
മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണം ഇതാ എത്തിയിരിക്കുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 26 ന് അത്തം ആഘോഷങ്ങളോടെ തുടങ്ങി കഴിഞ്ഞു. അസുര ചക്രവർത്തിയായ മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദർശിക്കാൻ വരുന്ന ദിവസമാണ് തിരുവോണമെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവോണ ദിവസം തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്ന മഹാബലിയെ സ്വാഗതം ചെയ്യാൻ പൂക്കളം ഒരുക്കുന്നു എന്നാണ് ഐതിഹ്യം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചും ഈ വർഷത്തെ ഓണദിനങ്ങളെക്കുറിച്ചും അറിയാം.
2025 ലെ ഓണം
ഈ വർഷത്തെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെയാണ്. അത്തം ദിവസം 26 ആയിരുന്നു. അപ്പോഴാണ് പൂക്കളം ആരംഭിക്കുന്നത്. പ്രധാന ആഘോഷങ്ങൾ 4 ,5, 6, 7 തീയതികളിലായിരിക്കും. ഒന്നാം ഓണം സെപ്റ്റംബർ 4 വ്യാഴാഴ്ച ഉത്രാട ദിനത്തിൽ ആണ്. അഞ്ചാം തീയതി വെള്ളിയാഴ്ചയാണ് രണ്ടാം ഓണമായ തിരുവോണം. മൂന്നാം ഓണമായ അവിട്ടം ആറാം തീയതിയായ ശനിയാഴ്ചയും, നാലാം ഓണമായ ചതയം ഏഴാം തീയതി ഞായറാഴ്ചയും ആണ്.
ഓണത്തിന്റെ ഐതീഹ്യം
മഹാബലി എന്ന അസുര രാജാവ് ആയിരുന്നു കേരളം ഭരിച്ചിരുന്നത്. അദ്ദേഹം ജ്ഞാനിയും ദയാലുവും വിവേകിയുമായ ഒരു ഭരണാധികാരിയായിരുന്നു. മഹാബലിയുടെ പ്രശസ്തിയിൽ ഭയന്ന ദേവന്മാർ ദേവ മാതാവായ അദിതി ദേവിയോട് ദുഃഖം അറിയിച്ചു. ഒരിക്കൽ, താൻ സ്രഷ്ടാവിനേക്കാൾ ഉയർന്നവനാണെന്ന് മഹാബലിക്ക് തോന്നി. ഈ സമയത്ത് ആണ് അദിതിയുടെയും കശ്യപന്റെയും മകനായി ഭഗവാൻ വിഷ്ണു ജനിച്ചത്.
ഒരു ദിവസം, വിഷ്ണു വാമനന്റെ രൂപത്തിൽ മഹാബലിയുടെ യാഗഭൂമിയിൽ എത്തി തപസ്സുചെയ്യാൻ മൂന്നടി മണ്ണ് ചോദിച്ചു. ആദ്യ അടിയായി പാതാളവും രണ്ടാമത്തെ അടിയായി ഭൂമിയും അദ്ദേഹം അളന്നു. മൂന്നാമത്തെ അടി അളക്കാൻ സ്ഥലമില്ലാതായപ്പോൾ, മഹാബലി വാമനന്റെ മുന്നിൽ തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു. അങ്ങനെ മഹാബലി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടു. ഇതിനിടയിൽ വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ മഹാബലി വാമനനോട് അനുവാദം ചോദിച്ചു. ഭഗവാൻ വിഷ്ണു അത് സമ്മതിച്ചു. അങ്ങനെ, എല്ലാ വർഷവും, മഹാബലി തന്റെ പ്രജകളെ കാണാൻ കേരളത്തിൽ വരുന്ന ദിവസമാണ് ഓണം.
ആഘോഷവും പ്രാധാന്യവും
കേരളത്തിൽ, ഓണം ഒരു വിളവെടുപ്പ് ഉത്സവം കൂടിയാണ്. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിവസം വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നത്. ഓണം പൂക്കളം, രുചികരമായ ഓണം സദ്യ, തിരുവാതിര കളി, വള്ളംകളി എന്നിവയെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണ്.
തിരുവോണനാളിൽ
തിരുവോണനാളിലെ ഏറ്റവും പ്രാധാന്യമുള്ളതാണ് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്ന ചടങ്ങ്. വാമനന്റെ കാൽപ്പാടുകൾ പതിഞ്ഞ ഭൂമി എന്നർത്ഥം വരുന്നതിനാലാണ് ‘തൃക്കാക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് തൃക്കാക്കര. തിരുവോണനാളിൽ കുട്ടികൾക്കും മുതിർന്നവർക്കും പുതുവസ്ത്രങ്ങൾ നൽകുന്ന ഒരു ചടങ്ങുണ്ട്. ഈ ദിവസത്തെ മറ്റൊരു ആകർഷണം നിരവധി വിഭവങ്ങളുള്ള ഓണസദ്യയാണ്.
ഓണസദ്യ
തിരുവോണനാളിൽ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യയാണിത്. വാഴയിലയിൽ ആണ് ഓണസദ്യ വിളമ്പുന്നത്. ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്. അവിയലും സാമ്പാറും പിന്നീട് വന്നവ ആണ്. മിക്ക സമ്പന്ന കുടുംബങ്ങളും ഓണസദ്യയ്ക്കായി ഒമ്പത് മുതൽ പതിനൊന്ന് വരെ വിഭവങ്ങൾ തയ്യാറാക്കുന്നു. റെസ്റ്റോറന്റുകളിൽ 30 വിഭവങ്ങൾ വരെ വിളമ്പുന്നു.
പുലിക്കളി
ഓണാഘോഷങ്ങളുടെ ഭാഗമായി പുലിക്കളി അവതരിപ്പിക്കുന്നത്. ഏകദേശം ഇരുനൂറ് വർഷത്തെ പാരമ്പര്യമുണ്ട് പുലിക്കളിക്ക്. രാമവർമ്മ രാജാവിന്റെ ഭരണകാലത്ത്, മുസ്ലീം പട്ടാളക്കാർ മുഹറം ആഘോഷത്തിന്റെ ഭാഗമായി ‘പുലിക്കട്ടികളി’ അവതരിപ്പിച്ചു. ഈ ആഘോഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേക താളവും ചുവടുകളുമായാണ് പുലിക്കളി അവതരിപ്പിക്കുന്നത്. ഓണക്കാലത്ത്, തൃശ്ശൂരിന്റെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഈ ദിവസം സ്വരാജ് ഗ്രൗണ്ടിൽ എത്തി പുലിക്കളി അവതരിപ്പിക്കുന്നു.
ഉത്രട്ടാതി വള്ളംകളി
ഓണാഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് വള്ളംകളി. പുരാതന കാലം മുതൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു വള്ളംകളിയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളി നടക്കുന്നത്.