭാവം ഇല്ലാതാകുന്നു. ഇത് അപകടകരമായ പ്രവണതയായി മാറുന്നു.”
അതേസമയം, മില്ലേനിയൽസിന്റെയും ബൂമേഴ്സിന്റെയും കാലത്ത് ബന്ധങ്ങൾ അത്ര ഗ്ലാമറസായിരുന്നില്ലെങ്കിലും സ്ഥിരതയുണ്ടായിരുന്നു. അവർക്കു പ്രശ്നങ്ങൾ വന്നാലും അത് പരിഹരിക്കാനുള്ള മനസ്സുണ്ടായിരുന്നു. ബന്ധം ഉപേക്ഷിക്കാനുള്ളതല്ല, വളർത്താനുള്ളതാണെന്ന ധാരണയും ഉണ്ടായിരുന്നു.
പി.ആർ. എക്സിക്യൂട്ടീവ് ഷിപ്ര കുമാരി പറയുന്നത്, ഇന്നത്തെ പ്രണയം കണ്ടെത്തൽ കൂടുതൽ ബുദ്ധിമുട്ടാണ്. വിശ്വാസ കുറവ്, സോഷ്യൽ മീഡിയയിലെ കുഴപ്പങ്ങൾ ഇവയെല്ലാം ബന്ധത്തിന്റെ തുടക്കത്തിലേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
“Gen Z-ക്ക് ആവശ്യമുള്ളത് ബന്ധത്തിലെ സുരക്ഷിതത്വവും പ്രതിബദ്ധതയുമാണ്, പക്ഷേ ഒരു ബന്ധനത്തിൽ കുടുങ്ങിപ്പോകാൻ ആഗ്രഹമില്ല. അതുകൊണ്ട് തന്നെയാണ് അവർ പെട്ടെന്ന് റിലേഷൻഷിപ്പിലേക്ക് അതുപോലെ ബന്ധം ശരിയാവിലെന്ന് തോന്നുമ്പോൾ പെട്ടെന്ന് തന്നെ മാറിനിൽക്കുകയും ചെയ്യുന്നത്.”
ഡേറ്റിങ് ആപ്പുകൾ, ഗോസ്റ്റിങ്, സിറ്റുവേഷൻഷിപ്പ് എല്ലാം കൂടി ഇന്നത്തെ ബന്ധങ്ങളെ പാതിയാവുമ്പോഴേക്കും നിർത്താനുള്ള സിഗ്നൽ തരുന്നു. പേരില്ലാത്ത ബന്ധങ്ങൾ തുടങ്ങുകയും, നിർവചിക്കപ്പെടാതെ തന്നെ അവസാനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരുപാട് അനുഭവത്തിലൂടെയുമാണ് ഇന്ന് ഒരോ Gen Z യും കടന്ന് പോവുന്നത്.
എങ്കിലും, പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. Gen Z-ക്കാർ പ്രണയം വേണ്ടെന്നൊന്നും വെച്ചിട്ടില്ല. പക്ഷേ അവരുടെ ജീവിതശൈലിക്കും സ്വാതന്ത്ര്യത്തിനും അനുയോജ്യമായ രീതിയിൽ പ്രണയത്തെ അവർ പുനർനിർവചിക്കുന്നു. അവരുടേതായ ഇഷ്ടങ്ങളെ താല്പര്യങ്ങളെ അതിലേക്ക് കൂട്ടി ചേർക്കുന്നു എന്ന് മാത്രം.
അവർക്ക് ലൈഫിലേക്ക് വരാൻ ഒരാളുണ്ടാകണം, പക്ഷേ അത് അവരുടെ സ്വാതന്ത്ര്യത്തെ ചുരുക്കുന്ന രീതിയിലാകരുത്. അവർക്ക് തീവ്രമായ സ്നേഹം വേണം, എന്നാൽ ഒരേ സമയം വ്യക്തിപരമായ ഇടവും വേണം. പരസ്പരമുള്ള വിശ്വാസം വേണം എന്നാലത് വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നതാവരുത്.
അതിനാൽ Gen Z-യുടെ പ്രണയം മില്ലേനിയൽസിന്റെയോ ബൂമേഴ്സിന്റെയോ പ്രണയത്തേക്കാൾ എളുപ്പമോ ബുദ്ധിമുട്ടോ ആയിരിക്കില്ല. അത് അൽപ്പം വ്യത്യസ്തമായിരിക്കും എന്നേയുള്ളൂ. ഒരു തലമുറയുടെ ജീവിത രീതികളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രണയസംസ്കാരമാണ് അവർ രൂപപ്പെടുത്തുന്നത്, സ്വാതന്ത്ര്യവും സ്നേഹവും തമ്മിൽ ബാലൻസ് കണ്ടെത്താനുള്ള ഒരു പുതുവഴി.