
പഴമയും ആധുനികതയും ഇഴചേര്‍ന്ന് ത്രസിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ കേന്ദ്രമാണ് ചെന്നൈ. ആധുനിക വിനോദ അവസരങ്ങള്‍ക്കൊപ്പം ചരിത്ര സാസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ചെന്നൈ യാത്ര വഴിയൊരുക്കും. ഇതാ 6 ഇന്‍ഡോര്‍ ആസ്വാദനങ്ങള്‍.
- വിജിപി സ്നോ കിങ്ഡം
ഇന്‍ഡോര്‍ മഞ്ഞ് ആസ്വദിക്കാനുള്ള കേന്ദ്രമാണിത്. കുട്ടികളെ സംബന്ധിച്ച് ഏറെ അതിശയകരവും ആകര്‍ഷകവുമായിരിക്കും ഇവിടുത്തെ സന്ദര്‍ശനം. മുതിര്‍ന്നവരെ സംബന്ധിച്ചും മികച്ച സമയവും അനുഭവവും സൃഷ്ടിക്കാന്‍ സ്നോ കിങ്ഡം സഹായിക്കും. ചെന്നൈ യാത്രയില്‍ അത്രമേല്‍ മനോഹരമായ അനുഭവമായിരിക്കും ഇത് ഏവര്‍ക്കും സമ്മാനിക്കുക.
- ഫോര്‍ട്ട് സെന്റ് ജോര്‍ജ്
തമിഴ്നാട്ടിലെ കൊളോണിയല്‍ വാഴ്ചയുടെ പ്രതീകസ്തംഭമാണ് സെന്റ് ജോര്‍ജ് കോട്ട. ഇവിടം സന്ദര്‍ശിച്ച് ചരിത്രത്തിലേക്ക് ഊളിയിടാം. 1639ല്‍ സ്ഥാപിതമായ ഇത് ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് കോട്ടയാണ്. ദക്ഷിണേന്ത്യയില്‍, മദ്രാസ് പ്രസിഡന്‍സി ആയിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ പ്രധാന കേന്ദ്രം. അതിനാല്‍ തന്നെ തമിഴ്നാടിന്റെ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു തവണയെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണിത്.
- ചെന്നൈ മ്യൂസിയം
6 കെട്ടിടങ്ങളിലും 46 ഗാലറികളിലുമായി കല, പുരാവസ്തു, പ്രകൃതി, ചരിത്രം എന്നിവയിലധിഷ്ഠിതമായ അടയാളപ്പെടുത്തലുകളും ശേഷിപ്പുകളും കാണാനാകാം. അത്രമേല്‍ ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളുടെ അത്യപൂര്‍വ ശേഖരമാണ് മ്യൂസിയം നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. തമിഴ്നാടിന്റെ ചരിത്ര-സാംസ്‌കാരിക ഏടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് ഇത് ഉപകാരപ്രദമാകും.
- എക്സ്പ്രസ് അവന്യു മാള്‍
ചെന്നൈയുടെ ആധുനികത്തുടിപ്പുകള്‍ തൊട്ടറിയാന്‍ എക്സ്പ്രസ് അവന്യു മാള്‍ സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കും. ഇവിടെ ഷോപ്പിങ് ആസ്വദിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യാം. കുട്ടികള്‍ക്കായുള്ള പലവിധ വിനോദങ്ങളും ഇവിടെയുണ്ട്. തിയേറ്ററുകളും വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ ലഭ്യമാകുന്ന റസ്റ്റോറന്റുകളും മുഖ്യ ആകര്‍ഷണങ്ങളുമാണ്.
- അണ്ണാ സെന്റിനറി ലൈബ്രറി
പുസ്തകപ്രേമികള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാന്‍ പറ്റിയ അറിവിന്റെ കേന്ദ്രമാണിത്. ആയിരക്കണക്കിന് പുസ്തകങ്ങള്‍ നിങ്ങളെ ഇവിടെ മാടിവിളിക്കുന്നു. സാഹിത്യ കൃതികളും വൈജ്ഞാനിക ഗ്രന്ഥങ്ങളുമെല്ലാം ഇവിടെ ഭംഗിയോടെയും സൗകര്യപ്രദമായും സജ്ജീകരിച്ചിട്ടുണ്ട്.
- കലാക്ഷേത്ര ഫൗണ്ടേഷന്‍
ഭരതനാട്യം, സംഗീതം, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ കലകളുടെയും കരകൗശലങ്ങളുടെയും ലോകത്ത് മുഴുകാന്‍ കലാക്ഷേത്ര ഫൗണ്ടേഷന്‍ അവസരമൊരുക്കുന്നു. തമിഴ്നാടിന്റെ കലാചരിത്രത്തിലേക്ക് കൈപിടിച്ചുനടത്തുന്ന ഇടവുമാണിത്. പലവിധ കലകളുടെ പരിപോഷണത്തിനായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.